സാബു
അഞ്ചല്‍ : കളിയാക്കിയതിന്റെ പേരില്‍ അയല്‍വാസിയായ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് 10 വര്‍ഷവും ഒരു മാസവും തടവും 35,500 രൂപ പിഴയും ശിക്ഷ വിധിച്ചു.
കൊട്ടാരക്കര അസിസ്റ്റന്റ് സെഷന്‍സ് കോടതി ജഡ്ജി എ. ഷാനവാസാണ് ശിക്ഷ വിധിച്ചത്. ചടയമംഗലം കുരിയോട് ചെരുവിള പുത്തന്‍വീട്ടില്‍ സാബു (46) ആണ് ശിക്ഷിക്കപ്പെട്ടത്.
പിഴ ഈടാക്കിയില്ലങ്കില് പ്രതി നാലുവര്‍ഷം കൂടി അധിക തടവ് അനുഭവിക്കേണ്ടതും പിഴ ഒടുക്കിയാല്‍ അത് പരാതിക്കാരന് നല്‍കാനും കോടതി ഉത്തരവില്‍ പറയുന്നു
2019 മാര്‍ച്ച് 17ന് രാത്രി 7.30-ഓടെ ചടയമംഗലം കുരിയോട് ജംഗ്ഷന് സമീപമായിരുന്നു സംഭവം. സുഹൃത്തുക്കളോടൊപ്പം മൊബൈല്‍ ഫോണില്‍ ഗെയിം കളിച്ചുകൊണ്ടിരുന്ന പരാതിക്കാരനെ മൂന്ന് പ്രതികള്‍ ആയുധങ്ങളുമായി ആക്രമിക്കാനെത്തുകയായിരുന്നു. ഭയന്നോടുന്നതിനിടെ വീണ പരാതിക്കാരനെ പ്രതികള്‍ ആയുധങ്ങളുപയോഗിച്ച് ആക്രമിച്ച് തലയോട്ടിക്കും ഇരു കൈകളിലെയും കാലിലെയും എല്ലുകള്‍ക്കും പൊട്ടലുകളും മറ്റ് ഗുരുതരമായ പരിക്കുകളും ഏല്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.
കേസിലെ ഒന്നാം പ്രതി രാജീവ് ഇപ്പൊഴും ഒളിവിലാണ്. രണ്ടാം പ്രതി വിചാരണക്കിടെ മരിച്ചു. മൂന്നാം പ്രതിയായ സാബുവിനാണ് ഇപ്പോള്‍ ശിക്ഷ ലഭിച്ചത്.
സംഭവസമയത്ത് ചടയമംഗലം പൊലിസ് സ്റ്റേഷന് സബ് ഇന്‍സ്പെക്ടറായിരുന്ന അഷ്റഫാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. അന്നത്തെ പൊലിസ് ഇന്‍സ്പെക്ടര്‍ കെ. എല്‍. നിഷാന്ത് പ്രാഥമിക അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തു. തുടര്‍ന്ന് ചടയമംഗലം പൊലിസ് ഇന്‍സ്പെക്ടറായിരുന്ന സജു എസ്. ദാസ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി വെളിയം കെ. ഷാജി ഹാജരായി.
Tags : Case of attempted murder of a neighbor Case NattuVishesham DistrictNews