പാലാ: കടുത്ത വേനലില്‍ പതിവില്ലാത്തവിധം ക്ഷീരമേഖല വന്‍ പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. പാല് ഉത്പാദനം കുറഞ്ഞു. ജലദൗര്‍ലഭ്യവും പച്ചപ്പുല്ലിന്റെ ലഭ്യതക്കുറവും കാരണം പശു പരിപാലനം ബുദ്ധിമുട്ടിലായി. പശുവിനെ കുളിപ്പിക്കാനും കുടിക്കാന്‍ നല്‍കാനും വെള്ളം ഇല്ലാത്ത സാഹചര്യമാണ്. പാല് ഉത്പാദനം ഗണ്യമായി കുറഞ്ഞതിനാല്‍ ആ വഴിക്കുള്ള വരുമാനവും കുറഞ്ഞു.
ചൂടില്‍ കറവപ്പശുക്കള്‍ക്കു രോഗബാധ ഉണ്ടാകുന്നതും കര്‍ഷകരെ വലയ്ക്കുന്നുണ്ട്. സാഹചര്യം പ്രതികൂലമായതോടെ പശുക്കളെ വില്‍ക്കേണ്ട അവസ്ഥയിലേക്ക് ക്ഷീരകര്‍ഷകര്‍ എത്തുന്നു.
വേനല്‍ക്കാലത്തെ പ്രതിസന്ധിക്കു പരിഹാരം കാണാന്‍ ക്ഷീരമേഖലയ്ക്ക് ആശ്വാസപദ്ധതികള്‍ അടിയന്തരമായി നടപ്പാക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
ക്ഷീര കര്‍ഷകര്‍ക്ക് ഇന്നത്തെ കാലത്ത് ഒരു വിധത്തിലും മുന്നോട്ടു പോകാന്‍ സാധിക്കില്ല. കാലിത്തീറ്റയുടെ വിലവര്‍ധനവും പാലിന്റെ വിലക്കുറവും വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. സമരം ചെയ്താല്‍ മാത്രമാണ് സബ്സിഡി ലഭിക്കുന്നത്. ഗുളിക കലര്‍ത്തി വില്‍ക്കുന്ന കള്ളിന് ലിറ്ററിന് നൂറു രൂപയിലധികം വിലയുള്ളപ്പോള്‍ പാലിന് 45 രൂപയാണുള്ളത്.
ബേബി സ്കറിയ കടനാട്
കൊല്ലപ്പള്ളി ക്ഷീര കര്‍ഷക സംഘം പ്രസിഡന്റ്
Tags : Dairy farmers nattuvishesham local news