നിലന്പൂർ: കോഴിപ്പാറ ഇക്കോ ടൂറിസം കേന്ദ്രത്തിൽനിന്ന് രണ്ട് വർഷത്തിനിടെ വനംവകുപ്പിന് വരുമാനം 77.5 ലക്ഷം രൂപ.
കോഴിപ്പാറ ജല ടൂറിസം കേന്ദ്രം പ്രാദേശിക വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി മാറിയതോടെയാണ് വരുമാനത്തിലും വർധനവുണ്ടായത്. മലപ്പുറം-കോഴിക്കോട് ജില്ലകളുടെ അതിർത്തി പ്രദേശമായ വാളംതോട്ടിലാണ് കോഴിപ്പാറ ജല ടൂറിസം കേന്ദ്രം.
2024ൽ 38 ലക്ഷം രൂപയും 2025ൽ 39.5 ലക്ഷം രൂപയുമാണ് വിനോദസഞ്ചാരികളുടെ പ്രവേശന ഫീസ് കോഴിപ്പാറനിന്നു മാത്രം വനം വകുപ്പിന് ലഭിച്ചത്. മുതിർന്നവർക്ക് പ്രവേശനത്തിന് 40 രൂപയും കുട്ടികൾക്ക് 15 രൂപയുമാണിവിടെ.
പന്തീരായിരം ഉൾവനത്തിലെ വെള്ളരിമലയിൽനിന്ന് ഉത്ഭവിച്ച് വനത്തിലെ പാറക്കെട്ടുകൾക്കിടയിലൂടെ ഒഴുകിയെത്തുന്ന കുറുവൻപുഴയിലെ വാളംതോട് കോഴിപ്പാറയിൽ എത്തുന്പോൾ 200 മീറ്ററോളം താഴേക്ക് കുത്തനെ പതിക്കുന്നത് മനോഹര കാഴ്ചയാണ്. ഇതാണ് സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നത്.
പഴശി രാജ ഒളിവിൽ കഴിഞ്ഞിരുന്നുവെന്ന് വിശ്വസിക്കുന്ന നായാടംപൊയിലിലെ പഴശി ഗുഹയിലേക്ക് ജീപ്പ് ട്രക്കിംഗും വനംവകുപ്പ് ഒരുക്കിയിട്ടുണ്ട്.വാട്ടർ തീം പാർക്ക് ഉൾപ്പെടെ വിനോദ സംവിധാനങ്ങൾ വാളംതോട്ടിലുണ്ട്. നൂറോളം റിസോർട്ടുകളും ഈ മേഖലയിലുണ്ട്.
Tags : nattu vishesham Kozhipara Eco-Tourism