യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മന്ത്രി സി.പി. ജോണിനെ നേരില്‍ക്കണ്ട് നിവേദനം നല്കുന്നു.
മഞ്ചേരി: പൊതുഗതാഗത സൗകര്യം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി തൃക്കലങ്ങോട്-വണ്ടൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് പുതിയ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മന്ത്രി സി.പി. ജോണിന് നിവേദനം നല്കി.
തൃക്കലങ്ങോട് മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സി.കെ. ഷാജഹാന്, മഞ്ചേരി ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി പി.ടി. ലത്തീഫ് എന്നിവരാണ് മന്ത്രിയെ നേരില്‍ക്കണ്ട് നിവേദനം കൈമാറിയത്.
മഞ്ചേരി-എളങ്കൂര്‍-പെരിന്തല്‍മണ്ണ, മഞ്ചേരി-ചെറുകുളം-വണ്ടൂര്‍ എന്നീ രണ്ട് പുതിയ റൂട്ടുകളില്‍ കെഎസ്ആര്‍ടിസി സര്‍വീസ് ആരംഭിക്കണമെന്നാണ് പ്രധാന ആവശ്യം. നിലവില്‍ ഈ ഗ്രാമപ്രദേശങ്ങളില്‍ മതിയായ ബസ് സൗകര്യമില്ലാത്തതിനാല്‍ വിദ്യാര്‍ഥികള്‍, തൊഴിലാളികള്‍, സ്ത്രീകള്‍, വയോജനങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ കടുത്ത യാത്രാദുരിതം അനുഭവിക്കുന്നതായി നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.
ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാര്‍ക്കാണ് ദുരിതം ഏറെയും. സ്ഥിരം സര്‍വീസുകള്‍ ഇല്ലാത്തതിനാല്‍ സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കേണ്ടി വരുന്നത് സാധാരണക്കാര്‍ക്ക് വലിയ സാമ്പത്തിക ബാധ്യതയാണുണ്ടാക്കുന്നത്.
ഈ റൂട്ടുകളില്‍ സ്ഥിരം കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ആരംഭിക്കുകയോ ഗ്രാമവണ്ടി പദ്ധതിയില്‍ ഉള്‍പ്പെടുത്തി സര്‍വീസ് നടത്തുകയോ ചെയ്താല്‍ ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് ആശ്വാസമാകുമെന്ന് നിവേദനത്തില്‍ വ്യക്തമാക്കി.
Tags : Local News Nattuvishesham Malappuram