പുത്തൂർ: പുത്തൂർ - മാന്ദാമംഗലം റൂട്ടിലെ സ്വകാര്യ ബസുകൾ സർവീസ് നടത്തിയത് സഹപ്രവർത്തകന്റെ ജീവിതവും ജീവനും തിരികെപ്പിടിക്കാൻ. 23 ബസുകളാണ് കാരുണ്യയാത്ര നടത്തിയത്.
ബസ് ജീവനക്കാരനായിരുന്ന പുത്തൂർ പഞ്ചായത്തിലെ പുത്തൻകാട് സ്വദേശി കട്ടക്കത്തൂട്ടിൽ ഷാജു(53)വിനെ സഹായിക്കാനാണ് തൃശൂർ, പുത്തൂർ, മാന്ദാമംഗലം, കോളാംകുണ്ട്, മരോട്ടിച്ചാൽ, ചേരുംകുഴി, ഒല്ലൂർ, പൊന്നൂക്കര എന്നീ റൂട്ടു കളിൽ സർവീസ് നടത്തുന്ന 23 സ്വകാര്യ ബസുകൾ കാരുണ്യ യാത്ര നടത്തിയത്. വൻകുടലിൽ കാൻസർ രോഗം ബാധിച്ച ഷാജു നിലവിൽ ചികിത്സയിലാണ്.
സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ഷാജു. എറണാകുളം ലിസി ആശുപത്രിയിലെ ചികിത്സയ്ക്കായി ഇതിനോടകം വലിയ തുക ചിലവായി. ഇപ്പോൾ ഷാജുവിന്റെ ജീവൻ നിലനിർത്താൻ ഒരു ശസ്ത്രക്രിയ അത്യാവശ്യമാണ്. ശസ്ത്രക്രിയയ്ക്കും തുടർ ചികിത്സയ്ക്കുമായി ലക്ഷങ്ങൾ ആവശ്യമാണ്.
ഷാജുവും ഭാര്യയും രണ്ട് ചെറിയ മക്കളുമടങ്ങുന്ന കുംടുംബം തുടർചികിത്സയ്ക്കായി പണം കണ്ടെത്താനാകാതെ പ്രയാസപ്പെടുന്നു സാഹചര്യത്തിലാണ് ഷാജുവിനെ ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ടുവരാൻ സ്വകാര്യ ബസുകൾ കാരുണ്യയാത്രയുമായി മുന്നോട്ടുവന്നത്. പിരിഞ്ഞുകിട്ടിയ 3,14,453 രൂപ ഷാജുവിന്റെ കുടുംബത്തിന് കൈമാറും.
ഷാജുവിനെ സഹായിക്കാൻ: കേരള ഗ്രാമീൺ ബാങ്കിന്റെ കുട്ടനെല്ലൂർ ബ്രാഞ്ചിലെ ഷാജു ചികിത്സാ സഹായസമിതി എന്ന പേരിലുള്ള A /C NO: 4032 1101 057 1829, IFSC കോഡ്: KLGB 0040 321 എന്ന അക്കൗണ്ടിലേക്ക് സഹായം നൽകാം.
Tags : nattu vishesham Private buses Shaju's aid