അക്ഷയ് ചന്ദ്രൻ
വർക്കല: സ്വർണാഭരണങ്ങൾ വിൽക്കാമെന്ന് വിശ്വസിപ്പിച്ച് 35 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവാവിനെ വർക്കല പൊലിസ് അറസ്റ്റ് ചെയ് തു. വർക്കല പുത്തൻചന്ത മങ്ങാട്ട് ചരുവിള വീട്ടിൽ അക്ഷയ് ചന്ദ്രൻ (31) അറസ്റ്റിലായത്. കല്ലമ്പലം കരവാരം സ്വദേശി സമീറിന്റെ പരാതിയിലാണു നടപടി.
ഭാര്യയുടെ കൈവശമുള്ള 660 ഗ്രാം സ്വർണാഭരണങ്ങൾ വിൽക്കാനുണ്ടെന്നു വിശ്വസിപ്പിച്ചാണ് അക്ഷയ് ചന്ദ്രൻ സമീറിനെ സമീപിച്ചതെന്നാണ് പരാതി. ഓഗസ്റ്റ് 24നു ശേഷമുള്ള രണ്ടു ദിവസങ്ങളിലായി 13.86 ലക്ഷം രൂപ കൈപ്പറ്റിയ അക്ഷയ് ചന്ദ്രൻ പകരമായി 99.5 ഗ്രാം സ്വർണം നൽകി സമീറിന്റെ വിശ്വാസം നേടിയെടുക്കുകയായിരുന്നു. തുടർന്ന് സെപ്റ്റംബർ രണ്ടിനു സമീർ ബിസിനസ് നടത്തുന്ന അടൂരിലെ സ്ഥാപനത്തിന്റെ ഫെഡറൽ ബാങ്ക് അക്കൗണ്ടിൽ നിന്ന് 35 ലക്ഷം രൂപയും സെപ്റ്റംബർ മൂന്നിനു സഹോദരിയുടെ വർക്കല ഗ്രാമീൺ ബാങ്ക് അക്കൗണ്ടിൽനിന്ന് 10 ലക്ഷം രൂപയും അക്ഷയ് ചന്ദ്രന്റെ എസ്ബിഐ ജെറോം നഗർ ശാഖയിലെ അക്കൗണ്ടിലേക്ക് കൈമാറിയതായും വർക്കല എസ്ബിഐ ശാഖയ്ക്ക് മുന്നിൽവച്ച് 9.50 ലക്ഷം രൂപ നേരിട്ടും നൽകിയതാ യും പരാതിയിൽ പറയുന്നു. 54.50 ലക്ഷം രൂപയുടെ ഇടപാടിൽ 19.50 ലക്ഷം രൂപ വിലമതിക്കുന്ന 153 ഗ്രാം സ്വർണം മാത്രമാണ് നൽകിയതെന്നും ശേഷിക്കുന്ന 35 ലക്ഷം രൂപയോ തുല്യമായ സ്വർണമോ നൽകാതെ വഞ്ചിച്ചെന്നുമാണ് എഫ്ഐആർ. സെപ്റ്റംബർ 28ന് കല്ലമ്പലം പൊലിസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. പണം കൈമാറിയ പ്രധാന സംഭവം നടന്നതു വർക്കല പൊലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ കേസ് പിന്നീട് വർക്കലയിലേക്ക് കൈമാറുകയായിരുന്നു. ഒളിവിലായിരുന്ന പ്രതിയെ തമിഴ്നാട്ടിൽ നിന്നാണ് വർക്കല പൊലിസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Tags : Accused arrested. arrested NattuVishesham DistrictNews