Editorial Audio
ട്രെയിനിൽ കുടിവെള്ളമില്ലാത്തതിനാൽ സ്റ്റേഷനിലെത്തുന്പോൾ കുപ്പിയുമായി ഓടുന്ന യാത്രികരെയും ഇന്ത്യൻ റെയിൽവേ ചതിച്ചു. കേരളത്തിലുൾപ്പെടെ പല സ്റ്റേഷനുകളിലെയും കുടിവെള്ളത്തിൽ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയെന്ന് കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സിഎജി) റിപ്പോർട്ട്. ഈ കോളി ബാക്ടീരിയ എത്തുന്നത് പ്രധാനമായും മനുഷ്യവിസർജ്യത്തിൽനിന്നാണെന്ന് സർക്കാരിനും റെയിൽവേയ്ക്കും അറിയാം. പക്ഷേ, അവർ കുടിക്കുന്നത് ഈ വെള്ളമല്ലല്ലോ. ദിവസം മൂന്നുകോടി യാത്രക്കാരെങ്കിലും കയറിയിറങ്ങുന്ന, പ്രതിവർഷം ഏകദേശം 2.75 ലക്ഷം കോടി രൂപ വരുമാനമുള്ള പ്രസ്ഥാനമാണ് ഇത്ര ഉത്തരവാദിത്വമില്ലാതെ പ്രവർത്തിക്കുന്നത്. അവിടെയുമിവിടെയും ആഡംബര ട്രെയിനുകളും സ്റ്റേഷനുകളും ഉദ്ഘാടനം ചെയ്യാനെത്തുന്ന ഭരണ-ഉദ്യോഗ പ്രമാണിമാർ യാത്രക്കാർക്കുള്ള പൈപ്പിൽനിന്നു വെള്ളം കുടിച്ച് ടോയ്ലറ്റിലൊന്ന് ഇരുന്നിട്ടും മടങ്ങട്ടെ. അപ്പോഴറിയും, ഇ കോളി ബാക്ടീരിയ റെയിൽവേ നിർമിത മാലിന്യമലയുടെ ഒരറ്റം മാത്രമാണെന്ന്.
രാജ്യത്തെ നാല് റെയിൽവേ സോണുകളിലെ എട്ട് റെയിൽവേ സ്റ്റേഷനുകളിലുള്ള വാട്ടർ കൂളറുകളിലാണ് ഭക്ഷ്യവിഷബാധ, വയറിളക്കം, വൃക്ക തകരാറുകൾ എന്നിവയ്ക്കു കാരണമായേക്കാവുന്ന ഇ കോളി ബാക്ടീരിയ. ദക്ഷിണ റെയിൽവേയിലെ പാലക്കാട്, കോയമ്പത്തൂർ, സൗത്ത് സെൻട്രലിലെ ഹൈദരാബാദ്, സെൻട്രലിലെ ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ്, ഭിവണ്ടി റോഡ്, കല്യാൺ, ലോനവാല, ഈസ്റ്റേൺ റെയിൽവേയിലെ മധുപുർ എന്നീ സ്റ്റേഷനുകളിലെ വെള്ളത്തിലും ബാക്ടീയ ഉണ്ട്. മറ്റു വൃത്തികേടുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാജ്യത്തുടനീളമുള്ള 512 സബ് അർബൻ ഇതര ഗ്രേഡ് സ്റ്റേഷനുകളിൽ നടത്തിയ പരിശോധനകളിൽ വൃത്തിയുള്ള ടോയ്ലറ്റ് സൗകര്യങ്ങളില്ലെന്നു കണ്ടെത്തി. പരിശോധന നടത്തിയ 512 സ്റ്റേഷനുകളിലെ 458 സ്റ്റേഷനുകളിലും മിനിമം അവശ്യ സൗകര്യങ്ങൾ പോലുമില്ല.
സിഎജി കണ്ടെത്തിയത് റെയിൽവേ സ്റ്റേഷനുകളിലെ സ്ഥിതിയാണ്. പല ട്രെയിനുകളും മാലിന്യവണ്ടികളായി. ടോയ്ലെറ്റുകളിൽ നിവൃത്തിയുണ്ടെങ്കിൽ ആളുകൾ കയറില്ല. ദീർഘദൂര ട്രെയിനുകളിലാണെങ്കിൽ യാത്ര തുടങ്ങി മണിക്കൂറുകൾക്കകം വൃത്തിഹീനമാകും. ജനറൽ കോച്ചുകളിലെ സ്ഥിതി കൂടുതൽ പരിതാപകരമാണ്. ആവശ്യത്തിനു വെള്ളമില്ലാത്തതും ശുചിയാക്കാൻ ആളില്ലാത്തതുമാണ് മുഖ്യകാരണങ്ങൾ. ട്രെയിനിലെ വെള്ളം വായ കഴുകാൻപോലും മിക്ക യാത്രക്കാരും ഉപയോഗിക്കാറില്ല. പ്ലാസ്റ്റിക്കും ഭക്ഷണാവശിഷ്ടങ്ങളും നിക്ഷേപിക്കുന്നതിനുള്ള പാത്രം നിറഞ്ഞുകവിഞ്ഞ് കിടക്കുന്നതും പതിവാണ്. എലി, പാറ്റ, പാന്പ് തുടങ്ങിയവയ്ക്ക് ആവശ്യമുള്ളതെല്ലാം ഒരിടത്തുനിന്നു കിട്ടും. ദീർഘദൂര ട്രെയിനുകളിൽ യാത്രക്കാരുടെ ദുരിതം വലതുകാൽ വച്ചു കയറുന്പോഴേ തുടങ്ങും. ബുക്ക് ചെയ്ത സീറ്റിലെ കൈയേറ്റക്കാർ മിക്കവാറും ഉറക്കത്തിലായിരിക്കും. വിളിച്ചെഴുന്നേൽപ്പിക്കാനാകാത്തത്ര ഉറക്കം! വർഷങ്ങളായുള്ള പരാതിയാണെങ്കിലും റെയിൽവേയും കൂർക്കം വലിച്ചുറങ്ങുകയാണ്. തനിച്ചു യാത്ര ചെയ്യുന്ന സ്ത്രീകളും മുതിർന്നവരുമൊക്കെ പലപ്പോഴും നിന്നു യാത്ര ചെയ്യേണ്ടിവരും. സ്ത്രീകളുടെ സുരക്ഷിതത്വമില്ലായ്മയും മോഷണവും ഗുണ്ടായിസവുമൊക്കെ ഓരോ ദിവസവും വർധിക്കുകയാണ്. സ്വർണവും പണവും മൊബൈൽ ഫോണും മാത്രമല്ല, ഉറങ്ങിയെഴുന്നേൽക്കുന്പോൾ ചെരിപ്പുപോലും കാണില്ല. ടിടിഇയും റെയിൽവേ പോലീസുമൊക്കെ പരന്പരാഗത ആചാരങ്ങളെന്നേയുള്ളൂ.
തീവെട്ടിക്കൊള്ള തുടങ്ങുന്നത് തീവണ്ടിയിലല്ല, ടിക്കറ്റ് ബുക്ക് ചെയ്യുന്നിടത്താണ്. കൺഫേം ചെയ്ത ടിക്കറ്റ് ട്രെയിൻ പുറപ്പെടുന്നതിന് 48 മണിക്കൂർ മുമ്പ് കാൻസൽ ചെയ്താൽപോലും വലിയ പിഴയാണ്. എസി ഫസ്റ്റ് ക്ലാസിന് 240 രൂപയും, എസി സെക്കൻഡിന് 200 രൂപയും, എസി 3-ടയർ/ചെയർ കാറിന് 180 രൂപയും, സ്ലീപ്പറിന് 120 രൂപയും, സെക്കൻഡ് ക്ലാസിന് 60 രൂപയും കുറയ്ക്കും. ഒന്നിലധികം ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ടെങ്കിൽ ഓരോന്നിനും പണം നഷ്ടമാകും. 48 മുതൽ 12 മണിക്കൂർ വരെ ടിക്കറ്റ് തുകയുടെ 25 ശതമാനം. 12 മുതൽ 4 മണിക്കൂർ വരെ (അല്ലെങ്കിൽ ചാർട്ട് തയാറാക്കുന്നത് വരെ) 50 ശതമാനം. അതിനു ശേഷമാണെങ്കിൽ ഒന്നും കിട്ടില്ല. പക്ഷേ, റദ്ദാക്കിയ ടിക്കറ്റ് അപ്പോൾതന്നെ പൂർണനിരക്കിൽ വിറ്റു കാശാക്കുകയും ചെയ്യും. 2019-23 കാലഘട്ടത്തിൽ മാത്രം കാൻസലേഷൻ ചാർജ് ഇനത്തിൽ 6,113 കോടി രൂപ റെയിൽവേ പിടിച്ചെടുത്തു. ഓൺലൈൻ തട്ടിപ്പിനെക്കുറിച്ച് ജാഗ്രത പാലിക്കണമെന്നു പറയുന്ന സർക്കാർ ഇതറിയണം.
കാൻസലേഷൻ കൊള്ള, ട്രെയിനിലെയും സ്റ്റേഷനിലെയും ശുചിത്വമില്ലായ്മ, മോശം ഭക്ഷണം, സുരക്ഷിതത്വമില്ലായ്മ, തിരക്ക്, മോഷണം... ഇപ്പോൾ വിസർജ്യാവശിഷ്ട കുടിവെള്ളവും. ഒന്നും പരിഹരിക്കാനാകാത്തതല്ല. ചുമതലപ്പെട്ടവർക്കു തോന്നിയിട്ടില്ല. ഇ കോളി ബാക്ടീരിയയാണ്; ഈ കെടുകാര്യസ്ഥത മാറാരോഗവും.
Tags : DEEPIKA EDITORIAL