Editorial Audio
കേരളത്തിലെ ക്രൈസ്തവന്യൂനപക്ഷം വെറും പോഴരാണെന്ന മട്ടിലാണ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിനെക്കുറിച്ച് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചതും ഇന്നലെ വാർത്താസമ്മേളനത്തിൽ വിശദീകരിച്ചതും. സംസ്ഥാനത്തെ ക്രൈസ്തവരുടെ വിദ്യാഭ്യാസ-സാമ്പത്തിക പിന്നാക്കാവസ്ഥ, ക്ഷേമം എന്നിവ സംബന്ധിച്ച പ്രശ്നങ്ങൾ പഠിച്ച് 2023 മേയ് 17ന് സമർപ്പിച്ച റിപ്പോർട്ട് പുറത്തുവിടണമെന്നും നടപ്പാക്കണമെന്നും ആവശ്യപ്പെടാൻ തുടങ്ങിയിട്ട് രണ്ടര വർഷത്തിലേറെയായി. സർക്കാർ അനങ്ങിയില്ല.
തെരഞ്ഞെടുപ്പ് അടുത്തപ്പോൾ പെട്ടെന്നു മുഖ്യമന്ത്രിയുടെ വിശദീകരണം; “റിപ്പോർട്ടിലെ ശിപാർശകളിലേറെയും നടപ്പാക്കിക്കഴിഞ്ഞു. ബാക്കി ഉടനെ ശരിയാക്കും.” അതിദാരിദ്ര്യം തുടച്ചുനീക്കിയതിനേക്കാൾ ലാഘവത്തോടെ ഒരു ക്രിസ്ത്യാനിപോലും അറിയാതെ ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിലെ ശിപാർശകളിലേറെയും നടപ്പാക്കിക്കഴിഞ്ഞത്രേ. സർ, ഇനിയെങ്കിലും ആ റിപ്പോർട്ട് പുറത്തുവിടണം. ഈ സമുദായം എത്ര ശ്രമിച്ചിട്ടും കണ്ടെത്താനാകാത്ത ആനുകൂല്യങ്ങൾ തിരിച്ചറിഞ്ഞ് നന്ദി പ്രകടിപ്പിക്കാനാണ്.
2020 നവംബർ അഞ്ചിനാണ് ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷനെ ഒന്നാം പിണറായി സർക്കാർ നിയമിച്ചത്. 2023 മേയിൽ രണ്ടാം പിണറായി സർക്കാരിനു കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചു. അതിൽനിന്നു സർക്കാർ ക്രോഡീകരിച്ച ഉപശിപാർശകൾ ഉൾപ്പെടെയുള്ള 328 ശിപാർശകളിൽ 220 ശിപാർശകൾ പൂർണമായും നടപ്പാക്കിയെന്നാണ് മുഖ്യമന്ത്രി ആവർത്തിക്കുന്നത്.
ബാക്കിയുള്ള ശിപാർശകൾ ഉടനടി പൂർത്തീകരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും ഇതുസംബന്ധിച്ച് ആശയക്കുഴപ്പം തീർക്കാൻ ഫെബ്രുവരി ആറിന് ബന്ധപ്പെട്ട സംഘടനാ ഭാരവാഹികളുടെ യോഗം ചേരുമെന്നും മുഖ്യമന്ത്രി ഇന്നലെ വാർത്താസമ്മേളനത്തിലും പറഞ്ഞു. പക്ഷേ, റിപ്പോർട്ടിലെ ഏതെങ്കിലും ശിപാർശകൾ നടപ്പാക്കിയതിന്റെ ലക്ഷണമോ ഫലമോ എത്ര ശ്രമിച്ചിട്ടും ആർക്കും കണ്ടുപിടിക്കാനാകുന്നില്ല. ഏതൊക്കെ ശിപാർശകൾ എപ്പോൾ, എവിടെ, എങ്ങനെ നടപ്പാക്കി എന്നറിയാനുള്ള അവകാശം ക്രൈസ്തവസമൂഹം കൈവെടിയില്ല.
4.87 ലക്ഷം പരാതികളും വിവിധ ക്രൈസ്തവസഭകളും സംഘടനകളും സമർപ്പിച്ച റിപ്പോർട്ടുകളും അപഗ്രഥിച്ച് തയാറാക്കിയ റിപ്പോർട്ടും നിർദേശങ്ങളുമാണ് കമ്മീഷൻ സമർപ്പിച്ചത്. സർക്കാർ ഒരു നടപടിയും സ്വീകരിക്കാതെ വന്നതോടെ ക്രൈസ്തവർ പ്രതിഷേധിച്ചു. തുടർന്ന് 2023 ഡിസംബർ 27ന് ന്യൂനപക്ഷമന്ത്രി വി. അബ്ദുറഹിമാൻ റിപ്പോർട്ടിലെ നിർദേശങ്ങൾ ഉടൻ നടപ്പാക്കുമെന്നു പ്രഖ്യാപിച്ചു.
2024 മാർച്ചിൽ, ശിപാർശകൾ പരിശോധിച്ച് നിർദേശങ്ങൾ സമർപ്പിക്കാൻ ചീഫ് സെക്രട്ടറി അധ്യക്ഷനായും പൊതുഭരണവകുപ്പ്, ന്യൂനപക്ഷ ക്ഷേമ വകുപ്പ് സെക്രട്ടറിമാർ അംഗങ്ങളായുമുള്ള മൂന്നംഗ സമിതിയെ നിയോഗിച്ചു. ഫിഷറീസ്, പൊതുവിദ്യാഭ്യാസം, ഉന്നതവിദ്യാഭ്യാസം, ന്യൂനപക്ഷ ക്ഷേമം എന്നീ വകുപ്പുകൾക്ക് മുൻഗണന നൽകി, കുറഞ്ഞ സമയത്തിനുള്ളിൽ നടപ്പാക്കാൻ കഴിയുന്ന നിർദേശങ്ങൾ സമിതി ഒരു മാസത്തിനുള്ളിൽ മന്ത്രിസഭയുടെ പരിഗണനയ്ക്ക് നല്കുമെന്നും പറഞ്ഞു.
21 മാസത്തിനിടെ ഒന്നും സംഭവിച്ചില്ല. വീണ്ടും പ്രതിഷേധം ഉയർന്നതോടെയാണ് ശിപാർശകളിലേറെയും നടപ്പാക്കിയെന്ന അപ്രതീക്ഷിത മറുപടി. ഒരു കമ്മീഷൻ റിപ്പോർട്ടിൽ, ബന്ധപ്പെട്ട സമൂഹത്തെ ഇതുപോലെ ഇരുട്ടിൽ നിർത്തിയ ഉദാഹരണം രാജ്യത്തു വേറെ അധികമില്ല. ശരിക്കും എന്താണ് പ്രശ്നം? സർക്കാർ ആരെയാണു ഭയപ്പെടുന്നത്? ക്രൈസ്തവ ന്യൂനപക്ഷത്തിനു കൊടുത്തതും കൊടുക്കാനുള്ളതുമായ ക്ഷേമങ്ങളെക്കുറിച്ചു പറഞ്ഞാൽ ഈ സമൂഹത്തിൽ എന്തെങ്കിലും സംഘർഷമുണ്ടാകുമോ? അതോ നടപ്പാക്കിയെന്നു പറഞ്ഞതു വെറുതെയാണോ? ശിപാർശകൾ നടപ്പാക്കിയെങ്കിൽ അത് അർഹരായവർക്കു ലഭിച്ചോയെന്നുപോലും അറിയാനാകാത്ത സ്ഥിതിയാണ്.
ഒരു കാര്യം ഉറപ്പാണ്, നടപ്പാക്കിയെന്നു പറയുന്ന 220 ശിപാർശകൾ കേരളത്തിലെ ക്രൈസ്തവസമൂഹത്തിൽ ഒരു മാറ്റവും ഉണ്ടാക്കിയതായി ആർക്കുമറിയില്ല. സുപ്രീംകോടതിവിധിയുടെ പിന്തുണ ഉണ്ടായിട്ടുപോലും ഭിന്നശേഷി സംവരണത്തിന്റെ മറപിടിച്ച് ക്രൈസ്തവ മാനേജ്മെന്റുകളിലെ അധ്യാപകരുടെ നിയമനം സ്ഥിരപ്പെടുത്താതെ ഈ സർക്കാർ നടത്തിയ ഒളിച്ചുകളിയും ചതിയും കേരളം കണ്ടതാണ്. 16,000 അധ്യാപകരുടെ ജീവിതമാണ് അനിശ്ചിതത്വത്തിലാക്കിയത്.
യൂണിഫോം വിഷയത്തിൽ സ്കൂൾ മാനേജ്മെന്റുകളുടെ അവകാശത്തിൽ കടന്നുകയറി പ്രീണനത്തിന്റെ പേരിൽ വിദ്യാഭ്യാസ മന്ത്രി നടത്തിയ അനാവശ്യപ്രതികരണങ്ങളും മറന്നിട്ടില്ല. സർക്കാരും തീവ്രസംഘടനകളും സൃഷ്ടിച്ച പുകമറയിൽനിന്നു രക്ഷിച്ചതു കോടതിയാണ്. ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പുറത്തുവിട്ടില്ലെങ്കിലും ക്രൈസ്തവസമൂഹത്തോടുള്ള മനോഭാവം ഈ സർക്കാർ പുറത്തുവിട്ടിട്ടുണ്ട്.
റിപ്പോർട്ട് പരസ്യമാക്കണം. അതിന്റെ പേരിലുണ്ടാകുന്ന ചർച്ചകളെ ക്രൈസ്തവസമൂഹം തെല്ലും ഭയപ്പെടുന്നില്ല. ഭരണഘടനാവിരുദ്ധമോ പൊതുസമൂഹത്തിനു ദോഷകരമോ ആയ കാര്യങ്ങൾ നടത്തിയെടുക്കാനല്ല ഒരു ജഡ്ജി അധ്യക്ഷനായ കമ്മീഷനെ നിയോഗിച്ചത്. ഒരു പിൻവാതിൽ ആനുകൂല്യവും ക്രൈസ്തവർക്കു വേണ്ട. അനാവശ്യ ദുരൂഹത സൃഷ്ടിക്കാതെ, സർക്കാർ ഇരുട്ടിൽനിന്നു മാറി നിൽക്കണം. “ചിലപ്പോൾ സംരക്ഷണവും നിയന്ത്രണവും ഒരുപോലെ തോന്നും” എന്ന എക്കോ സിനിമയിലെ നിരീക്ഷണം ഇവിടെയും മുഴങ്ങുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്പ് ജെ.ബി. കോശി കമ്മീഷനെ നിയോഗിച്ചപ്പോൾ അതു ക്രൈസ്തവന്യൂനപക്ഷത്തിന്റെ സംരക്ഷണത്തിനുവേണ്ടിയാണെന്നു തോന്നിപ്പിച്ചു. അടുത്ത തെരഞ്ഞെടുപ്പിനു തൊട്ടുമുന്പ് റിപ്പോർട്ട് വെളിപ്പെടുത്താതെ അതിന്റെ ശിപാർശകൾ നടത്തിക്കഴിഞ്ഞെന്ന് അവകാശപ്പെടുന്പോൾ അതു കാണിക്കുന്നത് നിയന്ത്രണത്തിന്റെ അടയാളങ്ങളാണ്. പക്ഷേ, ജനാധിപത്യത്തിൽ യഥാർഥ നിയന്ത്രണം ജനത്തിന്റെ വിരൽത്തുന്പിലല്ലേ!
Tags : editorial