നോമ്പ്
നോമ്പ് ഫാ. മൈക്കിൾ കാരിമറ്റം
"കർത്താവ് അരുളിച്ചെയ്യുന്നു. ഇപ്പോഴെങ്കിലും ഉപവാസത്തോടും വിലാപത്തോടും നെടുവീർപ്പോടും കൂടെ നിങ്ങൾ പൂർണ ഹൃദയത്തോടെ എന്‍റെ അടുക്കലേക്കു തിരിച്ചുവരുവിൻ. നിങ്ങളുടെ ഹൃദയമാണ്, വസ്ത്രമല്ല കീറേണ്ടത്. നിങ്ങളുടെ ദൈവമായ കർത്താവിങ്കലേക്കു തിരിച്ചുവരുവിൻ’ (ജോയേൽ 2,12-13).

മിക്കവാറും എല്ലാ മതങ്ങളും നോന്പ് ആചരിക്കാറുണ്ട്. ഹിന്ദുമതത്തിലും ഇസ്ലാം മതത്തിലും വിവിധങ്ങളായ ആചാരാനുഷ്ഠാനങ്ങളോടുകൂടിയ നോന്പാചരണങ്ങളുണ്ട്.

“നോവുക’’ എന്ന ക്രിയയുമായി ബന്ധപ്പെട്ടതാണ് നോന്പ് എന്ന വാക്ക്. നൊയ് + അൻപ് എന്ന രണ്ടു വാക്കുകൾ കൂടിച്ചേർന്ന് നോയന്പ്, അതുലോപിച്ച് നോന്പ് ഉണ്ടായി. നോന്പുനോക്കുക എന്നു പറയും. വാക്കിന്‍റെ ഉത്പത്തിയിൽനിന്നു ലഭിക്കുന്ന അർഥം. “നൊന്തു സ്നേഹിക്കുക’’ എന്നത്രെ. സ്നേഹത്തിന്‍റെ ആഴം അളക്കാനുള്ള മാനദണ്ഡമാണ് സഹനം.

“തന്‍റെ ഏകജാതനെ നല്കാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു’’ (യോഹ 3,16) എന്നു പറയുന്പോൾ ഈ ആശയം വ്യക്തമാകുന്നു. “സ്നേഹിതർക്കുവേണ്ടി ജീവൻ അർപ്പിക്കുന്നതിനേക്കാൾ വലിയ സ്നേഹമില്ല’’(യോഹ 15, 13) എന്ന ഗുരുവചനവും സ്നേഹവും നോന്പും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നു.

വാക്കിന്‍റെ ഉറവിടം തേടുന്പോൾ കിട്ടുന്ന അർഥം ഇതാണെങ്കിലും നോന്പ് എന്നു കേൾക്കുന്പോൾ മനസിൽ തെളിയുന്ന ചിത്രം ചില ആചാരാനുഷ്ഠാനങ്ങളുടേതാണ്. ഇഷ്ടഭക്ഷണം വർജിക്കുക, ചില പ്രത്യേകതരം വസ്ത്രം ധരിക്കുക, ദേഹത്തു ഭസ്മം പൂശുക, ഉപവസിക്കുക, തീർഥാടനം നടത്തുക മുതലായവ.

അതോടൊപ്പം ചില പ്രാർഥനകൾ ഉരുവിടുക, സ്വന്തം ശരീരത്തെ വേദനിപ്പിക്കുന്ന ചില ആചാരങ്ങൾ, ഉദാ. ചെരിപ്പില്ലാതെ നടക്കുക, മുള്ളരഞ്ഞാണം ധരിക്കുക, സ്വന്തം ശരീരത്തിൽ അടിക്കുക, മുറിവേല്പിക്കുക, ഉച്ചത്തിൽ വിലപിക്കുക എന്നിങ്ങനെ നോന്പുമായി ബന്ധപ്പെട്ട് നിരവധി ആചാരങ്ങൾ ഇന്നു പല മതങ്ങളിലും നിലനിൽക്കുന്നു.


ഇസ്രായേൽ ജനം വെട്ടുക്കിളിശല്യം എന്ന ഒരു മഹാമാരി നേരിട്ട അവസരത്തിൽ ജോയേൽ പ്രവാചകൻ വഴി ദൈവം നല്കിയ ആഹ്വാനമാണ് ആരംഭത്തിൽ ഉദ്ധരിച്ചത്. ഉപവാസം, വിലാപം, നെടുവീർപ്പ് മുതലായ ബാഹ്യപ്രവൃത്തികൾ ആഴമേറിയ ആത്മീയഭാവങ്ങളുടെ പ്രകടനങ്ങളാകണം. പുരോഹിതന്മാരുടെ നേതൃത്വത്തിൽ ജനം ഒന്നടങ്കം കർത്താവിന്‍റെ മുന്പിൽ വിലപിക്കണം, യാചിക്കണം. നോന്പാചരണത്തിന്‍റെ വിവിധമാനങ്ങൾ ഇവിടെ തെളിയുന്നു.

ഈ ആചാരങ്ങളും അനുഷ്ഠാനങ്ങളും വലിയൊരു മാനസാന്തരത്തിന്‍റെ, അഥവാ ഹൃദയപരിവർത്തനത്തിന്‍റെ അടയാളങ്ങളായിരിക്കണം. അതാണ് “വസ്ത്രമല്ല ഹൃദയമാണ് കീറേണ്ടത്’’ എന്നു പറയുന്നതിലൂടെ അർഥമാക്കുന്നത്. ചെയ്തുപോയ തെറ്റുകളെ ഓർത്ത് ഹൃദയംനൊന്തു കരയുക, വഴിമാറിനടന്നെങ്കിൽ നേരായവഴി കണ്ടുപിടിച്ചു നടക്കാൻ ശ്രമിക്കുക.

ദേശീയ പ്രതിസന്ധിയുടെ അവസരത്തിൽ ജോയേൽ പ്രവാചകനിലൂടെ ദൈവം നല്കിയ ആഹ്വാനം ഇന്ന് ഏറെ പ്രസക്തമായിരിക്കുന്നു. അന്നത്തെ വെട്ടുക്കിളിയുടെ സ്ഥാനത്ത് ഇന്ന് മറ്റനേകം മഹാമാരികൾ. ഏതെങ്കിലും ഒരു രാജ്യത്തെയോ ഭൂപ്രദേശത്തെയോ മാത്രമല്ല, ഈ ഭൂഗോളത്തെ മുഴുവൻ ബാധിച്ചിരിക്കുന്നു. കോവിഡ് 19 അവയിൽ ഒന്നുമാത്രം.

ഇവിടെ നോന്പാചരണം ഏറെ പ്രസക്തമാകുന്നു. ഏതാനം ചില ബാഹ്യാനുഷ്ഠാനങ്ങളിൽ ഒതുക്കാതെ യഥാർഥമായൊരു ഹൃദയ പരിവർത്തനത്തിലേക്കു നയിക്കുന്നതാകണം നോന്പാചരണം. നൊന്തു സ്നേഹിക്കുക, ദൈവത്തെയും സഹജീവികളെയും ഈ പ്രപഞ്ചത്തെ മുഴുവനെയും സ്നേഹിക്കാൻ, സ്നേഹത്തിന്‍റെ പേരിൽ ആവശ്യമായിവരുന്ന സഹനങ്ങൾ ഏറ്റെടുക്കാൻ ഈ വലിയനോന്പ് ആഹ്വാനം ചെയ്യുന്നു.

സ്നേഹത്തിന്‍റെ ആഴം അളക്കുന്ന മാനദണ്ഡം സഹനമാണെന്നു നോന്പാചരണം അനുസ്മരിപ്പിക്കുന്നു; അനുസ്മരിക്കണം, അനുസരിക്കണം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.