വത്തിക്കാൻ
വത്തിക്കാൻ സിറ്റി: ആർട്ടിഫിഷൽ ഇന്റലിജൻസ് സാങ്കേതികവിദ്യയുടെ ദ്രുതഗതിയിലുള്ള വളർച്ചയും ആണവായുധങ്ങൾ ഉയർത്തുന്ന സുരക്ഷാ വെല്ലുവിളികളും ചർച്ച ചെയ്യുന്നതിനായി വത്തിക്കാന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര സമ്മേളനം ആരംഭിച്ചു.
മാർപാപ്പയുടെ റോമിന് പുറത്തെ വേനൽക്കാല വസതിയായ കസ്തേൽ ഗോണ്ടോൾഫോയിലെ ലൗദാത്തോ സി ഉദ്യാനത്തിലാണ് മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ഈ ആഗോള സമ്മേളനം നടക്കുന്നത്.
ലെയോ പതിനാലാമൻ മാർപാപ്പയുടെ ‘മാഞ്ഞിഫിക്ക ഹുമാനിത്താസ്’എന്ന ചാക്രിക ലേഖനത്തിൽനിന്നുള്ള ആശയങ്ങൾ ഉൾക്കൊണ്ടാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. ആർട്ടിഫിഷൽ ഇന്റലിജൻസിന്റെ കാലഘട്ടത്തിൽ മനുഷ്യന്റെ അന്തസും സുരക്ഷയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയാണ് ഈ ചാക്രിക ലേഖനം ഊന്നിപ്പറയുന്നത്.
മുപ്പതോളം നൊബേൽ സമ്മാന ജേതാക്കൾ, മുൻ രാഷ്ട്രത്തലവന്മാർ, പ്രമുഖ സർവകലാശാലകളിലെ പ്രതിനിധികൾ എന്നിവർക്കൊപ്പം ഓപ്പൺ എഐ, ഗൂഗിൾ ഡീപ് മൈൻഡ്, ആന്ത്രോപിക് തുടങ്ങിയ പ്രമുഖ എഐ കമ്പനികളിൽനിന്നുള്ള സാങ്കേതിക വിദഗ്ധരും ഉൾപ്പെടെ ഇരുനൂറിലധികം പേർ ഈ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.
ആർട്ടിഫിഷൽ ഇന്റലിജൻസ് അനിയന്ത്രിതമായി സൈനിക ആവശ്യങ്ങൾക്കും ആണവായുധങ്ങൾക്കുമായി ഉപയോഗിക്കുന്നത് തടയുക, മാനുഷിക മൂല്യങ്ങൾക്ക് മുൻഗണന നൽകുന്ന ഡിജിറ്റൽ നിയമങ്ങൾ രൂപീകരിക്കുക എന്നിവയാണ് പ്രധാന ചർച്ചാവിഷയങ്ങൾ. സമാപനദിനമായ ഇന്ന് അന്താരാഷ്ട്ര സഹകരണവും സമാധാനവും ലക്ഷ്യമിട്ടുകൊണ്ടുള്ള ‘റോം പ്രഖ്യാപനം’ പുറത്തിറക്കും.
Tags : ArtificialIntelligence Threat NuclearWar GlobalConference Vatican