ഇറ്റാമർ ബെൻ ഗിവിറിനെ
ബർലിൻ: ഗാസയിൽ ദിവസേന രാത്രിയിൽ 30 മുതൽ 40 വരെ ആളുകളെ വധിക്കണമെന്നു പ്രസ്താവന നടത്തിയ ഇസ്രേലി ദേശീയസുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗിവിറിനെതിരേ വ്യാപക പ്രതിഷേധം. ബെൻ ഗിവിറിനെതിരേ ഉപരോധം ഏർപ്പെടുത്തണമെന്ന് ജർമനിയിലെ ഭരണകക്ഷിയായ ക്രിസ്ത്യൻ ഡെമോക്രാറ്റിക് യൂണിയൻ വക്താവ് യുർഗൻ ഹാർട്ട് യൂറോപ്യൻ യൂണിയനോട് ആവശ്യപ്പെട്ടു.
മനുഷ്യാവകാശങ്ങളെയും മാനവിക മൂല്യങ്ങളെയും തച്ചുടയ്ക്കുന്നതാണ് മന്ത്രിയുടെ നിലപാടുകളെന്നും ഇത്തരമൊരു വ്യക്തി ഇല്ലാത്ത ഇസ്രേലി സർക്കാരാണ് യൂറോപ്പുമായുള്ള സഹകരണത്തിനു നല്ലതെന്നും അദ്ദേഹം വ്യക്തമാക്കി.
ബെൻ ഗിവിറിന്റെ വർഗീയ നിലപാടുകൾ ലോകമെമ്പാടുമുള്ള യഹൂദസമൂഹത്തിനു ഭീഷണിയാണെന്ന് വിവിധ യൂറോപ്യൻ-അന്താരാഷ്ട്ര യഹൂദ കൗൺസിലുകളും തുറന്നടിച്ചു.
ഗാസയിലെ ജനങ്ങളെ മനുഷ്യരായി പരിഗണിക്കാതെ കൂട്ടക്കൊലയ്ക്ക് ആഹ്വാനം ചെയ്യുന്ന മന്ത്രിമാരുള്ളപ്പോൾ മേഖലയിൽ എങ്ങനെയാണ് സമാധാന ചർച്ചകൾ സാധ്യമാകുന്നതെന്ന് വിവിധ ഗൾഫ് രാജ്യങ്ങളിലെ നേതാക്കൾ ചോദിച്ചു.
Tags : Deepika DeepikaNewspaper BreakingNews Protest against Israeli minister