പ്രതീകാത്മ ചിത്രം.
ജനീവ: എൽനിനോ പ്രതിഭാസം ലോകത്ത് 4.9 കോടി പേരെ പട്ടിണിയിലേക്കു തള്ളിവിടാമെന്ന് ലോകഭക്ഷ്യപദ്ധതിയുടെ മുന്നറിയിപ്പ്. ഭക്ഷ്യ സുരക്ഷ ഏറ്റവും കുറഞ്ഞ രാജ്യങ്ങളായിരിക്കും എൽ നിനോയുടെ പ്രത്യാഘാതം ഏറ്റവും കൂടുതൽ നേരിടേണ്ടിവരിക.
പസഫിക് സമുദ്രത്തിലെ ഉപരിതല ജലം സാധാരണയേക്കാൾ ചൂടാകുന്ന അവസ്ഥയാണ് എൽനിനോ. ചൂടുവെള്ളം തെക്കേ അമേരിക്കൻ തീരങ്ങളിലേക്ക് നീങ്ങുകയും അവിടെ താപനില ഉയരുകയും ചെയ്യും.
ആഗോളതലത്തിൽ വലിയ കാലാവസ്ഥ വ്യതിയാനങ്ങൾ ഇതോടെയുണ്ടാകും. ഇന്ത്യയിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ മഴ കുറയാനും വരൾച്ചയ്ക്കും ഉഷ്ണതരംഗത്തിനും എൽനിനോ കാരണമാകും.
ഓസ്ട്രേലിയ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങൾ വരൾച്ച നേരിടാം. അതേസമയം, പെറു, ഇക്വഡോർ തുടങ്ങിയ തെക്കേ അമേരിക്കൻ രാജ്യങ്ങളിൽ കനത്ത മഴയും വെള്ളപ്പൊക്കവും ഉണ്ടാകാനാണു സാധ്യത.
ഇക്കുറി വളരെ ശക്തമായ എൽനിനോയ്ക്കാണു സാധ്യത കല്പിക്കുന്നത്. 1982നു ശേഷം പസഫിക്കിലെ ഉപരിതല ജലം ഏറ്റവും ചൂടുപിടിച്ച അവസ്ഥയിലാണ്.
പശ്ചിമേഷ്യ യുദ്ധം, ഇതര കാലാവസ്ഥാ ദുരന്തങ്ങൾ മൂലമുള്ള വിളനഷ്ടം എന്നിവയ്ക്കു പുറമേ എൽനിനോയും ചേരുന്പോൾ ആഗോളതലത്തിൽ ഭക്ഷ്യപ്രതിസന്ധി വർധിക്കാമെന്ന് ലോകഭക്ഷ്യപദ്ധതിയുടെ ഭക്ഷ്യസുരക്ഷാ വിശകലനവിഭാഗം മേധാവി ഷോൺ മാർട്ടിൻ ബയേർ മുന്നറിയിപ്പു നല്കി.
എൽനിനോയുടെ പ്രത്യാഘാതം നേരിട്ടേക്കാവുന്ന 45 രാജ്യങ്ങളെ വിശകലനം ചെയ്തപ്പോൾ 4.9 കോടി ജനം കൂടി ഭക്ഷ്യപ്രതിസന്ധി നേരിട്ടേക്കാമെന്നാണു കണ്ടെത്തിയത്. ഇത്രയും രാജ്യങ്ങളിൽ ഭക്ഷ്യപ്രതിസന്ധി നേരിടുന്നവരുടെ എണ്ണം ഇതോടെ 27.4 കോടിയായി ഉയരും.