പ്രതീകാത്മക ചിത്രം
കൊച്ചി: ശബരിമല നെയ് ക്രമക്കേട് കേസില്‍ എസ്ഐടി മേധാവിയായി എസ്പി എം.ജെ. സോജനെ നിയമിച്ചു. ഡിവൈഎസ്പി സി.എസ്. ഹരി ആണ് അന്വേണ ഉദ്യോഗസ്ഥന്. ഇന്‍സ്പെക്ടര്‍മാരായ എ.എസ്. ഷാജി ശങ്കര്‍, എസ്. ശ്രീജിത്ത്, പി.ആര്. കിരണ്‍, ആര്.എസ്. രതീന്ദ്രകുമാര്‍ എന്നീ നാല് ഇന്‍സ്പെക്ടര്‍മാരും ഈ സംഘത്തിലുണ്ട്.
ഒരു മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. അതേസമയം, കേസ് അന്വേഷിക്കാന്‍ മികച്ച ഉദ്യോഗസ്ഥനെ നിയമിക്കണമെന്ന് രാവിലെ കേസ് പരിഗണിച്ച ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. നെയ് വാങ്ങുന്നതിന് മുമ്പ് സാമ്പിള്‍ പോലും പരിശോധിച്ചിട്ടില്ലെന്ന് കോടതി വിമര്‍ശിച്ചു.
1.61 ലക്ഷം ലിറ്റര്‍ നെയ് വാങ്ങുമ്പോള്‍ ശാസ്ത്രീയ പരിശോധന ഉണ്ടായില്ല. ഗുണനിലവാരം മനസിലാക്കാതെ എങ്ങനെ നെയ് വാങ്ങി എന്നും കോടതി ചോദിച്ചിരുന്നു. ദേവസ്വം കമ്മിഷന് രേഖാമൂലം എതിര്‍പ്പ് അറിയിച്ചിരുന്നുവെങ്കിലും അത് മറികടന്നാണ് ദേവസ്വം ബോര്‍ഡ് ഇത്തരമൊരു തീരുമാനം എടുത്തതെന്ന വിമര്‍ശനവും കോടതി ഉന്നയിച്ചു.
നെയ് ക്രമക്കേടുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ പ്രഥമദൃഷ്ട്യാ ഗൗരവതരമാണെന്ന് വിലയിരുത്തിയാണ് കോടതി അന്വേഷണം വിജിലന്‍സിന് വിട്ടത്. കേസെടുത്ത് ഒരു മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നും പുരോഗതി റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കണമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
Tags : sabarimala ghee scam SP M.J. Sojan investigation officers