റൈലി എം.മൂർ
വാഷിംഗ്ടൺ ഡിസി: എഫ്സിആർഎ (വിദേശ സംഭാവന നിയന്ത്രണ നിയമം) നിയമ ഭേദഗതികളിൽ ആശങ്ക അറിയിച്ച് യുഎസ് കോൺഗ്രസ് അംഗം റൈലി മൂർ. പുതിയ ഭേദഗതികൾ പ്രാബല്യത്തിൽ വന്നാൽ അത് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ പ്രതികൂലമായി ബാധിക്കുമെന്ന് റിപ്പബ്ലിക്കൻ പാർട്ടി അംഗമായ മൂർ മുന്നറിയിപ്പ് നൽകി.
എൻജിഒകൾ, ചാരിറ്റബിൾ ട്രസ്റ്റുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മതസ്ഥാപനങ്ങൾ എന്നിവ കൈപ്പറ്റുന്ന വിദേശ ധനസഹായവുമായി ബന്ധപ്പെട്ടാണ് പുതിയ നിയമഭേദഗതിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ നീക്കം ക്രിസ്ത്യൻ പള്ളികളും ചാരിറ്റി സ്ഥാപനങ്ങളും സർക്കാരിന് പിടിച്ചെടുക്കാൻ വഴിയൊരുക്കുമെന്നും, ഇത് ക്രൈസ്തവർക്ക് നേരെയുള്ള വ്യക്തമായ ആക്രമണമാണെന്നും വെസ്റ്റ് വിർജീനിയയിൽ നിന്നുള്ള ജനപ്രതിനിധിയായ റൈലി മൂർ തന്റെ എക്സ് പോസ്റ്റിൽ ആരോപിച്ചു.
യേശുക്രിസ്തുവിന്റെ ഉത്ഥാനത്തിന് പതിറ്റാണ്ടുകൾക്ക് ശേഷം തോമാശ്ലീഹാ മലബാർ തീരത്ത് എത്തിയത് മുതൽ ക്രിസ്ത്യാനികൾ ഇന്ത്യയിലുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
എന്നാൽ ഈ നീണ്ട ചരിത്രം നിലനിൽക്കെത്തന്നെ, പള്ളികളുടെയും ചാരിറ്റബിൾ സ്ഥാപനങ്ങളുടെയും ഭരണം ഏറ്റെടുക്കാൻ സർക്കാരിന് അധികാരം നൽകുന്ന രീതിയിൽ എഫ്സിആർഎ നിയമം ഭേദഗതി ചെയ്യാനാണ് ഇന്ത്യൻ പാർലമെന്റ് നീക്കം നടത്തുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഈ രൂപത്തിൽ ബിൽ മുന്നോട്ട് പോയാൽ അത് ഇന്ത്യ-യുഎസ് ബന്ധത്തിൽ വലിയ ആശങ്കകൾക്ക് വഴിവെക്കുമെന്നും മൂർ വ്യക്തമാക്കി.
Tags : FCRA Christians US Lawmaker Deepika DeepikaNewspaper NewsUpdate Headlines