അപകട സാഹചര്യത്തനിടെ എയർഇന്ത്യ വിമാനത്തിലെ യാത്രക്കാർ
ന്യൂഡൽഹി: തായ്ലൻഡിലെ ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാർക്ക് പരിക്ക്. വിമാനം ശക്തമായ കാറ്റിലും കുലുക്കത്തിലും പെട്ടതിനെ തുടർന്നാണ് സംഭവം. കുലുക്കത്തിൽ പെട്ട് വിമാനത്തിന്റെ ഉള്ളിലെ സീലിംഗ് തകരുകയും ലഗേജ് ബോക്സുകൾ തകർന്ന് വീഴുകയും ചെയ്തതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചത്. 137 യാത്രക്കാരും എട്ട് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.
വിമാനത്തിന്റെ ഉയരം പെട്ടെന്ന് താഴേക്ക് പതിച്ചതാണ് അപകടത്തിന് കാരണമായത്. ഈ സമയത്ത് സീറ്റ് ബെൽറ്റ് ധരിക്കാതിരുന്ന യാത്രക്കാർ മുകളിലേക്ക് തെറിച്ചു വീഴുകയും തല സീലിംഗിൽ ഇടിച്ച് പരിക്കേൽക്കുകയും ചെയ്തു. എട്ട് യാത്രക്കാർക്കും നാല് വിമാന ജീവനക്കാർക്കും പരിക്കേറ്റു. ഇവരെ ഡൽഹിയിൽ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തതിന് ശേഷം ആശുപത്രിയിലേക്ക് മാറ്റി. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണ്.
എയർ ഹോസ്റ്റസുമാർ യാത്രക്കാരോട് പരിഭ്രാന്തരായി സീറ്റ് ബെൽറ്റ് ഇടാൻ അലറിവിളിക്കുന്നതും, ലഗേജുകൾ നിലത്തു ചിതറിക്കിടക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
Tags : AirIndia Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash