ആര്. അഖില്‍ കൃഷ്ണ
പയ്യന്നൂര്‍: പയ്യന്നൂരില്‍ എക്സൈസിന്റെ വന്‍ സ്പിരിറ്റ് വേട്ട. ഉമിച്ചാക്കുകള്ക്കടിയിൽ ഒളിപ്പിച്ച് ലോറിയിൽ കടത്തുകയായിരുന്ന 7000 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. ലോറി ഡ്രൈവര്‍ പത്തനംതിട്ട അടൂര്‍ പയ്യനല്ലൂര്‍ ഇളംപള്ളിയിലെ ആര്. അഖില്‍ കൃഷ്ണനെയും (28) ലോറിയും കസ്റ്റഡിയിലെടുത്തു.
ഇന്ന് പുലര്‍ച്ചെ പന്ത്രണ്ടരയോടെയാണ് പെരുമ്പ ദേശീയപാതയില്‍ എക്സൈസ് സംഘം സ്പിരിറ്റ് പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ എക്സൈസ് കമ്മീഷണര്‍ സജിത്കുമാറിന്റെ നിര്‍ദേശപ്രകാരം നടത്തിയ വാഹനപരിശോധനയിലാണ് നാഷണല്‍ പെര്‍മിറ്റ് ചരക്ക് ലോറിയില്‍ നിന്ന് സ്പിരിറ്റ് പിടിച്ചെടുത്തത്.
35 ലിറ്റര്‍ വീതമുള്ള 200 കന്നാസുകളിലാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. പയ്യന്നൂരില്‍ സമീപകാലത്ത് നടത്തിയ വലിയ സ്പിരിറ്റ് വേട്ടയാണിതെന്ന് എക്സൈസ് സംഘം അറിയിച്ചു. മംഗളൂരു ഹുഗ്ലിയില്നിന്ന് കൊടുങ്ങല്ലൂരിലേക്ക് കൊണ്ടുപോകുകയായിരുന്ന സ്പിരിറ്റാണ് പിടികൂടിയത്. കസ്റ്റഡിയിലുള്ള ഡ്രൈവറുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ എക്സൈസ് സംഘം കൂടുതല്‍ അന്വേഷണമാരംഭിച്ചു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
അസി.എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.പി.മധുസൂദനന്, ഇന്‍സ്പെക്ടര്‍മാരായ എന്‍. വൈശാഖ്, പി.വി. ശ്രീനിവാസന്, വി.കെ.വിനോദ്, എന്‍.പി.സുരേഷ് ബാബു, പ്രിവന്റീവ് ഓഫിസര്‍മാരായ ജിനേഷ്, സൂരജ്, വിനേഷ്, സന്തോഷ്, തപീഷ്, ജയേഷ്, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍മാരായ നിജിഷ, ടി.വി.ജൂന എന്നിവരാണ് സ്പിരിറ്റ് പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.
Tags : Spirit Payyanur Deepika DeepikaNewspaper BreakingNews Deepika CurrentAffairs GlobalNews DailyNews InDepth NewsFlash