സ്പേം തിമിംഗലം.
'മോബി ഡിക്' എന്ന നോവൽ മലയാളിക്കും സുപരിചിതം. 175 വർഷം മുന്പ്, 1851-ലാണ് ഹെർമൻ മെൽവിൽ തന്റെ നോവൽ പ്രസിദ്ധീകരിക്കുന്നത്. തിമിംഗലവേട്ടയും ആക്രമണകാരികളായ തിമിംഗലങ്ങളുടെയും കഥയാണ് ആ ക്ലാസിക് കൃതി വായനക്കാരുമായി പങ്കുവയ്ക്കുന്നത്. നോവലിൽ കൂറ്റൻ തിമിംഗലം കപ്പലിനെ തലയ്ക്കിടിച്ചു മുക്കുന്ന സന്ദർഭമുണ്ട്. നൂറ്റാണ്ടുകളായി നാവികരുടെ കഥകളിൽ മാത്രം കേട്ടിരുന്ന ഭയാനകസംഭവം കേവലം സാഹിത്യ ഭാവനയല്ലെന്നും, സ്പേം തിമിംഗലങ്ങൾ തങ്ങളുടെ ഭീമാകാരമായ തല ശക്തിയേറിയ ആയുധമായി ഉപയോഗിക്കാറുണ്ടെന്നും ഗവേഷകർ സ്ഥിരീകരിച്ചു. ഡ്രോൺ സാങ്കേതികവിദ്യ ഉപയോഗിച്ച് തിമിംഗലങ്ങൾ പരസ്പരം തലകൊണ്ടിടിക്കുന്നതും ഗവേഷകർ ആദ്യമായി കാമറയിൽ പകർത്തി.
1820-ൽ ഗലാപഗോസ് ദ്വീപുകൾക്കു സമീപം 'എസെക്സ്' എന്ന തിമിംഗല വേട്ടക്കപ്പലിനെ ഒരു സ്പേം തിമിംഗലം തലയ്ക്കിടിച്ചു മുക്കിയ സംഭവമാണ് 'മോബി ഡിക്' എന്ന നോവലെഴുതാൻ ഹെൽമൻ മെൽവിലിനു പ്രചോദനമായത്. നാവികർ ഇത്തരത്തിലുള്ള നിരവധി സംഭവങ്ങൾ പങ്കുവച്ചെങ്കിലും, തിമിംഗലങ്ങൾ തങ്ങളുടെ തല ആയുധമായി ഉപയോഗിക്കുമോ എന്നതിൽ ശാസ്ത്രജ്ഞർക്കിടയിൽ അഭിപ്രായവ്യത്യാസങ്ങൾ നിലനിന്നിരുന്നു. തിമിംഗലത്തിന്റെ തലയ്ക്ക് ഇടിയിൽ നാശനഷ്ടം സംഭവിക്കുമെന്നതിനാൽ ഇത് അപൂർവമായിരിക്കാം എന്നായിരുന്നു ശാസ്ത്രജ്ഞർ കരുതിയിരുന്നത്.
എന്നാൽ സെന്റ് ആൻഡ്രൂസ്, ഹവായ് സർവകലാശാലകളിലെ ഗവേഷസംഘം അസോറെസ്, ബലേറിക് ദ്വീപുകൾക്കു സമീപം നടത്തിയ ഡ്രോൺ നിരീക്ഷണത്തിലാണു തിമിംഗലങ്ങൾ പരസ്പരം തലകൊണ്ടിടിക്കുന്നതു പകർത്തിയത്.

ഇടിയുടെ ആഘാതം താങ്ങും, നാച്ചുറൽ 'ഷോക്ക് അബ്സോർബർ'
സ്പേം തിമിംഗലത്തിന്റെ ശരീരത്തിന്റെ മൂന്നിലൊന്നു (ഏകദേശം 40 ശതമാനം) ഭാഗവും തലയാണ്. തലയ്ക്കുള്ളിൽ പ്രധാനമായും രണ്ടു വലിയ എണ്ണ അറകളുണ്ട്. സ്പർമസെറ്റി ഓർഗൻ എന്ന ദ്രാവക രൂപത്തിലുള്ള എണ്ണ നിറഞ്ഞ അറ. ജങ്ക് എന്ന കണക്റ്റീവ് ടിഷ്യൂകളുള്ള, എണ്ണമയമുള്ള മറ്റൊരു ഭാഗം. പഠനങ്ങളിൽ, തലയിലെ 'ജങ്ക്' എന്ന ഭാഗം ഒരു നാച്ചുറൽ 'ഷോക്ക് അബ്സോർബർ' ആയി പ്രവർത്തിക്കുന്നുവെന്നു കണ്ടെത്തി. വൻ ശക്തിയിലുള്ള ആഘാതമുണ്ടാകുമ്പോൾ തലച്ചോറിലേക്കും തലയോട്ടിയിലേക്കും നേരിട്ടെത്തുന്ന സമ്മർദത്തെ കുറയ്ക്കുകയും സംരക്ഷണം നൽകുകയും ചെയ്യുന്നു.
മുതിർന്ന ആൺ തിമിംഗലങ്ങൾക്കിടയിൽ മാത്രമല്ല, ചെറു തിമിംഗലങ്ങൾക്കിടയിലും തല ഉപയോഗിച്ചുള്ള ആക്രമണം സാധാരണയാണ്. പെൺ തിമിംഗലങ്ങൾക്കായി നടക്കുന്ന പോരാട്ടങ്ങൾക്കായും അല്ലാതെയും സ്പേം തിമിംഗലങ്ങൾ തങ്ങളുടെ തല ഇത്തരത്തിൽ ശക്തിയേറിയ ആയുധമാക്കാറുണ്ടെന്നു ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.
Tags : ScienceNews Enviorment SpermWhale MobyDick BatteringRam SpermacetiOrgan Junk