ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസുകാരെ മർദിച്ച പ്രതികൾ അറസ്റ്റ് ഭയന്ന് കോടതിയിലേക്ക്. പ്രതികളായ ഗൺമാൻ അനിൽ കല്ലിയൂർ, സന്ദീപ് എന്നിവർ മുൻകൂർ ജാമ്യാപേക്ഷയുമായി ആലപ്പുഴ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ സമീപിച്ചു.
മറ്റു മൂന്നു പ്രതികൾ തിങ്കളാഴ്ച മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. മുഖ്യമന്ത്രിക്ക് സുരുക്ഷയൊരുക്കുക എന്ന ജോലിയാണ് തങ്ങള്‍ ചെയ്തതെന്നാണ് ജാമ്യാപേക്ഷയില്‍ പറയുന്നത്. സ്ഥലത്ത് ലോക്കല്‍ പോലീസ് കുറവായിരുന്നു.
ഇതു കൊണ്ടാണ് ഇടപെടേണ്ടി വന്നതെന്നും മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നു. പ്രതികൾക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള ഗുരുതരമായ വകുപ്പുകൾ എസ്ഐടി ചുമത്തിയേക്കും. അതേസമയം ഗൺമാൻ അടക്കം അഞ്ച് പോലീസുകാരെയും ഉടൻ സസ്പെൻഡ് ചെയ്യുമെന്നും സൂചനയുണ്ട്.
ഗണ്മാന് അനില്‍കുമാര്‍, സുരക്ഷാ ജീവനക്കാരന് എസ്. സന്ദീപ്, മുഖ്യമന്ത്രിയുടെ വാഹനത്തിന് അകമ്പടി പോയ പോലീസുകാരനായ അരുണ്‍, വിപിന്‍, ഷൈജു എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്യുക. എഡിജിപി എം.ആര്.അജിത് കുമാറിനോട് വിശദീകരണം തേടാനും എസ്ഐടി തീരുമാനിച്ചിട്ടുണ്ട്.
വിശദീകരണം തൃപ്തികരമല്ലെങ്കില്‍ നടപടി സ്വീകരിക്കാനാണ് നീക്കം. വ്യാജരേഖ ചമച്ചതില്‍ കേസെടുക്കുന്നതും പരിഗണനയിലുണ്ട്. നിലവില്‍ ഇടക്കാല റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ എസ്ഐടി തലവന്‍ എസ്പി ഷൗക്കത്തലി ഡിജിപിയെ ധരിപ്പിച്ചിട്ടുണ്ട്.
Tags : gunman case alappuzha sit dgp