Kerala
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന് കെഎസ്ഇബി ജീവനക്കാര്ക്കൊപ്പം നൃത്തം ചെയ്യുന്ന എഐ വീഡിയോ സമൂഹ മാധ്യമങ്ങളില് നിന്നു നീക്കാന് മെറ്റയോട് ആവശ്യപ്പെട്ടിരുന്നെന്ന് സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖര്.
വീഡിയോയുമായി ബന്ധപ്പെട്ട് ഒന്പത് പരാതികള് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില് വീഡിയോ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് മെറ്റയ്ക്ക് കത്തു നല്കിയിരുന്നെന്നും ഡിജിപി വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: മാസപ്പടി കേസിൽ നിർണായക നീക്കവുമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയനെതിരെ അഴിമതി നിരോധന നിയമപ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഇ ഡി ഡിജിപിക്ക് കത്ത് നൽകി.
മുഹമ്മദ് റിയാസ് എംഎൽഎയ്ക്കെതിരെയും പിണറായിയുടെ മകൾ വീണക്കെതിരെയും അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണം എന്നും കത്തിൽ ആവശ്യപ്പെട്ടു. മാസപ്പടി കേസിലെ ഇഡിയുടെ അന്വേഷണത്തിൽ കണ്ടെത്തിയ തെളിവുകളുടെ വിശദാംശങ്ങളും ഡിജിപിക്ക് കൈമാറിയിട്ടുണ്ട്.
സെക്ഷൻ 66/2 പ്രകാരമാണ് ഇഡി ഡിജിപിക്ക് കത്തയച്ചിരിക്കുന്നത്. പിഎംഎൽഎ വകുപ്പ് പ്രകാരം ഇവർക്കെതിരെ കേസെടുത്ത് എഫ്ഐആർ. രജിസ്റ്റർ ചെയ്യണം എന്നാണ് കത്തിലെ പ്രധാന ആവശ്യം. സിഎംആർഎൽ-എക്സാ ലോജിക് ഇടപാടുമായി ബന്ധപ്പെട്ട തെളിവുകൾ അടക്കം കൈമാറിക്കൊണ്ടാണ് ഡിജിപിക്ക് കത്ത് നൽകിയിട്ടുള്ളത്.
Kerala
കൊച്ചി: ഡിജിപി എസ്. ശ്രീജിത്തിനെതിരായ ഹർജിയിൽ അഡീഷണൽ ചീഫ് സെക്രട്ടറി മിൻഹാജ് ആലമിന് ഹൈക്കോടതി വിമർശനം. നേരിട്ട് ഹാജരാകാനുള്ള കോടതി ഉത്തരവിനെതിരെ കീഴുദ്യോഗസ്ഥൻ വഴി അവധി അപേക്ഷ നൽകിയ സംഭവത്തിലാണ് ഹൈക്കോടതിയുടെ വിമർശനം. ഇത് സംസ്ഥാനത്തെ ഉന്നത കോടതിയാണെന്നും വില്ലേജ് ഓഫീസല്ലെന്നും ജസ്റ്റീസ് ബദറുദ്ദീൻ വിമർശിച്ചു.
ഇത്തരം നടപടി ആവർത്തിച്ചാൽ കോടതി അലക്ഷ്യ നടപടികളിലേക്ക് കടക്കുമെന്നും പിഴ ചുമത്തുമെന്നും കോടതി മുന്നറിയിപ്പ് നൽകി. എസ്. ശ്രീജിത്തിനെതിരായ വിജിലൻസ് അന്വേഷണ ആവശ്യത്തിൽ തീരുമാനമെടുത്തത് അറിയിക്കാത്തതിനെ തുടർന്നാണ് ആഭ്യന്തര വകുപ്പ് സെക്രട്ടറിയോട് നേരിട്ട് ഹാജരാകാൻ ഹൈക്കോടതി നിർദേശിച്ചത്.
പരാതിക്കാരനെ കേട്ട് മൂന്നാഴ്ചയ്ക്കകം തീരുമാനമെടുത്ത് അറിയിക്കണമെന്നായിരുന്നു നേരത്തെ കോടതി നിർദേശം. എന്നാൽ ഇത് നടപ്പാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗസ്ഥനോട് നേരിട്ട് ഹാജരാകാൻ കോടതി ആവശ്യപ്പെട്ടത്. അതേസമയം എസ്. ശ്രീജിത്തിനെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ പുതിയ പെറ്റീഷൻ സമർപ്പിക്കാൻ ഹർജിക്കാരനായ ദിപിൻ എടവനയോട് ഹൈക്കോടതി നിർദേശിച്ചു.
മുൻകൂർ അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്നതടക്കമുള്ള ആരോപണങ്ങളിലാണ് വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ദിപിൻ എടവന കോടതിയെ സമീപിച്ചത്. യൂണിഫോം ധരിച്ച് യുഎഇയിലെ സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിൽ പങ്കെടുത്തതെന്നും ഗതാഗത കമ്മീഷണറായിരിക്കെ അഴിമതി നടത്തിയെന്നും ഉൾപ്പെടെയുള്ള ആരോപണങ്ങളാണ് ഹർജിയിലുള്ളത്.
Kerala
തിരുവനന്തപുരം: ഓണപ്പരീക്ഷയുടെ പേരിൽ വിദ്യാർഥികളെ തെറ്റിദ്ധരിപ്പിക്കുന്ന സമൂഹമാധ്യമങ്ങൾക്കെതിരേ അടിയന്തര നടപടി ആവശ്യപ്പെട്ട് പൊതു വിദ്യാഭ്യാസ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സംസ്ഥാന പോലീസ് മേധാവിക്കു പരാതി നൽകി. ഇൻസ്റ്റഗ്രാം, യൂട്യൂബ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിരവധി അധ്യാപകരും വിദ്യാഭ്യാസ ചാനലുകളും വിദ്യാർഥികൾക്കു ക്ലാസുകൾ നൽകുന്നുണ്ട്. ഇതിന്റെ മറവിൽ ചില സോഷ്യൽ മീഡിയ ചാനലുകൾ വിദ്യാർഥികളെ തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്നുവെന്നാണ് പരാതി.
ഇത്തരം ചാനലുകൾ വിദ്യാർഥികളെ അവരുടെ പ്ലാറ്റ്ഫോമുകളിലേക്കും ഗ്രൂപ്പുകളിലേക്കും എത്തിക്കുന്നതിനും വിവിധ തരത്തിലുള്ള വിദ്യാർഥി വിവരങ്ങൾ, ഡാറ്റ ശേഖരണത്തിനും ഉപയോഗിക്കുന്നതായി സംശയിക്കപ്പെടുന്നു. അധ്യാപക സംഘടനകൾ നേരത്തെ അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവന്നെങ്കിലും, ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ നടപടിയുണ്ടായില്ല.
Kerala
തിരുവനന്തപുരം: എസ്. ശ്രീജിത്തിനു ഡിജിപിയായി സ്ഥാനക്കയറ്റം നൽകിയതിൽ സർക്കാർ നടപടിയിൽ ഹൈക്കോടതിക്ക് എന്തു തീരുമാനം വേണമെങ്കിലും എടുക്കാമെന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ.
സർക്കാറിനു മുന്നിൽ ഒരു ഒഴിവ് വരുന്പോൾ ചെയ്യേണ്ട നടപടിക്രമം പൂർത്തിയാക്കുക മാത്രമാണു ചെയ്തത്. സർക്കാറിന് മുന്നിലെത്തിയ ഫയലിൽ ശ്രീജിത്തിനെതിരേ വിജിലൻസ് കേസില്ല. വിജിലൻസ് കേസ് വന്നേക്കും എന്ന് പറഞ്ഞ് ഒരാളുടെ സ്ഥാനക്കയറ്റം എന്തിനു തടയണമെന്നും മുഖ്യമന്ത്രി ചോദിച്ചു.
പ്രഥമദൃഷ്ട്യാ ഗുരുതരമായ തെറ്റ് ചെയ്തതായി കണ്ടെത്തിയതുകൊണ്ടാണു തിരുവനന്തപുരം കോർപറേഷൻ ബിജെപി കൗണ്സിലർ സുഗതന് അവധി അനുവദിക്കുന്നതിന് അനുകൂലമായി എഴുതിയ തദ്ദേശ വകുപ്പ് അണ്ടർസെക്രട്ടറിയെ സസ്പെൻഡ് ചെയ്തത്. അന്വേഷണം നടത്തിയാണ് സർക്കാർ അവർക്കെതിരേ നടപടിയെടുത്തത്. മന്ത്രി കൊടുത്തതല്ല, നിർദേശം.
ബോധപൂർവം ഒരാളെ സഹായിക്കാൻ വേണ്ടി ചെയ്തതായി പ്രഥദൃഷ്ട്യാ മനസിലായതിനാലാണു സസ്പെൻഡ് ചെയ്തത്. അന്വേഷണം പൂർത്തീകരിച്ച ശേഷം തുടർനടപടിയെടുക്കും.
ബിജെപിക്ക് അനുകൂലമായി റിപ്പോർട്ട് കൊടുത്തയാളെ സസ്പെൻഡ് ചെയ്താൽ അവർ അണ്ടർ സെക്രട്ടറിയെ പിന്തുണയ്ക്കുമെന്നത് സ്വാഭാവികമാണല്ലോയെന്ന്, ബിജെപി പ്രതിഷേധത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. പോസ്റ്റില്ലാത്ത സമയത്ത്
നിയമിച്ചതുകൊണ്ടായിരിക്കും 13 കെഎഎസുകാർ തസ്തികയില്ലാതെ ഇരിക്കാൻ കാരണം. അവരെ വഴിയാധാരമാക്കാൻ കഴിയില്ലല്ലോ എന്നും ഒരുപാട് ക്രമക്കേടുകൾ ഇത്തരം കാര്യങ്ങളിൽ നടന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: ഫയര്ഫോഴ്സ് മേധാവി നിധിന് അഗര്വാള് വിരമിക്കുമ്പോള് ഒഴിവ് വരുന്ന ഡിജിപി റാങ്കിലേക്ക് എസ്. ശ്രീജിത്തിനെ ഡിജിപിയാക്കാന് ചീഫ് സെക്രട്ടറി സര്ക്കാരിന് ശിപാര്ശ ചെയ്തു. നിലവില് ജയില് മേധാവിയാണ് എഡിജിപി എസ്. ശ്രീജിത്ത്.
സീനിയോരിറ്റി പ്രകാരം എം.ആര്. അജിത്കുമാറാണ് ഈ പദവിയിലേക്ക് എത്തേണ്ടിയിരുന്നത്. എന്നാല് അജിത്കുമാര് സസ്പെന്ഷനിലാണ്. കൂടാതെ സെന്ട്രല് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല് അജിത്കുമാറിന്റെ സസ്പെന്ഷൻ സ്റ്റേ ചെയ്തതുമില്ല. അതിനാല് ഒഴിവ് വരുന്ന ഡിജിപി റാങ്കിലേക്ക് എസ്. ശ്രീജിത്തിനെ ചീഫ് സെക്രട്ടറി ശിപാര്ശ ചെയ്യുകയായിരുന്നു.
കഴിഞ്ഞ ദിവസം കൂടിയ സ്ക്രീനിംഗ് കമ്മിറ്റി എസ്. ശ്രീജിത്ത്, വിജയ് സാഖറെ, സുരേഷ് രാജ് പുരോഹിത് എന്നിവരുടെ പേരുകളാണ് ഡിജിപി സ്ഥാനത്തേക്ക് പരിഗണിച്ചത്. ചീഫ് സെക്രട്ടറിയുടെ ശിപാര്ശയില് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമാണ് അന്തിമ തീരുമാനമെടുക്കേണ്ടത്.
സുരേഷ് രാജ് പുരോഹിത് നിലവില് കേന്ദ്ര ഡപ്യൂട്ടേഷനിലാണ്. അജിത്കുമാറും സുരേഷ് രാജ് പുരോഹിതും 1995 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥരാണ്. സുരേഷ് രാജ് പുരോഹിത് ഡെപ്യൂട്ടേഷന് കഴിഞ്ഞ് ഈ വര്ഷം അവസാനത്തോടെ സംസ്ഥാനത്ത് തിരികെ എത്തും.
Kerala
തിരുവനന്തപുരം: വിവിധ തരത്തിലുള്ള സൈബർ സാമ്പത്തിക തട്ടിപ്പുകൾ ഫലപ്രദമായി തടയുന്നതിനും കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതിനുമായി വിവിധ ബാങ്കുകളുമായി ചേർന്ന് സംയുക്ത കർമപരിപാടി നടപ്പാക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ അറിയിച്ചു.
സൈബർ കുറ്റകൃത്യങ്ങൾ പ്രതിരോധിക്കാനായി സംസ്ഥാന സൈബർ വിഭാഗവും വിവിധ പൊതുമേഖലാ, സ്വകാര്യ ബാങ്കുകളിലെ പ്രതിനിധികളും പങ്കെടുത്ത സംസ്ഥാനതല ഏകോപന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പണം നഷ്ടപ്പെടുന്നവരുടെ മാനസികാവസ്ഥ മനസിലാക്കി അവർക്ക് നീതി ഉറപ്പാക്കുന്ന തരത്തിലായിരിക്കും നടപടികൾ. സൈബർ ക്രൈമുകൾ നിരീക്ഷിക്കുന്നതിനും പരാതികൾ പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കുന്നതിനുമായി പോലീസിന്റെയും ബാങ്കുകളുടെയും പ്രതിനിധികൾ ഉൾപ്പെടുന്ന ഒരു ജോയിന്റ് സൈബർ കമ്മിറ്റിക്കു രൂപം നൽകും. ഇൻഡ്യൻ സൈബർ ക്രൈം കോ-ഓർഡിനേഷൻ സെന്ററിന്റെ വ്യവസ്ഥകൾക്കനുസരിച്ചുള്ള എല്ലാവിധ നടപടികളും സ്റ്റേറ്റ് സൈബർ ഡിവിഷൻ സ്വീകരിക്കുമെന്നും പോലീസ് മേധാവി പറഞ്ഞു.
സൈബർ ലോകത്തെ പുതിയ തട്ടിപ്പുകൾ മനസിലാക്കി അതിനെതിരെ കർശന നടപടികൾ സ്വീകരിക്കാൻ ജോയിന്റ് കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ പ്രവർത്തനത്തിലൂടെ സാധ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സൈബർ കുറ്റകൃത്യങ്ങളെ പ്രതിരോധിക്കാൻ സംസ്ഥാന സൈബർ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഓപ്പറേഷൻ സൈ ഹണ്ട് എന്ന പദ്ധതി നടപ്പിലാക്കി വരികയാണ്. ഇതിന്റെ ഭാഗമായി വിവിധ ജില്ലകളിൽ സൈബർ സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുന്നതിനുള്ള പ്രത്യേക അന്വേഷണങ്ങളും ഏകോപിത പരിശോധനകളും പുരോഗമിക്കുകയാണ്.
തട്ടിപ്പിലൂടെ ലഭിച്ച പണം സ്വീകരിക്കുന്ന മ്യൂൾ അക്കൗണ്ടുകൾ കണ്ടെത്തൽ, ബാങ്ക് അക്കൗണ്ടുകളുടെ വിശകലനം, ഡിജിറ്റൽ തെളിവുകളുടെ ശേഖരണം, ബാങ്കുകളുമായും മറ്റ് ഏജൻസികളുമായും ചേർന്നുള്ള അന്വേഷണ പ്രവർത്തനങ്ങൾ എന്നിവയും ശക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾ സെന്റർ പ്രവർത്തനക്ഷമമാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
Kerala
തിരുവനന്തപുരം: കുണ്ടറയില് കസ്റ്റഡി മര്ദനത്തെ തുടര്ന്ന് യുവാവ് മരിച്ചെന്ന ആരോപണത്തില് ഡിജിപിയോട് മന്ത്രി രമേശ് ചെന്നിത്തല റിപ്പോര്ട്ട് തേടി. വിദ്യാര്ഥിയെ കാണാതായ സംഭവത്തില് കസ്റ്റഡിയില് എടുത്ത് വിട്ടയച്ച യുവാവ് ആശുപത്രിയില് ചികിത്സയിലിരിക്കേയാണ് മരിച്ചത്.
പോലീസ് മര്ദനത്തെ തുടര്ന്നാണ് സിയാദ് മരിച്ചതെന്ന് കുടുംബം ആരോപിച്ചു. സിയാദിന്റെ മകളും പോലീസ് ഉദ്യോഗസ്ഥനും തമ്മിലെ ഫോണ് സംഭാഷണം പുറത്തായിരുന്നു.
പോലീസുകാരന്റെ മര്ദനമേറ്റാണ് സിയാദിന് പരിക്കേറ്റതെന്ന് കുടുംബം ആരോപിക്കുകയും ചെയ്തു. അതിനു പിന്നാലെ ഡിവൈഎഫ്ഐ പ്രതിഷേധവുമായി രംഗത്തെത്തി. പോലീസ് സ്റ്റേഷന് മുന്നിലായിരുന്നു ഡിവൈഎഫ്ഐ പ്രതിഷേധിച്ചത്. പിന്നാലെയാണ് ആഭ്യന്തര മന്ത്രി റിപ്പോര്ട്ട് തേടിയത്.
ജൂണ് 16നാണ് കുണ്ടറ പോലീസ് സിയാദിനെ വീട്ടില് നിന്ന് കസ്റ്റഡിയില് എടുത്തത്. 13കാരനായ സഹോദരനെ കാണ്മാനില്ല എന്ന സഹോദരിയുടെ പരാതിയിലാണ് സിയാദിനെതിരേ പോലീസ് കേസെടുത്തത്. എന്നാല് കാണാതായ കുട്ടിയെ തിരിച്ചുകിട്ടി എന്നതിന്റെ അടിസ്ഥാനത്തില് അടുത്ത ദിവസം സിയാദിനെ പോലീസ് വിട്ടയയ്ക്കുകയായിരുന്നു.
തുടര്ന്ന് രണ്ടാഴ്ചയ്ക്കുശേഷം സിയാദ് പലവിധമായ രോഗങ്ങളാല് പല ആശുപത്രികളിലും കയറിയിറങ്ങുകയും തിരുവനന്തപുരം മെഡിക്കല് കോളജ് ആശുപത്രിയില് ചികിത്സയിലിരിക്കേ ഈമാസം 25ന് മരിക്കുകയും ചെയ്തു.
Kerala
കൊച്ചി: കൈവിലങ്ങ് അണിയിച്ച വ്യക്തിയെ പൊതുജനങ്ങള്ക്കു മുന്നില് പ്രദര്ശിപ്പിക്കുകയോ അനാവശ്യമായി മാധ്യമശ്രദ്ധയ്ക്കു വിധേയനാക്കുകയോ ചെയ്യരുതെന്നു നിർദേശിച്ച് ഡിജിപിയുടെ സർക്കുലർ. കൈവിലങ്ങ് ഉപയോഗിക്കുന്നതു സംബന്ധിച്ച് അവ്യക്തതയുണ്ടെന്നു ബോധ്യപ്പെട്ട സാഹചര്യത്തിലാണ് സര്ക്കുലറിറക്കുന്നതെന്ന് ഡിജിപി റവാഡ ചന്ദ്രശേഖര് ഉത്തരവില് പറയുന്നു.
ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബിഎന്എസ്എസ്) 2023ലെ വകുപ്പ് 43(3) പ്രകാരം കുറ്റകൃത്യത്തിന്റെ തീവ്രതയനുസരിച്ച് പ്രതിയെ അറസ്റ്റ് ചെയ്യുമ്പോഴും കോടതിയില് ഹാജരാക്കുമ്പോഴും കൈവിലങ്ങ് അണിയിക്കാന് പോലീസ് ഉദ്യോഗസ്ഥന് അധികാരമുണ്ടെന്ന് ഉത്തരവിലുണ്ട്. എന്നാല്, ഇതു വിവേചനാധികാരമാണെന്നും നിര്ബന്ധമല്ലെന്നും സര്ക്കുലറില് വ്യക്തമാക്കുന്നു.
ബിഎന്എസ്എസ് വകുപ്പ് 43(3)ല് ഉള്പ്പെടുന്ന കുറ്റകൃത്യങ്ങളിലെ പ്രതിയാണെന്ന കാരണത്താല് മാത്രം കൈവിലങ്ങ് ഉപയോഗിക്കരുത്. കുറ്റത്തിന്റെ സ്വഭാവം, ഗൗരവം, പ്രതിയുടെ പെരുമാറ്റം, രക്ഷപ്പെടാനുള്ള സാധ്യത, അക്രമാസക്തമായ പെരുമാറ്റത്തിനു സാധ്യത, സുരക്ഷാസാഹചര്യം എന്നിവ പ്രത്യേകം വിലയിരുത്തിയശേഷമേ കൈവിലങ്ങ് ഉപയോഗിക്കാവൂ.
കൈവിലങ്ങ് ഉപയോഗിക്കുന്ന എല്ലാ സാഹചര്യങ്ങളിലും അതിനുള്ള വ്യക്തമായ കാരണം അറസ്റ്റ് ചെയ്യുന്ന ഉദ്യോഗസ്ഥന് രേഖപ്പെടുത്തണം. ജനറല് ഡയറിയിലും കസ്റ്റഡിയിലുള്ളവരുടെ രജിസ്റ്ററായ കെപിഎഫ്-150ലും ഇതു രേഖപ്പെടുത്തണം. പ്രതിയെ കോടതിയില് ഹാജരാക്കുമ്പോള് രേഖാമൂലം കോടതിയെ ഇക്കാര്യം അറിയിക്കുകയും വേണം.
ഭരണഘടനയുടെ 21-ാം അനുച്ഛേദപ്രകാരം വ്യക്തികളുടെ അവകാശം പാലിക്കണം. പ്രായാധിക്യം, ഗുരുതര ആരോഗ്യപ്രശ്നങ്ങള്, ശാരീരിക അവശത, ഭിന്നശേഷി തുടങ്ങിയ സാഹചര്യങ്ങളില് സുരക്ഷാഭീഷണി അതീവ ഗുരുതരമല്ലെങ്കില് സാധാരണയായി കൈവിലങ്ങ് ഉപയോഗിക്കുന്നത് ഒഴിവാക്കണം. ഒരാളുടെ അന്തസിനു കളങ്കം വരുത്താനായി ബോധപൂര്വം വിലങ്ങ് ധരിപ്പിക്കരുത്. കോടതിയില് ഹാജരാക്കാന് അകന്പടി പോകുന്ന ഉദ്യോഗസ്ഥരുടെ സൗകര്യത്തിനായി വിലങ്ങ് ധരിപ്പിക്കരുതെന്നും സര്ക്കുലറില് പറയുന്നു.
ജില്ലാ പോലീസ് മേധാവിമാര് ഈ നിര്ദേശങ്ങള് പോലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്പ്പെടുത്തി കര്ശനമായി നടപ്പാക്കമെന്നും മാര്ഗനിര്ദേശങ്ങള് ലംഘിക്കുന്നവര്ക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും സര്ക്കുലറില് മുന്നറിയിപ്പ് നല്കുന്നു.
Kerala
കൊച്ചി : കംബോഡിയ സൈബര്തട്ടിപ്പ് റാക്കറ്റുകള് നടത്തിയ മനുഷ്യക്കടത്തിനെക്കുറിച്ചുള്ള അന്വേഷണറിപ്പോര്ട്ട് ഈയാഴ്ച സിറ്റി പോലീസ് കമ്മീഷണര് എസ്. കാളിരാജ് മഹേഷ്കുമാർ, ഡിജിപി റവാഡ ചന്ദ്രശേഖറിന് കൈമാറും.
കൊച്ചി സിറ്റി പോലീസിന്റെ ഏഴംഗ അന്വേഷണസംഘം കണ്ടെത്തിയ 12ലധികം ഇരകളുടെ മൊഴികള് ഉള്പ്പെടുത്തിയാണ് റിപ്പോര്ട്ട്. മനുഷ്യക്കടത്ത് സിബിഐയെക്കൊണ്ട് അന്വേഷിക്കണമെന്നാണു എസിപിയുടെ നേതൃത്വത്തിൽ തയാറാക്കിയ റിപ്പോര്ട്ടില് ആവശ്യപ്പെട്ടിരിക്കുന്നത്. മൊഴിയുടെ അടിസ്ഥാനത്തില് മുഖ്യപ്രതി അബ്ദുറഹ്മാനും മറ്റു പ്രതികള്ക്കുമെതിരേ മനുഷ്യക്കടത്തിന് കേസ് രജിസ്റ്റര് ചെയ്യണമെന്നും റിപ്പോര്ട്ടില് പറയുന്നു.
പാലക്കാട് സ്വദേശി അബ്ദുറഹ്മാന് കംബോഡിയയിലേക്കു കടത്തിയ 12ലധികം മലയാളികളെ അന്വേഷണസംഘം തിരിച്ചറിഞ്ഞിരുന്നു. പാസ്പോര്ട്ട് പിടിച്ചുവച്ച ശേഷമാണ് ഇവരെ റോഡ് മാര്ഗം തായ്ലന്ഡില്നിന്നു കംബോഡിയയിലേക്ക് എത്തിച്ചത്. രേഖകള് ഇല്ലാത്തതിനാല് കംബോഡിയയില്നിന്ന് ഇവരെ നാട് കടത്തിയിരുന്നു.
ഒരാളെ കടത്തുന്നതിന് താന് വാങ്ങിയിരുന്നത് മൂന്നു ലക്ഷത്തോളം രൂപയാണെന്ന് അബ്ദുറഹ്മാന് ചോദ്യംചെയ്യലില് പറഞ്ഞിരുന്നു. ഇതില് സംഘാംഗങ്ങള്ക്കു നല്കിയശേഷം രണ്ടു ലക്ഷത്തോളം രൂപയാണ് അബ്ദുറഹ്മാനു ലഭിച്ചിരുന്നത്. ഇയാള് നൂറോളം പേരെ കംബോഡിയയിലേക്ക് അയച്ചതായാണു പ്രാഥമിക നിഗമനം.
മാട്രിമോണിയല് സൈറ്റിലൂടെ പരിചയപ്പെട്ട ഡോക്ടറില്നിന്ന് 37 ലക്ഷം രൂപ തട്ടിയ കേസിലാണ് അബ്ദുറഹ്മാന് അറസ്റ്റിലായത്. ‘ഓപ്പറേഷന് കംബോഡിയ’ എന്നപേരിലായിരുന്നു അന്വേഷണം.
National
അഗർത്തല: ത്രിപുര പോലീസ് മേധാവി അനുരാഗ് ധങ്കർ മരിച്ച നിലയിൽ. അഗർത്തലയിലെ പോലീസ് ആസ്ഥാനത്താണ് ഡിജിപി അനുരാഗ് ധങ്കറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഡിജിപി സ്വയം വെടിയുതിർത്ത് ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം.
സർവീസ് റിവോൾവർ ഉപയോഗിച്ച് അനുരാഗ് ധങ്കർ സ്വയം വെടിയുതിർത്തതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. 1994 ബാച്ച് ഐപിഎസ് ഓഫീസറാണ് അനുരാഗ് ധങ്കർ. ഇക്കഴിഞ്ഞ മേയ് മാസത്തിലാണ് ത്രിപുരയുടെ പോലീസ് മേധാവിയായി നിയമിതനായത്.
അനുരാഗ് ധങ്കറിനെ ഗോവിന്ദ് വല്ലഭ് പന്ത് ആശുപത്രിയിൽ എത്തിച്ചതിന് പിന്നാലെ മരണം സ്ഥിരീകരിക്കുകയായിരുന്നു. പോലീസ് സംഘം സംഭവ സ്ഥലത്ത് അന്വേഷണം തുടങ്ങി. മുഖ്യമന്ത്രി മണിക് സാഹ ഉൾപ്പെടെയുള്ളവർ പോലീസ് ആസ്ഥാനത്ത് എത്തിയിട്ടുണ്ട്. എന്നാൽ ഡിജിപിയുടെ മരണ കാരണം സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല.
Kerala
ആലപ്പുഴ: ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർ മർദിച്ച സംഭവത്തിൽ പ്രത്യേക അന്വേഷണസംഘത്തോട് കൂടുതൽ വിവരങ്ങൾ തേടി ഡിജിപി. റിപ്പോർട്ടിൽ വ്യക്തത വരുത്തുന്നതിന്റെ ഭാഗമാണ് നടപടി. കേസ് ഡയറി അട്ടിമറിച്ചെന്ന ആരോപണത്തിൽ ഉദ്യോഗസ്ഥർക്കെതിരെ സ്വീകരിക്കുന്ന നടപടികൾ നിയമപരമായി തിരിച്ചടിയാകരുതെന്ന് ഉറപ്പാക്കുന്നതിനായാണ് നീക്കം.
പ്രത്യേക അന്വേഷണസംഘം സമർപ്പിച്ച റിപ്പോർട്ട് ഡിജിപി ഇന്ന് ആഭ്യന്തരവകുപ്പിന് കൈമാറിയേക്കുമെന്നാണ് സൂചന. പൊലീസ് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി കേസ് ഡയറി തിരുത്തിയ സംഭവത്തിൽ എഡിജിപി എം.ആർ.അജിത് കുമാറിനും വീഴ്ച പറ്റിയിട്ടുണ്ടെന്നാണ് ഡിജിപിയുടെ വിലയിരുത്തൽ.
റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് അജിത് കുമാറിനെതിരെ ആഭ്യന്തരവകുപ്പ് ഉചിതമായ നടപടി കൈക്കൊണ്ടേക്കും. അട്ടിമറിക്ക് ഒത്താശ ചെയ്ത അജിത് കുമാറിന്റെ ഓഫീസിലെ മറ്റ് രണ്ട് ഉദ്യോഗസ്ഥരും നിലവിൽ നടപടി നേരിടേണ്ടി വരുമെന്നാണ് വിവരം.
ഇവരുടെ നേതൃത്വത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തിയതും കേസ് ഡയറി തിരുത്തിയതും. യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകരെ മര്ദിച്ച കേസില് ഗണ്മാന് അനില്കുമാര് ഉള്പ്പെടെയുള്ളവരെ എസ്ഐടി ചോദ്യം ചെയ്തിരുന്നു.
National
ന്യൂഡൽഹി: മെഡിക്കൽ വിദ്യാർഥിനി സാവരിയ കൊല്ലപ്പെട്ട സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ഉസ്ബെക്കിസ്ഥാനിൽ നടന്ന സംഭവത്തിൽ നിർബന്ധിത മതംമാറ്റ ശ്രമങ്ങളുണ്ടെന്ന ആരോപണം ഉയർന്നതിനെത്തുടർന്നാണ് കമ്മീഷന്റെ നടപടി.
വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് കമ്മീഷൻ സ്വമേധയാ കേസെടുക്കുകയായിരുന്നു. കേസിൽ ഇതുവരെയുള്ള അന്വേഷണ പുരോഗതിയും സ്വീകരിച്ച നടപടികളും വ്യക്തമാക്കുന്ന വിശദമായ റിപ്പോർട്ട് ഒരാഴ്ചയ്ക്കകം സമർപ്പിക്കാൻ സംസ്ഥാന പോലീസ് മേധാവിയോട് കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.
കേസിൽ കേന്ദ്ര-സംസ്ഥാന ഏജൻസികളുടെ ശക്തമായ ഏകോപനമാണ് കമ്മീഷൻ ലക്ഷ്യമിടുന്നത്. ഇതിനായി വിദേശകാര്യ മന്ത്രാലയവുമായി നേരിട്ട് ബന്ധപ്പെട്ട് അന്വേഷണ നടപടികൾ വേഗത്തിലാക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഉസ്ബെക്കിസ്ഥാനിലെ ഇന്ത്യൻ എംബസി അടിയന്തരമായി ഇടപെടണമെന്ന കർശന നിർദ്ദേശവും കമ്മീഷൻ നൽകി.
അതേസമയം സാവരിയ കൊലപാതകത്തിന് പിന്നിൽ ലൗ ജിഹാദാണെന്ന ആരോപണവുമായി വിശ്വഹിന്ദു പരിഷത്ത് രംഗത്തെത്തി. സാവരിയയെ പ്രതിയായ സദറുൾ അനം മതം മാറാൻ നിർബന്ധിച്ചതായി വ്യക്തമായിട്ടുണ്ടെന്നും ഇതിന് വഴങ്ങാത്തതുകൊണ്ടാണ് കൊലപാതകം നടത്തിയതെന്നും വിഎച്ച്പി ആരോപിച്ചു.
Kerala
തിരുവനന്തപുരം: മയക്കുമരുന്ന് മാഫിയയ്ക്കെതിരായ ഓപ്പറേഷൻ തൂഫാൻ മറ്റ് സംസ്ഥാനങ്ങളിലും ചലനമുണ്ടാക്കിയെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ദക്ഷിണേന്ത്യൻ ഡിജിപിമാരുടെ യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു ആഭ്യന്തര മന്ത്രി.
തൂഫാൻ ഏകോപിപ്പിക്കാൻ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ എസ്പി റാങ്കിൽ ഒരു നോഡൽ ഓഫീസറെ നിയമിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. തിരുവനന്തപുരം പൊലീസ് ആസ്ഥാനത്ത് ആയിരുന്നു യോഗം.
കേന്ദ്ര ഏജൻസികളും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ പോലീസ് മേധാവിമാരും ചേർന്നുള്ള വലിയ ഓപ്പറേഷനായിരിക്കും അടുത്ത ഘട്ടത്തിൽ ആരംഭിക്കുന്നത്. കേരളത്തിലേക്ക് മയക്കുമരുന്ന് കടന്നുവരുന്നതിനുള്ള സാഹചര്യങ്ങൾ പൂർണമായി ഇല്ലാതാക്കാനാണ് ലക്ഷ്യം.
ബസ്, ട്രെയിൻ, വിമാനം, ബോട്ട് തുടങ്ങിയ മാർഗങ്ങളിൽ മയക്കുമരുന്ന് എത്തുന്നത് തടഞ്ഞ് കേരളത്തെ ലഹരിമുക്ത സംസ്ഥാനമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ ആണ് ഓപ്പറേഷൻ തൂഫാൻ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഓപ്പറേഷൻ തൂഫാനെ തുടർന്ന് മയക്കുമരുന്ന് കടത്തുകാർ പുതിയ മാർഗങ്ങൾ കണ്ടെത്തുകയാണെന്ന് മന്ത്രി പറഞ്ഞു. ഓൺലൈനിലും കൊറിയറിലുമായി ലഹരിമരുന്ന് എത്തുന്നുണ്ട്. ഡോക്ടറുടെ കുറുപ്പടിയില്ലാതെ ഒരു മരുന്നും വിതരണം ചെയ്യാൻ പാടില്ല.
ക്യാൻസർ മരുന്നുവരെ മെഡിക്കൽ സ്റ്റോറിൽനിന്ന് വാങ്ങി ലഹരി ഉപയോഗിക്കുന്നവർ ഉപയോഗിക്കുന്നു. ഇക്കാര്യത്തിൽ മെഡിക്കൽ ഷോപ്പ് ഉടമകൾ ജാഗ്രത പുലർത്തണം. ഇതുസംബന്ധിച്ചു ആരോഗ്യമന്ത്രിയുമായി സംസാരിച്ചിട്ടുണ്ട്. വേണ്ടിവന്നാൽ സംയുക്തമായി ഓപ്പറേഷൻ നടത്തുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Kerala
തിരുവനന്തപുരം: പിഎസ്സി പരീക്ഷാ ക്രമക്കേട് അന്വേഷിക്കാൻ ഐജി അജിത ബീഗത്തിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ഡിജിപി ഉത്തരവിറക്കി. എസ്പി സക്കറിയ മാത്യു, ഡിവൈഎസ്പി അജയ് നാഥ് എന്നിവരാണ് മറ്റ് അംഗങ്ങൾ. അന്വേഷണ പുരോഗതി റിപ്പോർട്ട് രണ്ടാഴ്ച കൂടുമ്പോൾ സമർപ്പിക്കണമെന്നും ഡിജിപിയുടെ ഉത്തരവിൽ പറയുന്നു.
പിഎസ്സി പരീക്ഷ ക്രമക്കേടിൽ ഒരേ സമയം രണ്ട് അന്വേഷണമാണ് നടക്കുന്നത്. പി എസ്സി ആഭ്യന്തര വിജിലന്സും ക്രൈംബ്രാഞ്ചുമാണ് വ്യത്യസ്തങ്ങളായ അന്വേഷണം നടത്തുന്നത്. ആസൂത്രണ ബോര്ഡിലെ നിയമനത്തിനുള്ള പരീക്ഷയിൽ ക്രമക്കേടെന്ന പരാതിയിൽ പിഎസ്സി നിയോഗിച്ചത് അനുസരിച്ച് അഭ്യന്തര വിജിലൻസ് എസ് പി അന്വേഷണം തുടങ്ങി.
ഇതിനൊപ്പമാണ് മന്ത്രിസഭാ തീരുമാന പ്രകാരം ക്രൈംബ്രാഞ്ചും അന്വേഷണ തുടങ്ങുന്നത്. പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് അടുത്തകാലത്തുണ്ടായ ആരോപണങ്ങളിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുക.
Kerala
തിരുവനന്തപുരം: പാലക്കാട് ജില്ലയിലെ കുഞ്ഞുങ്ങളുടെ ദുരൂഹ മരണത്തിൽ ഡിജിപി റവാഡ ചന്ദ്രശേഖർ റിപ്പോർട്ട് തേടി. കഴിഞ്ഞ എട്ടുവർഷത്തിനിടെ 28 കുട്ടികൾ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട സംഭവത്തെക്കുറിച്ച് അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ സംസ്ഥാന പോലീസ് മേധാവി നിർദ്ദേശം നൽകി.
തൃശൂർ റേഞ്ച് ഡിഐജി ടി. നാരായണനോടാണ് ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചിരിക്കുന്നത്. വാളയാറിലുണ്ടായ സംഭവങ്ങൾ ഉൾപ്പെടെയുള്ളവ ചൂണ്ടിക്കാട്ടി ആക്ഷൻ കൗൺസിൽ ഭാരവാഹികൾ മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ അടിയന്തര നടപടി.
ആഭ്യന്തരമന്ത്രിക്ക് ലഭിച്ച നിവേദനം തുടർനടപടികൾക്കായി അദ്ദേഹം സംസ്ഥാന പോലീസ് മേധാവിക്ക് കൈമാറുകയായിരുന്നു. ദുരൂഹമരണങ്ങൾക്ക് പുറമെ ജില്ലയിൽ കഴിഞ്ഞ പത്ത് വർഷത്തിനിടെ കാണാതായ കുട്ടികളെക്കുറിച്ചും ഈ ഘട്ടത്തിൽ വിശദമായി അന്വേഷിക്കാൻ നിർദേശമുണ്ട്.
വിഷയത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ഒരു സന്നദ്ധ സംഘടന ഹൈക്കോടതിയെയും സമീപിച്ചിരുന്നു. കേസിന്റെ ഗൗരവം കണക്കിലെടുത്ത് വരും ദിവസങ്ങളിൽ ഒരു പ്രത്യേക അന്വേഷണ സംഘത്തെ തന്നെ ഇതിനായി നിയോഗിച്ചേക്കുമെന്നും സൂചനയുണ്ട്.
Kerala
തിരുവനന്തപുരം: അയൽ സംസ്ഥാനങ്ങളിൽനിന്നടക്കം കഞ്ചാവും മയക്കുമരുന്നും കേരളത്തിലേക്ക് എത്തുന്നതു തടയാൻ മറ്റു സംസ്ഥാനങ്ങളിലെ പോലീസ് മേധാവിമാരുടെ യോഗം 10നു ചേരും.
മയക്കുമരുന്നിനെതിരേ പോലീസിന്റെ നേതൃത്വത്തിൽ നടക്കുന്ന ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ടാണ് മറ്റു സംസ്ഥാനങ്ങളിലെ ഡിജിപിമാരുടെ യോഗം കേരളം വിളിച്ചുചേർക്കുന്നത്.
മറ്റു സംസ്ഥാനങ്ങളിൽനിന്ന് ട്രെയിൻ മാർഗവും കടൽ മാർഗവും കഞ്ചാവും മയക്കു മരുന്നും എത്തിക്കുന്നുണ്ടെന്നാണ് പോലീസ് കണ്ടെത്തൽ. ഇതു തടയാനാവശ്യമായ മാർഗരേഖയുണ്ടാക്കുകയാണ് യോഗത്തിന്റെ പ്രധാന ലക്ഷ്യം.
വിവിധ സംസ്ഥാനങ്ങളിലെ ഡിജിപിമാർ എത്തിച്ചേരാമെന്ന് അറിയിച്ചിട്ടുണ്ട്. അസൗകര്യമുണ്ടെങ്കിൽ പ്രതിനിധികളെ അയയ്ക്കും. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല യോഗത്തിൽ പങ്കെടുക്കും.
ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി മിൻഹാജ് ആലം, സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ പങ്കെടുക്കും.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥർ ഔദ്യോഗിക വേഷത്തിൽ മതപരമായ ചടങ്ങുകളിലോ ആഘോഷങ്ങളിലോ പങ്കെടുക്കരുതെന്ന് കർശന നിർദേശവുമായി ഡിജിപി. ഇത് സംബന്ധിച്ച് സംസ്ഥാനത്തെ മുഴുവൻ പോലീസ് ഉദ്യോഗസ്ഥർക്കുമായി ഡിജിപി പ്രത്യേക സർക്കുലർ പുറത്തിറക്കി. സിവിൽ പോലീസ് ഉദ്യോഗസ്ഥർ മുതൽ ഉന്നത ഉദ്യോഗസ്ഥർ വരെയുള്ളവർക്ക് ഈ ഉത്തരവ് ബാധകമാണ്.
ചില പോലീസ് ഉദ്യോഗസ്ഥർ മതപരമായ ചടങ്ങുകളിലും ആഘോഷങ്ങളിലും ഔദ്യോഗിക വേഷത്തിൽ പങ്കെടുക്കുകയും, ഇതിന്റെ റീൽസുകളും ദൃശ്യങ്ങളും ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്യുന്നതിനെതിരെ വ്യാപക പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് നടപടി.
ഔദ്യോഗികമായ ക്രമസമാധാന പാലനത്തിന്റെ ഭാഗമായിട്ടല്ലാതെ, വ്യക്തിപരമായി ഇത്തരം ചടങ്ങുകളിൽ യൂണിഫോം ധരിച്ച് പങ്കെടുക്കാൻ പാടില്ലെന്ന് സർക്കുലറിൽ വ്യക്തമാക്കുന്നു. പോലീസിന്റെ നിഷ്പക്ഷതയും ഔദ്യോഗിക പദവിയുടെ അന്തസും കാത്തുസൂക്ഷിക്കാൻ എല്ലാ ഉദ്യോഗസ്ഥരും ഈ നിർദേശം കർശനമായി പാലിക്കണമെന്ന് ഡിജിപി അറിയിച്ചു. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കർശന അച്ചടക്ക നടപടിയുണ്ടാകും.
Kerala
തിരുവനന്തപുരം: ആലപ്പുഴയിൽ നവകേരള യാത്രക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിലെ അന്വേഷണ റിപ്പോർട്ട് ഡിജിപിക്ക് കൈമാറി. എസ്പി ഷൗക്കത്തലി നേരിട്ടാണ് റിപ്പോർട്ട് ഡിജിപിക്ക് കൈമാറിയത്. അന്വേഷണത്തിൽ അട്ടിമറി നടന്നുവെന്നാണ് എസ്ഐടിയുടെ കണ്ടെത്തല്.
എം.ആർ. അജിത് കുമാറിനെതിരായ ഉദ്യോഗസ്ഥരുടെ മൊഴിയും രേഖകളും റിപ്പോർട്ടിന്റെ ഭാഗമായി നൽകിയിട്ടുണ്ട്. എഡിജിപി എം.ആർ. അജിത് കുമാറിന്റെ കാലത്ത് കേസ് ഡയറി തിരുത്തിയെന്ന മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു എസ്ഐടി അന്വേഷണം.
കെഎസ്യു യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി ഓഫീസിൽ വച്ച് കേസ് ഡയറി തിരുത്തിയെന്നാണ് വെളിപ്പെടുത്തൽ.
എഡിജിപി അജിത് കുമാറിന്റെ അറിവോടെ ഗ്രേഡ് എസ്ഐമാരായ ഗിരീഷും ശ്രീകാന്തും ചേർന്ന് രേഖകള് തിരുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് ആദ്യ അന്വേഷണ സംഘം എസ്ഐടിക്ക് മൊഴി നൽകിയത്.
2023 ഡിസംബറിലാണ് പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ നടത്തിയ നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ വെച്ച് കരിങ്കൊടി കാണിച്ച പ്രവർത്തകരെ ഗൺമാൻമാരായ അനിൽ കുമാറും സന്ദീപും ചേർന്ന് മർദിച്ചത്.
Kerala
കൊച്ചി: കംബോഡിയയിലെ സൈബര്തട്ടിപ്പ് റാക്കറ്റുകള് നടത്തിയ മനുഷ്യക്കടത്തിനെക്കുറിച്ചുള്ള അന്വേഷണറിപ്പോര്ട്ട് പോലീസ് സംഘം ഉടന് ഡിജിപിക്കു കൈമാറും. കൊച്ചി സിറ്റി പോലീസിന്റെ ഏഴംഗ അന്വേഷണസംഘം കണ്ടെത്തിയ 12ലധികം ഇരകളുടെ മൊഴിയെടുക്കല് അവസാന ഘട്ടത്തിലാണ്.
വിവിധ ജില്ലകളില്നിന്നുള്ള ഇരകളുടെ വീടുകളില് നേരിട്ടെത്തിയാണ് അന്വേഷണസംഘം മൊഴിയെടുക്കുന്നത്.
മുഖ്യപ്രതി പാലക്കാട് സ്വദേശി അബ്ദുറഹ്മാന് കംബോഡിയയിലേക്കു കടത്തിയ 12ലധികം മലയാളികളെ അന്വേഷണസംഘം തിരിച്ചറിഞ്ഞിരുന്നു. പാസ്പോര്ട്ട് പിടിച്ചു വച്ചശേഷമാണ് ഇവരെ റോഡ് മാര്ഗം തായ്ലന്ഡില്നിന്നു കംബോഡിയയിലേക്ക് എത്തിച്ചത്.
രേഖകള് ഇല്ലാത്തതിനാല് കംബോഡിയയില്നിന്ന് ഇവരെ നാടു കടത്തിയിരുന്നു. മൊഴിയുടെ അടിസ്ഥാനത്തില് അബ്ദുറഹ്മാനും മറ്റു പ്രതികള്ക്കുമെതിരേ മനുഷ്യക്കടത്തിന് കേസ് രജിസ്റ്റര് ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ നീക്കം. തുടര്ന്ന് എസിപിയുടെ നേതൃത്വത്തില് വിശദമായ അന്വേഷണറിപ്പോര്ട്ട് ഡിജിപിക്ക് കൈമാറും.
മൊഴിയെടുപ്പ് പൂര്ത്തിയായശേഷം റിമാന്ഡിലുള്ള അബ്ദുറഹ്മാനെ വീണ്ടും കസ്റ്റഡിയില് വാങ്ങും.
അബ്ദുറഹ്മാന്റെ ബാങ്ക് അക്കൗണ്ട്, സ്വത്തുവിവരങ്ങള് എന്നിവ പരിശോധിച്ചുവരികയാണ്. ഒരാളെ കടത്തുന്നതിന് താന് വാങ്ങിയിരുന്നത് മൂന്നു ലക്ഷത്തോളം രൂപയാണെന്ന് ഇയാൾ ചോദ്യംചെയ്യലില് സമ്മതിച്ചിരുന്നു. ഇതില് സംഘാംഗങ്ങള്ക്കു നല്കിയശേഷം രണ്ടു ലക്ഷത്തോളം രൂപയാണ് ഇയാൾക്കു ലഭിച്ചിരുന്നത്. ഇയാള് നൂറോളം പേരെ കംബോഡിയയിലേക്ക് അയച്ചതായാണു പ്രാഥമിക നിഗമനം.
മാട്രിമോണിയല് സൈറ്റിലൂടെ പരിചയപ്പെട്ട ഡോക്ടറില്നിന്ന് 37 ലക്ഷം തട്ടിയ കേസിലാണ് അബ്ദുറഹ്മാന് അറസ്റ്റിലായത്. ഓപ്പറേഷന് കംബോഡിയ എന്നപേരിലായിരുന്നു അന്വേഷണം. സമൂഹമാധ്യമങ്ങളിലൂടെ ട്രേഡിംഗ്, ലോണ് ആപ് പരസ്യങ്ങള്വഴിയും മാട്രിമോണിയല് സൈറ്റുകള് വഴിയുമായിരുന്നു റാക്കറ്റിന്റെ തട്ടിപ്പ്.
Kerala
തിരുവനന്തപുരം: ഐപിഎസ് തലപ്പത്തെ സ്ഥലംമാറ്റത്തിൽ പോലീസ് സേനയിൽ ഉദ്യോഗസ്ഥർക്ക് കടുത്ത അതൃപ്തി, തങ്ങളുടെ അതൃപ്തി ഐപിഎസ് ഉദ്യോഗസ്ഥർ സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖറിനെ നേരിൽകണ്ട് അറിയിച്ചു.
ചട്ടം മറികടന്നുള്ള സ്ഥലംമാറ്റമാണ് കഴിഞ്ഞ ദിവസം പുറത്തിറക്കിയതെന്നും അംഗീകരിക്കാനാകില്ലെന്നും ഐജിമാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖറിനെ അറിയിക്കുകയായിരുന്നു. മൂന്ന് കാര്യങ്ങളിലുള്ള അതൃപ്തിയാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്.
കേഡർ പോസ്റ്റുകളിൽ ജൂനിയർ ഐപിഎസ് ഉദ്യോഗസ്ഥരെ നിയമിച്ചതിലും നിലവിൽ സ്ഥലം മാറ്റപ്പെട്ട മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥർക്ക് പകരം നിയമനം നൽകാത്തതും ഡിജിപിയോട് വിവരിച്ചു. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ പദവി ഐജി റാങ്കിലുള്ളതാണ്.
നിലവിലെ കമ്മീഷണർ ഐജി റാങ്കിലെ ഉദ്യോഗസ്ഥനായ കെ. കാർത്തിക്കാണ്. കാർത്തിക്കിനെ മാറ്റി പകരം ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥനെയാണ് പുതിയ കമ്മീഷണറായി നിയമിച്ചിരിക്കുന്നത്.
കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറായി നിയമിച്ച എ.പി. ഷൗക്കത്തലി ജൂനിയർ ഉദ്യോഗസ്ഥനാണ്. സീനിയർ ഉദ്യോഗസ്ഥയായ മെറിൻ ജോസഫിനെ കോഴിക്കോട് റൂറൽ എസ്പിയായി നിയമിച്ചു. എന്നാൽ ഡിഐജി ഗ്രേഡിൽ എത്തി നിൽക്കുന്ന ഉദ്യോഗസ്ഥയാണ് മെറിൻ. കൂടാതെ കോഴിക്കോട് സിറ്റി ഡിസിപിയായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥൻ പുതിയ കമ്മീഷണറായി നിയമിച്ച ഷൗക്കത്തലിയേക്കാൾ സീനിയറാണ്.
വടക്കൻ ജില്ലയിൽ ഐജിയെ നിയമിക്കാത്തതിലുള്ള അനിഷ്ടവും വ്യക്തമാക്കിയിട്ടുണ്ട്. ഡിഐജിക്കാണ് റേഞ്ചിന്റെ ചുമതല നൽകിയിരിക്കുന്നത്.
ഇതിലൊക്കെയുള്ള പൊരുത്തക്കേടുകൾ ഐപിഎസ് ഉദ്യോഗസ്ഥരുടെ സംഘം സംസ്ഥാന പോലീസ് മേധാവിയെ നേരിട്ട് ധരിപ്പിച്ചു.
അഴിമതി ആരോപണങ്ങൾ നേരിടുന്ന ഉദ്യോഗസ്ഥർക്ക് ജില്ലാ പോലീസ് മേധാവി ചുമതല നൽകിയതിലെ അതൃപ്തിയും ഡിജിപിയെ അറിയിച്ചു. തിരുവനന്തപുരം, വയനാട് ഉൾപ്പെടെയുള്ള ജില്ലാ പോലീസ് മേധാവിമാർക്ക് പകരം നിയമനം നൽകാത്തതും മതിയായ സർവീസ് കാലാവധി നൽകാത്തതിലെ നീരസവും ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു.
പിഴവുകൾ പരിഹരിക്കാൻ നീക്കം
ഐപിഎസ് ഉദ്യോഗസ്ഥരുടെ പരാതികളും അതൃപ്തിയും തന്റെ നീരസവും സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ ആഭ്യന്തര മന്ത്രിയുടെ പോലീസ് ഉപദേഷ്ടാവായ എ. ഹേമചന്ദ്രനെയും അറിയിച്ചിട്ടുണ്ട്.
അതേ സമയം നിലവിലെ പിഴവുകൾ പരിഹരിച്ച് അടുത്ത ദിവസം പുതിയ സ്ഥലംമാറ്റ ഉത്തരവ് പുറത്തിറക്കാനുള്ള ആലോചനകളും തുടങ്ങിയിട്ടുണ്ട്. ഇക്കാര്യത്തിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല തിരുവനന്തപുരത്തെത്തിയ ശേഷം അന്തിമ തീരുമാനമെടുക്കും.
Kerala
കൊച്ചി: കഴിഞ്ഞ ഭരണകാലത്ത് നടത്തിയ നവകേരള യാത്രയ്ക്കു നേരേ പ്രതിഷേധിച്ച കെഎസ്യു യൂത്ത് കോണ്ഗ്രസ് നേതാക്കളെ മര്ദിച്ച സംഭവത്തിലെ പ്രത്യേക അന്വേഷണ സംഘം മേധാവി എ.പി. ഷൗക്കത്തലി പ്രോസിക്യൂഷന് ഡയറക്ടര് ജനറല് (ഡിജിപി) ടി. ആസഫലിയെ സന്ദര്ശിച്ച് ചര്ച്ച നടത്തി.
നേതാക്കളെ മര്ദിച്ച കേസില് പ്രതികളായ മുന് മുഖ്യമന്ത്രിയുടെ ഗണ്മാന്മാരടക്കം അഞ്ചു പോലീസുകാര്ക്ക് ആലപ്പുഴ സെഷന്സ് കോടതി മുന്കൂര്ജാമ്യം അനുവദിച്ച സാഹചര്യത്തിലായിരുന്നു സന്ദര്ശനം. കേസുമായി ബന്ധപ്പെട്ട തുടര്നടപടികളാണ് ഇരുവരും ചര്ച്ച ചെയ്തത്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഹെലികോപ്റ്റർ കരാർ തുടരണമെന്ന് പോലീസ് മേധാവി. ഓഗസ്റ്റിൽ വാടക കരാർ അവസാനിക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാന സർക്കാരിനോട് ഹെലികോപ്റ്റർ വാടകയ്ക്കെടുക്കണമെന്ന് ഡിജിപി ശിപാർശ നൽകിയിരിക്കുന്നത്.
എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഹെലികോപ്റ്റർ ധൂർത്തെന്നായിരുന്നു യുഡിഎഫിന്റെ ആരോപണം. സാമ്പത്തിക മാന്ദ്യകാലത്ത് യുഡിഎഫ് സർക്കാർ ചെലവ് ചുരുക്കി മുന്നോട്ടുപോകുമെന്നായിരുന്നു മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രഖ്യാപനം.
ഭരണപക്ഷത്തിരിക്കുന്ന യുഡിഎഫ് വിഷയത്തിൽ എന്ത് നിലപാട് സ്വീകരിക്കുമെന്നതാണ് ഇനി കണ്ടറിയേണ്ടത്. പോലീസിന്റെ ഫണ്ടുപയോഗിച്ചാണ് ഒന്നാം പിണറായി സർക്കാർ ഹെലികോപ്റ്റർ വാടകയ്ക്കെടുത്തത്.
ടെണ്ടറില്ലാത്ത വാടകയ്ക്കെടുപ്പ് വിവാദമായതോടെ രണ്ടാം പിണറായി സർക്കാർ ടെണ്ടർ വിളിച്ചു. ചിപ്സണ് ഏവിയേഷൻ അഞ്ച് വർഷത്തേക്ക് ടെണ്ടർ നേടിയിരുന്നു.
Kerala
തിരുവനന്തപുരം: ഗവർണറുടെ നയപ്രഖ്യാപനത്തിൽ വിവാദം. ഗവർണർക്കൊപ്പം സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ നിയമസഭയ്ക്കകത്ത് പ്രവേശിച്ചത് പ്രോട്ടോക്കോൾ ലംഘനമാണെന്നു പ്രതിപക്ഷം ആരോപിച്ചു. ഇക്കാര്യം പ്രതിപക്ഷം സ്പീക്കറോട് വ്യക്തമാക്കിയിട്ടുണ്ട്.
ഗവർണർ രാജേന്ദ്ര ആർലേക്കർക്കൊപ്പം നിയമസഭയ്ക്ക് അകത്തേക്ക് പ്രവേശിച്ച റവാഡ ചന്ദ്രശേഖർ പിന്നീട് മറ്റൊരു വഴിയിലൂടെ പുറത്തേക്കു പോകുകയായിരുന്നു. നിയമസഭയ്ക്ക് അകത്ത് പ്രവേശിക്കാൻ പ്രോട്ടോകോൾ പ്രകാരം ഡിജിപിക്ക് അനുമതിയില്ലെന്നും ഇത് പതിവില്ലാത്ത കീഴ്വഴക്കമാണെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ചൂണ്ടിക്കാട്ടി.
സംഭവം ശ്രദ്ധയിൽപ്പെട്ടെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ സഭയിൽ പ്രതിപക്ഷ നേതാവിന് മറുപടി നൽകി. അശ്രദ്ധ കൊണ്ടാകാം ഡിജിപി സഭയ്ക്ക് അകത്ത് പ്രവേശിച്ചതെന്നും സ്പീക്കർ മറുപടിയിൽ പറഞ്ഞു.
Kerala
തിരുവനന്തപുരം: തലസ്ഥാനത്ത് റെയ്ഡ് പൂർത്തിയാക്കി മടങ്ങിയ ഇഡി ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ സിപിഎം ആക്രമണത്തിൽ പോലീസിനോട് വിശദീകരണം തേടി ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ.
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ പരിശോധന പൂർത്തിയാക്കി മടങ്ങിയ ഇഡി സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ സംസ്ഥാന പോലീസ് മേധാവിയോട് ആണ് ഗവർണർ വിശദീകരണം തേടിയത്.
ഫോണിലൂടെ വിഷയത്തിൽ ഡിജിപി വിശദീകരണം നൽകിയതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഉദ്യോഗസ്ഥർക്കെതിരായ ആക്രമണത്തിൽ പോലീസിന് വീഴ്ച പറ്റിയെന്ന ആക്ഷേപം ഉയരുന്നതിനിടെയാണ് ഗവർണർ വിശദാംശം തേടിയത്.
ബുധനാഴ്ച ഉച്ചകഴിഞ്ഞ് പിണറായി വിജയന്റെ വീട്ടിൽ നടന്ന റെയ്ഡ് പൂർത്തിയാക്കി മടങ്ങിയ ഇഡി ഉദ്യോഗസ്ഥർക്കു നേരെ ആണ് സിപിഎം ആക്രമണം ഉണ്ടായത്. പ്രവർത്തകർ ഉദ്യോഗസ്ഥർ സഞ്ചരിച്ചിരുന്ന വാഹനം അടിച്ചുതകർത്തിരുന്നു.
Kerala
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ, നവകേരള സദസിനിടെ പ്രതിഷേധിച്ച കെഎസ്യു- യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻ ഉൾപ്പെടെയുള്ളവർ തല്ലിയ സംഭവത്തിൽ നടത്തിയ പുനരന്വേഷണത്തിന്റെ ആദ്യ റിപ്പോർട്ട് ഇന്ന് കൈമാറും.
സംസ്ഥാന പോലീസ് മേധാവിക്ക് ആണ് പ്രത്യേക അന്വേഷണസംഘം റിപ്പോർട്ട് നൽകുക. ഗൺമാൻ അനിൽ കുമാർ, സുരക്ഷാ ജീവനക്കാരൻ സന്ദീപ്, മുഖ്യമന്ത്രിയുടെ വാഹനത്തിന് അകമ്പടി പോയ പോലീസുകാരായ അരുൺ, വിപിൻ, ഷൈജു എന്നിവരാണ് കേസിലെ പ്രതികൾ.
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇവർക്കെതിരെ വകുപ്പ്തല നടപടികൾ ഉണ്ടായേക്കും. അതേസമയം കേസ് ഡയറി തിരുത്തിയെന്നതിൽ എഡിജിപി അജിത് കുമാറിനെതിരായ റിപ്പോർട്ട് വൈകും. കൂടുതൽ മൊഴികൾ രേഖപ്പെടുത്തിയതിന് ശേഷമാകും അന്തിമ റിപ്പോർട്ട് നൽകുക.
Kerala
ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസുകാരെ മർദിച്ച പ്രതികൾ അറസ്റ്റ് ഭയന്ന് കോടതിയിലേക്ക്. പ്രതികളായ ഗൺമാൻ അനിൽ കല്ലിയൂർ, സന്ദീപ് എന്നിവർ മുൻകൂർ ജാമ്യാപേക്ഷയുമായി ആലപ്പുഴ പ്രിന്സിപ്പല് സെഷന്സ് കോടതിയെ സമീപിച്ചു.
മറ്റു മൂന്നു പ്രതികൾ തിങ്കളാഴ്ച മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. മുഖ്യമന്ത്രിക്ക് സുരുക്ഷയൊരുക്കുക എന്ന ജോലിയാണ് തങ്ങള് ചെയ്തതെന്നാണ് ജാമ്യാപേക്ഷയില് പറയുന്നത്. സ്ഥലത്ത് ലോക്കല് പോലീസ് കുറവായിരുന്നു.
ഇതു കൊണ്ടാണ് ഇടപെടേണ്ടി വന്നതെന്നും മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നു. പ്രതികൾക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള ഗുരുതരമായ വകുപ്പുകൾ എസ്ഐടി ചുമത്തിയേക്കും. അതേസമയം ഗൺമാൻ അടക്കം അഞ്ച് പോലീസുകാരെയും ഉടൻ സസ്പെൻഡ് ചെയ്യുമെന്നും സൂചനയുണ്ട്.
ഗണ്മാന് അനില്കുമാര്, സുരക്ഷാ ജീവനക്കാരന് എസ്. സന്ദീപ്, മുഖ്യമന്ത്രിയുടെ വാഹനത്തിന് അകമ്പടി പോയ പോലീസുകാരനായ അരുണ്, വിപിന്, ഷൈജു എന്നിവരെയാണ് സസ്പെന്ഡ് ചെയ്യുക. എഡിജിപി എം.ആര്.അജിത് കുമാറിനോട് വിശദീകരണം തേടാനും എസ്ഐടി തീരുമാനിച്ചിട്ടുണ്ട്.
വിശദീകരണം തൃപ്തികരമല്ലെങ്കില് നടപടി സ്വീകരിക്കാനാണ് നീക്കം. വ്യാജരേഖ ചമച്ചതില് കേസെടുക്കുന്നതും പരിഗണനയിലുണ്ട്. നിലവില് ഇടക്കാല റിപ്പോര്ട്ടിലെ വിവരങ്ങള് എസ്ഐടി തലവന് എസ്പി ഷൗക്കത്തലി ഡിജിപിയെ ധരിപ്പിച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ഉപദേഷ്ടാവായി മുൻ ഡിജിപി എ. ഹേമചന്ദ്രനെ നിയമിച്ചു. പോലീസുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മന്ത്രിക്കാവശ്യമായ ഉപദേശങ്ങൾ നൽകുകയാണ് ദൗത്യം.
പ്രതിഫലം വാങ്ങാതെയാണ് അദ്ദേഹം സേവനം നൽകുക. 1986 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ഹേമചന്ദ്രൻ 2020 മേയിലാണ് സർവീസിൽ നിന്ന് വിരമിച്ചത്.
മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രൈവറ്റ് സെക്രട്ടറിയായി തിരുവനന്തപുരം മണ്ണന്തല സ്വദേശിയായ കെ. അനിൽകുമാറിനെയും നിയമിച്ചു. പ്രതിപക്ഷ നേതാവായിരുന്നപ്പോഴും സതീശന്റെ പ്രൈവറ്റ് സെക്രട്ടറി അനിൽകുമാറായിരുന്നു.
പൊതുവിദ്യാഭ്യാസ ഡയറക്ടര് എന്.എസ്.കെ. ഉമേഷിനെ മുഖ്യമന്ത്രിയുടെ ഓഫീസര് ഓണ് സ്പെഷല് ഡ്യൂട്ടിയായും (ഒഎസ്ഡി) നിയമിച്ചു. 2015 ബാച്ച് കേരള കേഡര് ഐഎഎസ് ഉദ്യോഗസ്ഥനാണ്.
Kerala
തിരുവനന്തപുരം: സര്വീസില് നിന്ന് വിരമിച്ച ശേഷവും കാറില് നക്ഷത്ര ചിഹ്നം വെച്ച് യാത്ര ചെയ്ത മുന് ഡിജിപി ടോമിന് ജെ. തച്ചങ്കരിക്കെതിരെ കെസെടുക്കും. ഗതാഗത നിയമലംഘനത്തിനാണ് കേസെടുക്കുക.
കോട്ടയം എസ്പിയുടെ പ്രാഥമിക റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കേസെടുക്കാന് സംസ്ഥാന പോലീസ് മേധാവി നിര്ദ്ദേശം നല്കി. കോട്ടയത്ത് കോടതിയില് എത്തിയപ്പോഴായിരുന്നു ദൃശ്യങ്ങള് ഉള്പ്പടെ പുറത്തു വന്നത്.
തച്ചങ്കരിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. സംസ്ഥാന പോലീസ് മേധാവി കോട്ടയം ജില്ലാ പോലീസ് മേധാവിയോട് റിപ്പോര്ട്ട് തേടുകയും ചെയ്തു. ഡിജിപിക്ക് ലഭിച്ച പരാതിയിലായിരുന്നു നടപടി. പ്രാഥമിക റിപ്പോര്ട്ട് ലഭിച്ച ശേഷം കേസെടുക്കണോയെന്നത് ഉള്പ്പെടെ തീരുമാനിക്കാനായിരുന്നു നീക്കം.
മൂന്ന് വര്ഷം മുന്പ് തച്ചങ്കരി സര്വീസില് നിന്ന് വിരമിച്ചതാണ്. എന്നാല് കഴിഞ്ഞ ദിവസം കോട്ടയത്ത് കോടതിയില് ഹാജരാകാന് വന്നപ്പോള് സ്വന്തം കാറില് ഡിജിപി പദവിയുടെ അടയാളമായ മൂന്ന് നക്ഷത്രം ഉള്ള ബോര്ഡ് വച്ചിരുന്നു.
മാധ്യമങ്ങള് ചിത്രീകരിച്ചതോടെ എടുത്ത് മാറ്റുകയും ചെയ്തിരുന്നു. അധികാര ചിഹ്നങ്ങള് ദുരുപയോഗിക്കുന്നത് ആള് മാറാട്ടത്തിന് തുല്യമെന്നാണ് ഡിജിപിക്ക് ലഭിച്ച പരാതി.
Kerala
തിരുവനന്തപുരം: വിരമിച്ച് മൂന്ന് വര്ഷമായിട്ടും സ്വകാര്യ കാറിലെ ഔദ്യോഗിക മുദ്ര മാറ്റാത്തതില് മുന് ഡിജിപി ടോമിന് തച്ചങ്കരിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിപി റവാഡ ചന്ദ്രശേഖർ. സ്വകാര്യ വാഹനത്തില് നക്ഷത്രമുദ്രവച്ച് തച്ചങ്കരി യാത്ര ചെയ്യുന്നതായി പരാതി ലഭിച്ചതോടെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
കോട്ടയം വിജിലന്സ് കോടതിയില് എത്തിയപ്പോഴാണ് തച്ചങ്കരിയുടെ കാറില് നമ്പര് പ്ലേറ്റിനോടു ചേര്ന്ന് നക്ഷത്ര ചിഹ്നമുള്ളത് ശ്രദ്ധയില്പ്പെട്ടത്. ബോര്ഡ് കറുത്ത തുണി വച്ചു മറച്ച നിലയിലായിരുന്നുവെങ്കിലും ഇതു നീക്കിയപ്പോള് നക്ഷത്രങ്ങള് വ്യക്തമായി. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. മറച്ചുവച്ചിരുന്ന ചിഹ്നം കളക്ടറേറ്റ് വളപ്പിൽ പാർക്കിംഗ് സൗകര്യം ലഭിക്കാൻ ഡ്രൈവർ മാറ്റിയതാണെന്നും പറയുന്നു.
അതേസമയം, ഡ്രൈവര്ക്ക് സംഭവിച്ച വീഴ്ചയാണെന്നും ത്രീസ്റ്റാര് ബോര്ഡ് വച്ച് താന് യാത്ര ചെയ്തിട്ടില്ലെന്നുമായിരുന്നു തച്ചങ്കരി വിശദീകരിച്ചത്. തച്ചങ്കരി സേവനത്തിൽനിന്ന് വിരമിച്ച് മൂന്നു വർഷക്കാലവും ഈ ബോർഡ് വച്ചുകൊണ്ടാണ് യാത്ര ചെയ്തിരുന്നതെന്നും പലയിടങ്ങളിലും വച്ച് ഇത്തരത്തിൽ നക്ഷത്ര ചിഹ്നമുള്ള കാർ ഉപയോഗിച്ചിരുന്നതായും നേരത്തെ വിവരം ഉണ്ടായിരുന്നു.
വാർത്ത വന്നതിനു പിന്നാലെ തച്ചങ്കരിക്കെതിരേ പരാതികളും ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.
ഇതുകൂടാതെ, ടോമിൻ തച്ചങ്കരി ഇപ്പോഴും പോലീസിന്റെ ഔദ്യോഗിക സീരിസിലുള്ള ഫോൺ നമ്പറാണ് ഉപയോഗിക്കുന്നതെന്നും ആരോപണമുണ്ട്. വിരമിച്ചതിനു ശേഷവും അദ്ദേഹം ഫോൺ നമ്പർ മാറ്റിയിട്ടില്ലത്രേ. ഈ നമ്പർ എങ്ങനെയാണ് അദ്ദേഹം ഇപ്പോഴും ഉപയോഗിക്കുന്നത് എന്നതിനെ സംബന്ധിച്ച് സ്പെഷൽ ബ്രാഞ്ച് അന്വേഷണം നടക്കുന്നുണ്ട്.
Kerala
തിരുവനന്തപുരം: കുംഭമേള വൈറൽ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട കേസിൽ ദേശീയ പട്ടികവർഗ കമ്മീഷന് മുന്നിൽ സംസ്ഥാന പോലീസ് മേധാവി ഹാജരാകില്ല. തൃശൂർ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.
ഡിജിപിക്ക് പകരം തിരുവനന്തപുരം റേഞ്ച് ഡിഐജി ഹിമേന്ദ്രനാഥ് ഡൽഹിയിലെത്തി. വിവാഹത്തിൽ കേരള പോലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് അറിയിക്കും. ഇന്നാണ് ഡിജിപി ഹാജരാകുമെന്ന് അറിയിച്ചിരുന്നത്.
രേഖകൾ പ്രകാരം 18 വയസ് പൂർത്തിയായെന്നും കല്യാണം നടത്തിയതിൽ വീഴ്ചയില്ലെന്നുമാണ് സംസ്ഥാന പോലീസ് അറിയിക്കുകയാണ്. പെൺകുട്ടിയെ കാണാതായിട്ടില്ലെന്നും കാണാതായെന്ന പ്രചാരണം തെറ്റെന്നും പോലീസ് അറിയിക്കും.
പെൺകുട്ടി കേരളത്തിലുണ്ട്. പോലീസ് നിരീക്ഷണം തുടരുന്നുണ്ട്. പോലീസ് സംരക്ഷണം നൽകാനും തയാറെന്നും നിലപാട് അറിയിക്കും. അതേസമയം പെൺകുട്ടിയുടെ മൊഴി എടുക്കണം എന്ന നിലപാടിലാണ് മധ്യപ്രദേശ് പോലീസ്. എന്നാൽ, അവർക്ക് ഇതുവരെ പെൺകുട്ടിയെയും ഫർമാനെയും കണ്ടെത്താനായില്ല.
Kerala
തൃശൂർ: ഡിജിപി റവാഡ ചന്ദ്രശേഖർ മുണ്ടത്തിക്കോട്ട് സ്ഫോടനമുണ്ടായ സ്ഥലം സന്ദർശിക്കും. അപകടം നടന്ന് 18 മണിക്കൂർ പിന്നിടുമ്പോഴാണ് ഡിജിപി നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തുന്നത്. അപകടത്തിന് പിന്നിലെ യഥാർത്ഥ കാരണം കണ്ടെത്താൻ സമഗ്രമായ അന്വേഷണം ആരംഭിച്ചതായി ഡിജിപി അറിയിച്ചു.
അതേസമയം, മരിച്ച 13 പേരിൽ അഞ്ച്പേരുടെ പോസ്റ്റുമോർട്ടം കഴിഞ്ഞു. ഇവരിൽ നാലുപേരുടെ മൃതദേഹം തിരിച്ചറിഞ്ഞു. 11 പേരാണ് ഇപ്പോൾ ചികിത്സയിൽ ഉള്ളതെന്ന് തൃശൂർ കളക്ടർ ശിഖ സുരേന്ദ്രൻ പറഞ്ഞു.
അതിൽ അഞ്ചു പേരുടെ നില ഗുരുതരമാണ്. രണ്ടുപേർ വെന്റിലേറ്ററിൽ കഴിയുന്നു. ആറു പേരുടെ നില തൃപ്തികരമാണ്. മൂന്നു പേരുടെ മൃതദേഹം ഇതുവരെ ബന്ധുക്കൾക്ക് വിട്ടു നൽകി.
Kerala
കായംകുളം: അപകടത്തിനിടെ പീഡനശ്രമം ആരോപിച്ചു വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹി സിനിൽ സവാദിനെതിരെ ഡിജിപിക്കു പരാതി നൽകി അതിക്രമത്തിനിരായായ യുവതി. കേസിന്റെ ഇപ്പോഴുള്ള അന്വേഷണത്തിൽ തനിക്കു വിശ്വാസമില്ലെന്നും പ്രതിയെ സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങൾ പോലീസിന്റെ ഭാഗത്തുനിന്നുമുണ്ടാകുന്നുവെന്നും ചൂണ്ടിക്കാട്ടിയുമാണ് യുവതി ഡിജിപിക്ക് പരാതി നൽകിയത്.
വാഹനാപകടത്തിൽ പരിക്കേറ്റ യുവതിയെ രക്ഷിക്കാനെത്തിയ സിനിൽ സവാദ് യുവതിയെ ആശുപത്രിയിലേക്കു മാറ്റുന്നതിനായി വാഹനത്തിൽ കയറ്റുന്നതിനിടെ മോശമായി പെരുമാറുകയും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തുവെന്നാണ് പരാതി. പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ എത്തിച്ച ശേഷവും പ്രതി അവിടെയെത്തി ഭീഷണിപ്പെടുത്തിയതായി യുവതിയുടെ മൊഴിയിലുണ്ട്.
സംഭവത്തിനു പിന്നാലെ യുവതി പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ, ഗുരുതരമായ കുറ്റകൃത്യം നടന്നിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാതെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു എന്ന ആരോപണമാണ് പോലീസിനെതിരെ പ്രധാനമായും ഉയരുന്നത്.
പരാതി നൽകി ദിവസങ്ങൾ കഴിഞ്ഞിട്ടും മൊഴി രേഖപ്പെടുത്താനോ കൃത്യമായ വകുപ്പുകൾ ചുമത്താനോ പോലീസ് തയ്യാറായില്ലെന്നു യുവതി ആരോപിക്കുന്നു. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ യൂണിറ്റ് പ്രസിഡന്റ് എന്ന സ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിക്കാൻ പോലീസ് സഹായിക്കുന്നു എന്നാണ് ആക്ഷേപം.
കേസിൽനിന്നു പിന്മാറാനായി പ്രതിയുടെ ഭാഗത്തുനിന്നും 25 ലക്ഷം രൂപ വാഗ്ദാനം ചെയ്തതായും വഴങ്ങാതിരുന്നപ്പോൾ തനിക്കെതിരെ വ്യാജ പ്രചരണങ്ങൾ നടത്തുകയാണെന്നും യുവതി വെളിപ്പെടുത്തിയിട്ടുണ്ട്. വിവാദങ്ങളെത്തുടർന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സിനിൽ സവാദിനെ സംഘടനയുടെ പ്രാഥമിക അംഗത്വത്തിൽനിന്നു സസ്പെൻഡ് ചെയ്തിട്ടുണ്ട്.
Kerala
തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന്റെ പേരിൽ വ്യാജ കത്ത് പ്രചരിപ്പിക്കുന്നതിനെതിരെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്ക്കും സംസ്ഥാന പോലീസ് മേധാവിക്കും പരാതി നല്കി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. യുഡിഎഫ് സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് കോൺഗ്രസ് അധ്യക്ഷന് അയച്ചതെന്ന വ്യാജേന, പ്രതിപക്ഷ നേതാവിന്റെ ലെറ്റർപാഡ് വ്യാജമായി നിർമിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന കത്തിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നല്കിയിരിക്കുന്നത്.
കേരളത്തിൽ നിന്നുള്ള കെ. സുധാകരൻ അടക്കമുള്ള കോൺഗ്രസ് എംപിമാർക്ക് ടിക്കറ്റ് നൽകരുതെന്ന് കാണിച്ചു കത്ത് നൽകിയെന്നാണ് വ്യാജ പ്രചാരണം നക്കുന്നതെന്ന് സതീശൻ പരാതിയിൽ പറയുന്നു. കത്തിലെ ഉള്ളടക്കം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും തെരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസ് പാർട്ടി പ്രവർത്തകരിലും പൊതുജനങ്ങളിലും ഇത് ആശയക്കുഴപ്പം സൃഷ്ടിക്കാനിടയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: കണ്ണൂർ നിയമസഭാ മണ്ഡലത്തിലെ സീറ്റുമായി ബന്ധപ്പെട്ട് കെപിസിസിയുടെ ലെറ്റർഹെഡിൽ വ്യാജവാർത്ത സൃഷ്ടിച്ച് സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും സംസ്ഥാന പോലീസ് മേധാവിക്കും കണ്ണൂർ ജില്ലാ പോലീസ് മേധാവിക്കും കളക്ടർക്കും റിട്ടേണിംഗ് ഓഫീസർക്കും പരാതി നൽകി.
ഫേസ്ബുക്ക്, വാട്ട്സ്ആപ്പ് എന്നിവ ഉൾപ്പെടെയുള്ള സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിൽനിന്നും വ്യാജവാർത്ത നീക്കം ചെയ്യുകയും നിരോധിക്കുകയും ചെയ്യണമെന്നും സണ്ണി ജോസഫ് പരാതിയിൽ ആവശ്യപ്പെട്ടു.
കണ്ണൂർ നിയമസഭാ മണ്ഡലത്തിൽ ടി.ഒ. മോഹനനെ പിന്തുണച്ചും കെ. സുധാകരന്റെ വിജയസാധ്യതയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചും എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് കത്തുനൽകി എന്നതാണ് വ്യാജമായി പ്രചരിപ്പിക്കുന്ന കത്തിലെ ഉള്ളടക്കം.
ഈ വ്യാജവാർത്ത ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും സാധാരണ വോട്ടർമാരുടെ മനസിൽ സംശയം സൃഷ്ടിക്കുകയും ചെയ്യുകയെന്ന ഉദ്ദേശ്യത്തോടെ പ്രചരിപ്പിച്ചതാണ്. കെ. സുധാകരന്റെ സ്ഥാനാർഥിത്വത്തെ താൻ എതിർത്തുവെന്ന തരത്തിൽ തെറ്റായ ധാരണ ഉണ്ടാക്കുകയാണ് ഇത്തരമൊരു വ്യാജ കത്തിന്റെ ലക്ഷ്യം.
സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന തരത്തിൽ ഒരു കത്തും താൻ തയാറാക്കുകയോ എഐസിസി അധ്യക്ഷന് നൽകുകയോ ചെയ്തിട്ടില്ല. എഐ സാങ്കേതികവിദ്യ ദുരുപയോഗം ചെയ്ത് തന്റെ ഒപ്പ് കൃത്രിമമായി സൃഷ്ടിച്ചാണ് ഈ വ്യാജ കത്ത് തയാറാക്കിയിരിക്കുന്നതെന്നും പരാതിയിൽ സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി.
സമൂഹമാധ്യമ പ്രചാരണത്തിനായി തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രത്യേക മാർഗനിർദേശങ്ങൾ നിലനിൽക്കെയാണ് തന്റെ പേരിൽ ഇത്തരത്തിൽ ഒരു വ്യാജ പ്രചാരണം നടക്കുന്നതെന്നും അദ്ദേഹം പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
National
ചെന്നൈ: തമിഴ്നാട് പോലീസ് മേധാവിയെ മാറ്റി ഇലക്ഷൻ കമ്മീഷൻ. ക്രമസമാധാന ചുമതലയുണ്ടായിരുന്ന ഡിജിപി ജി. വെങ്കിട്ടരാമനെ ആണ് മാറ്റിയത്. ഇതിനുപകരമായി സന്ദീപ് റായ് റാത്തോറിനെ ഡിജിപിയായി നിയമിച്ച് ഉത്തരവിട്ടു.
1992 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് സന്ദീപ് റായ് റാത്തോർ. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പോലീസ് നടപടികളുടെ മേൽനോട്ട ചുമതല സന്ദീപ് റായ് റാത്തോറിനായിരിക്കും. ഇലക്ഷൻ കമ്മീഷൻ സെക്രട്ടറി ലത ത്രിപാഠിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
ഇതിനുപുറമേ തമിഴ്നാട്ടിലെ മറ്റ് പോലീസ് തസ്തികകളിലും ഇലക്ഷൻ കമ്മീഷൻ മാറ്റം വരുത്തിയിട്ടുണ്ട്. താംബരം സിറ്റി പോലീസ് കമ്മിഷണറായിരുന്ന എ. അമൽരാജിന് പകരം സഞ്ജയ് കുമാറിനെ നിയമിച്ചു.
ആർ.വി. രമ്യ ഭാരതിയെ കോയമ്പത്തൂർ വെസ്റ്റ് സോൺ ഐജിയായി നിയമിച്ചു. മധുര സിറ്റി പോലീസ് കമ്മീഷണായി അഭിഷേക് ദീക്ഷിതിനെ നിയമിച്ചു.
Kerala
തിരുവനന്തപുരം: പോലീസിന് നേരെ നടക്കുന്ന അതിക്രമങ്ങളിൽ അതൃപ്തിയും പ്രതിഷേധവും രേഖപ്പെടുത്തി ഡിജിപി റവാഡ ചന്ദ്രശേഖർ. പോലീസുകാർ സ്വന്തം ചുമതലകളുമായി ധൈര്യമായി മുന്നോട്ടു പോകണം.
പോലീസിന് നേരെയുണ്ടാകുന്ന അതിക്രമങ്ങളിൽ കർശന നടപടി സ്വീകരിക്കണമെന്നും പോലിസീന്റെ ഔദ്യോഗിക ഫേയ്സ്ബുക്ക് പേജിൽ പങ്കുവച്ച് വീഡിയോയിൽ ഡിജിപി പറഞ്ഞു. രാഷ്ട്രീയ കക്ഷികളും യുവജന സംഘടനകളും പോലീസുമായി സഹകരിക്കണം.
സമൂഹത്തിൽ സമാധാനവും നീതിയും നടപ്പാക്കുന്ന പോലീസുമായി സഹകരിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണെന്ന് ഡിജിപി പറഞ്ഞു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഡിവൈഎഫ്ഐക്കാർ പോലീസുകാരനെ മർദിച്ചതും പോലീസ് ജീപ്പ് തടഞ്ഞതും വിവാദമായിരുന്നു.
Kerala
തിരുവനന്തപുരം: പോലീസിന്റെ മനോവീര്യം തകർക്കാമെന്ന് ആരും കരുതേണ്ടെന്നു സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ. നഗരൂർ സംഭവത്തിൽ കർശന നടപടി സ്വീകരിക്കും. കുറ്റക്കാർക്കു പരമാവധി ശിക്ഷ ഉറപ്പാക്കും. പോലീസിനെതിരായ അതിക്രമം നിസാര സംഭവമായി കാണില്ലെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യമന്ത്രി വീണ ജോർജിനെതിരെയുള്ള പ്രതിഷേധത്തിൽ കെഎസ് യു പ്രവർത്തകർക്കെതിരെ വധശ്രമക്കേസ് ചുമത്തിയത് ആദ്യഘട്ട വിവരങ്ങളുടെ അടിസ്ഥാനത്തിലാണെന്നും ഡിജിപി പറഞ്ഞു.
കേസ് നിലനിൽക്കുമോയെന്ന കാര്യം അന്വേഷണത്തിലൂടെ മാത്രമെ വ്യക്തമാകുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
നഗരൂരിൽ പോലീസ് വാഹനം തടഞ്ഞു നിർത്തി എസ്ഐയെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നഗരൂർ വെള്ളല്ലൂർ സ്വദേശികളായ രതീഷ്, വിഷ്ണു എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
വെള്ളല്ലൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറിയും ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറിയുമാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് നഗരൂർ പോലീസിന്റെ ജീപ്പ് തടഞ്ഞു നിർത്തി എസ്ഐക്കെതിരേ അസഭ്യവർഷം ചൊരിയുകയും കൈയേറ്റത്തിനു ശ്രമിക്കുകയും ചെയ്തത്.
ഈ സംഭവത്തിൽ ഒൻപത് സിപിഎം , ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തിരുന്നു. നഗരൂരിൽ സ്ഥാപിച്ചിരുന്ന കോണ്ഗ്രസിന്റെ പുതുയുഗയാത്രയുടെ ഫ്ളെക്സ് ബോർഡുകൾ തകർത്ത കേസിൽ നഗരൂർ എസ്ഐ പ്രതികളുടെ വീട്ടിൽ നോട്ടീസ് നൽകാൻ പോയതാണ് പ്രകോപനത്തിനു കാരണം.
ഡിവൈഎഫ്ഐ പ്രവർത്തകർ പോലീസിനെ തടഞ്ഞു നിർത്തി അസഭ്യം പറയുന്ന ദൃശ്യങ്ങൾ വാർത്താമാധ്യമങ്ങളിലുടെ പുറത്തു വന്നതോടെയാണ് സംഭവത്തിൽ പോലീസ് കേസെടുത്തത്.
Kerala
കൊച്ചി: ക്രമസമാധാനവും സ്വൈ രജീവിതവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷല് ഡ്രൈവില് അറസ്റ്റിലായത് 1,663 പേര്.
ഗുരുതര കുറ്റകൃത്യങ്ങളില് ഉള്പ്പെട്ട 691 പേരെയും വിവിധ കേസുകളില് ഉള്പ്പെട്ട് ഒളിവില് കഴിയുകയായിരുന്ന 972 പേരെയുമാണ് അറസ്റ്റ് ചെയ്തത്.
ഗുണ്ടകള്, ഗുരുതര കുറ്റകൃത്യങ്ങളില് സ്ഥിരമായി ഏര്പ്പെടുന്നവര്, മോഷ്ടാക്കള്, പിടികിട്ടാപ്പുള്ളികള് എന്നിവരെ കണ്ടെത്തി നിയമത്തിനുമുന്നില് കൊണ്ടുവരുന്നതിന് സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖറിന്റെ നിര്ദേശപ്രകാരമാണ് ‘ഓപ്പറേഷന് റൗണ്ട് അപ്’എന്നപേരില് സ്പെഷല് ഡ്രൈവ് നടപ്പാക്കിയത്.
ക്രമസമാധാന വിഭാഗം എഡിജിപി എച്ച്. വെങ്കിടേഷിന്റെ മേല്നോട്ടത്തില് 12 മുതല് 14 വരെയായിരുന്നു സ്പെഷല് ഡ്രൈവ് നടപ്പിലാക്കിയത്. ദക്ഷിണ, ഉത്തരമേഖല ഐജിമാര്, റേഞ്ച് ഡിഐജിമാര്, ജില്ലാ പോലീസ് മേധാവിമാര് എന്നിവര് നേതൃത്വം നല്കി.
സ്പെഷല് ഡ്രൈവിന്റെ ഭാഗമായി 1028 പേര്ക്കെതിരേ ബിഎന്എസ്എസ് സെക്ഷന് 126/129 പ്രകാരം കരുതല് നടപടികള് കൈക്കൊണ്ടു.
കാപ്പ നിയമപ്രകാരം 20 പേരെ കരുതല്തടങ്കലിലും 30 പേര്ക്കെതിരേ നാടുകടത്തല് നടപടികളും ആരംഭിച്ചു. മദ്യപിച്ച് വാഹനം ഓടിച്ചവര്ക്കെതിരേ 1,354 കേസുകള് രജിസ്റ്റര് ചെയ്ത് ഇവരുടെ ലൈസന്സ് റദ്ദാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു.
Kerala
കൊച്ചി: ഞാറയ്ക്കല് പോലീസ് മര്ദിച്ച സംഭവത്തില് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്കി യുവാക്കള്. വ്യാഴാഴ്ച വൈകുന്നേരമാണ് പുതുവൈപ്പ് ബീച്ച് പരിസരത്തു വച്ച് മൂന്നു പോലീസ് ഉദ്യോഗസ്ഥര് യുവാക്കളെ മര്ദിച്ചത്. പുതുവൈപ്പ് സ്വദേശികളായ നിതിന് ലിങ്കണ്, നെസ്റ്റണ് എന്നിവര്ക്കാണ് മര്ദനമേറ്റത്.
പോലീസ് ഇവരില് നിന്നും 4,700 രൂപയും 100 പൗണ്ടും തട്ടിയെടുത്തതായും പരാതിയില് പറയുന്നുണ്ട്. പോലീസ് ഉദ്യോഗസ്ഥര് വന്ന സ്വകാര്യ വാഹനം അമിതവേഗത്തില് വരുന്നതു കണ്ട് ചോദ്യം ചെയ്തതാണ് മര്ദനത്തിന് കാരണമായത് എന്നാണ് യുവാക്കള് പറയുന്നത്.
Kerala
തിരുവനന്തപുരം: പേരും ചിത്രവും ദുരുപയോഗം ചെയ്തു വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതും അപകീർത്തികരവുമായ ഉള്ളടക്കങ്ങൾ അടങ്ങിയ പോസ്റ്റുകൾ തനിക്കെതിരേ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചവർക്കെതിരേ നടപടി ആവശ്യപ്പെട്ട് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി, സംസ്ഥാന പോലീസ് മേധാവിക്കു പരാതി നൽകി.
ക്ഷേമപെൻഷൻ, ലൈഫ് പദ്ധതി എന്നിവയുമായി ബന്ധപ്പെട്ടു ചില സോഷ്യൽ മീഡിയ ഹാൻഡിലുകൾ സത്യവിരുദ്ധമായ കാര്യങ്ങൾ താൻ പറഞ്ഞെന്ന വ്യാജേന പ്രചരിപ്പിക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ വ്യക്തിഹത്യ നടത്തുകയും അതിലൂടെ വോട്ടർമാരെ സ്വാധീനിച്ചു രാഷ്ട്രീയ നേട്ടമുണ്ടാക്കുകയും ചെയ്യുകയെന്ന ലക്ഷ്യമാണ് വ്യാജപ്രചാരണത്തിനു പിന്നിൽ.
അടിസ്ഥാന രഹിതമായ പ്രചാരണം നടത്തിയവർക്കെതിരെ ബിഎൻഎസ്, ഐടി ആക്ട് വകുപ്പുകൾ ചുമത്തി കേസെടുക്കണമെന്നും പരാതിയിൽ വേണുഗോപാൽ ആവശ്യപ്പെട്ടു.
Kerala
തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലൂടെ വ്യക്തിഹത്യ നടത്തുന്നുവെന്ന് ആരോപിച്ച് കെ.സി.വേണുഗോപാൽ എംപി ഡിജിപിക്ക് പരാതിനൽകി. തന്റെ പേരും ചിത്രവും ദുരുപയോഗം ചെയ്ത് അപകീർത്തികരമായ പോസ്റ്റുകളിടുന്നു. ഇത്തക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ പറയുന്നു.
ക്ഷേമപെൻഷൻ, ലൈഫ് പദ്ധതി എന്നിവയുമായി ബന്ധപ്പെട്ട് ചില സോഷ്യൽ മീഡിയ ഹാൻഡിലുകൾ സത്യവിരുദ്ധമായ കാര്യങ്ങൾ താൻ പറഞ്ഞെന്ന വ്യാജേനയാണ് പ്രചരിപ്പിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ തന്നെ വ്യക്തിഹത്യ നടത്തുന്നതിലൂടെ വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയാണ്.
അടിസ്ഥാന രഹിതമായ പ്രചരണം നടത്തിയവർക്കെതിരെ ബിഎൻഎസിലെയും ഐടി ആക്ടിലെയും വിവിധ വകുപ്പുകൾ ചുമത്തി കേസെടുക്കണമെന്നും കെ.സി.വേണുഗോപാൽ പരാതിയിൽ ആവശ്യപ്പെട്ടു. പരാതിയിൽ നടപടി സ്വീകരിക്കുമെന്ന് ഡിജിപി പറഞ്ഞു.
Kerala
ന്യൂഡൽഹി: മുൻ ഡിജിപി ജേക്കബ് തോമസ് പ്രതിയായ ഡ്രജ്ജർ അഴിമതിക്കേസിൽ തെറ്റായ വിവരം നൽകിയതിന് കേന്ദ്ര സർക്കാരിന് സുപ്രീംകോടതി പിഴയിട്ടു. കോടതിയെ വിഡ്ഢിയാക്കാൻ ശ്രമിക്കുകയാണോയെന്ന് ചോദിച്ച സുപ്രീംകോടതി കേന്ദ്ര സർക്കാരിന് 25,000 രൂപ പിഴ ചുമത്തി.
നെതർലാൻഡിലേക്ക് അന്വേഷണത്തിന് പോകാനുള്ള ഉദ്യോഗസ്ഥരുടെ വിവരങ്ങളും അപേക്ഷയും കേരള സർക്കാർ നൽകിയില്ലെന്ന് കേന്ദ്രത്തിനായി ഹാജരായ അഡീഷണല് സോളിസിറ്റര് ജനറല് എസ്.വി.രാജു രാവിലെ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ഇത് തെറ്റാണെന്നും വിവരങ്ങൾ ധരിപ്പിച്ചെന്നും സംസ്ഥാനത്തിനായി ഹാജരായ ജയന്ത് മുത്തുരാജ് കോടതിയിൽ വ്യക്തമാക്കി.
തുടർന്ന് ഉച്ചയ്ക്ക് കേസ് വീണ്ടും പരിഗണിച്ചപ്പോൾ കേന്ദ്രം നിലപാട് തിരുത്തി. ഇതോടെ രൂക്ഷമായ വിമർശനം നടത്തിയാണ് സുപ്രീംകോടതി പിഴ ചുമത്തിയത്. 50,000 രൂപ പിഴ ചുമത്തുമെന്ന് ജസ്റ്റീസ് രാജേഷ് ബിന്ഡാല് ആദ്യം പറഞ്ഞെങ്കിലും പിന്നീട് പിഴ കുറയ്ക്കുകയായിരുന്നു.
National
ബംഗുളൂരു: കർണാടകയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥനും ഡിജിപി റാങ്കിലുള്ള ഐപിഎസ് ഉദ്യോഗസ്ഥനുമായ ഡോ. രാമചന്ദ്ര റാവു വിവാദത്തിൽ.
രാമചന്ദ്ര റാവു ഔദ്യോഗിക ചേംബറിൽ യുവതിയുമായി അശ്ലീല പ്രവർത്തികളിൽ ഏർപ്പെടുന്നതിന്റെ വീഡിയോ പുറത്തുവന്നു. സ്വർണ കടത്ത് കേസിൽ അറസ്റ്റിലായ നടി റന്യ റാവുവിന്റെ പിതാവാണ് ഡോ. രാമചന്ദ്ര റാവു.
യൂണിഫോമിലുള്ള ഉദ്യോഗസ്ഥൻ ഓഫീസ് സമയത്ത് ഒരു യുവതിയെ ആലിംഗനം ചെയ്യുന്നതും ചുംബിക്കുന്നതും ഉൾപ്പടെയുള്ള വീഡിയോ ആണ് പുറത്തുവന്നത്. ഡ്യൂട്ടി സമയത്ത് രാമചന്ദ്ര റാവുവിന്റെ ചേംബറിൽ നിന്ന് രഹസ്യമായി ചിത്രീകരിച്ചതാണ് വീഡിയോ എന്നാണ് വിവരം. സംഭവത്തിൽ ഇതുവരെ പീഡന പരാതി ലഭിച്ചിട്ടില്ല.
സംഭവം വിവാദമായതിന് പിന്നാലെ വീഡിയോ കോൺഫറൻസിലൂടെ പോലീസ് വകുപ്പിൽ നിന്ന് വിശദീകരണം തേടിയതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം, വീഡിയോ ആർട്ടിഫീഷ്യൽ ഇൻറലിജൻസ് മുഖേന നിർമിച്ചതാണെന്നാണ് രാമചന്ദ്ര റാവുവിന്റെ വാദം.
കഴിഞ്ഞ വർഷം മാർച്ചിലാണ് റാവുവിന്റെ വളർത്തുമകൾ റന്യ റാവു സ്വർണ കടത്തിൽ അറസ്റ്റിലായത്. ബംഗുളൂരു കെംപഗൗഡ വിമാനത്താവളത്തില് വച്ച് 14.8 കിലോ സ്വര്ണമാണ് റന്യയിൽ നിന്ന് പിടിച്ചെടുത്തത്.
ദുബായില് നിന്നാണ് സ്വർണം കൊണ്ടുവന്നത്. റന്യക്ക് വിമാനത്താവളത്തിലടക്കം സുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയുള്ള വിഐപി പരിഗണന ലഭിച്ചെന്ന വിവരങ്ങളും ചില ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
Kerala
കോഴിക്കോട്: ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് സാമൂഹ്യമാധ്യമത്തിൽ വീഡിയോ പങ്കുവച്ചതിന് പിന്നാലെ ഗോവിന്ദപുരം സ്വദേശി ജീവനൊടുക്കിയ സംഭവത്തിൽ യുവതിക്കെതിരെ പരാതി നൽകി രാഹുൽ ഈശ്വർ.
കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് (41) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഗോവിന്ദപുരത്തെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു ദീപക്. ബസിനുള്ളിൽ വച്ച് ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ചായിരുന്നു പെൺകുട്ടി വീഡിയോ പങ്കുവച്ചത്.
വസ്തുതാവിരുദ്ധമായ ആരോപണമാണ് യുവതിയുടേതെന്നും ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ ദീപക് കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്നും ബന്ധുക്കൾ ആരോപിച്ചു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കോഴിക്കോട് മെഡിക്കൽ കോളജ് പോലീസ് കേസെടുത്തിട്ടുണ്ട്.
അതേസമയം യുവതിക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തണമെന്നാവശ്യപ്പെട്ട് രാഹുൽ ഈശ്വർ ഡിജിപിക്ക് പരാതി നൽകി. എന്നാൽ ദീപക് ജീവനൊടുക്കിയതിന് പിന്നാലെ നിലപാട് ആവർത്തിച്ച് പെൺകുട്ടി രംഗത്തെത്തിയിട്ടുണ്ട്.
പയ്യന്നൂരിലെ ബസ് യാത്രയ്ക്കിടെ തനിക്കും മറ്റൊരു പെൺകുട്ടിക്കും ഉണ്ടായ ദുരനുഭവങ്ങൾ വ്യക്തമാക്കിയാണ് യുവതി ഇപ്പോൾ വിശദീകരണം നൽകിയിരിക്കുന്നത്. യുവാവ് മരിച്ച വാർത്ത സങ്കടകരമാണെന്നും യുവതി കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസ് ശരിയായ ദിശയിലാണ് അന്വേഷിക്കുന്നതെന്ന് സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ. തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റിന് പിന്നാലെയാണ് ഡിജിപി പ്രതികരണവുമായി രംഗത്തുവന്നത്.
ഹൈക്കോടതിയുടെ മേൽനോട്ടത്തിലാണ് എസ്ഐടി പ്രവർത്തിക്കുന്നത്. നിയമം നിയമത്തിന്റെ വഴിക്കുപോകും. അന്വേഷണ സംഘത്തിനുമേൽ ഒരുതരത്തിലുള്ള സമ്മർദവുമില്ല. തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസ് അന്വേഷണം മുന്നോട്ടുപോകുന്നതെന്നും ഡിജിപി പറഞ്ഞു.
എസ്ഐടിക്ക് മുന്നിൽ വെള്ളിയാഴ്ച പുലർച്ചെ ഹാജരായ തന്ത്രിയെ ഉച്ചയോടെ അറസ്റ്റ് ചെയ്യുകയായിരുന്നു. സ്വർണക്കൊള്ളയിലെ ഒന്നാംപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിലെത്തിച്ചത് തന്ത്രി കണ്ഠരര് രാജീവരാണെന്ന് മുൻ ദേവസ്വം പ്രസിഡന്റ് എ. പദ്മകുമാർ അടക്കമുള്ളവർ നേരത്തേ മൊഴിനൽകിയിരുന്നു.
Kerala
കൊച്ചി: തന്റെ കുടുംബജീവിതം തകര്ത്ത രാഹുല് മാങ്കൂട്ടത്തില് എംഎല്എയ്ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് പരാതിക്കാരിയുടെ ഭര്ത്താവ്.
കുടുംബജീവിതം നശിപ്പിച്ചെന്നു ചൂണ്ടിക്കാട്ടി കഴിഞ്ഞ രണ്ടിന് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്കിയിട്ടും ഇതുവരെ നടപടി സ്വീകരിച്ചില്ല. എന്തുകൊണ്ടാണു നടപടി സ്വീകരിക്കാത്തതെന്നു വ്യക്തമാക്കണം.
പാര്ട്ടിയില്നിന്നു പുറത്താക്കിയതല്ലാതെ എന്തു നടപടിയാണ് കോണ്ഗ്രസ് നേതൃത്വം സ്വീകരിച്ചത്? പാര്ട്ടി നടപടിക്കു മുമ്പ് എംഎല്എസ്ഥാനം രാജിവയ്പിക്കണമായിരുന്നു. തനിക്കു നീതി ലഭിക്കണം. രാഹുല് ഈശ്വര് തനിക്കു പ്രഖ്യാപിച്ചിട്ടുള്ള പിന്തുണ ആത്മാര്ഥമായാണെങ്കില് അതിനെ സ്വീകരിക്കുന്നതായും കൊച്ചിയില് നടത്തിയ പത്രസമ്മേളനത്തില് പരാതിക്കാരിയുടെ ഭര്ത്താവ് വ്യക്തമാക്കി.
രാഹുല് മാങ്കൂട്ടത്തിലിനെ കസ്റ്റഡിയില് ചോദ്യം ചെയ്യണം. വിവാഹമോചനത്തിനുള്ള നടപടികള് ആരംഭിച്ചിട്ടുണ്ട്. ഗാര്ഹിക പീഡനത്തെക്കുറിച്ചുയര്ന്ന പരാതി കോടതിയുടെ പരിഗണനയിലായതിനാല് ഇപ്പോള് പ്രതികരിക്കുന്നില്ല.
വിഷയത്തില് പക്വത പാലിക്കണമെന്നാണ് അന്വേഷണസംഘം തന്നോടു പറഞ്ഞിട്ടുള്ളത്. തന്റെ പരാതി കേള്ക്കാന് മുഖ്യമന്ത്രിയും പോലീസ് മേധാവിയും തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Kerala
തൃശൂർ: വൻ തീപിടിത്തമുണ്ടായ തൃശൂർ റെയിൽവേ സ്റ്റേഷൻ ബൈക്ക് പാർക്കിംഗ് ഏരിയയിൽ പരിശോധന നടത്തി ഡിജിപി റവാഡ ചന്ദ്രശേഖർ. അന്വേഷണത്തിന് വേണ്ടി പ്രത്യേകാന്വേഷണ സംഘത്തെ നിയോഗിച്ചതായും അന്വേഷത്തിന് ശേഷം കൂടുതൽ വിവരങ്ങൾ വ്യക്തമാക്കുമെന്നും സംസ്ഥാന പോലീസ് മേധാവി പറഞ്ഞു.
"സംസ്ഥാനത്തെ മുഴുവൻ പേ പാർക്കിങ്ങിലും സുരക്ഷ സംബന്ധിച്ച് പരിശോധിക്കാൻ വേണ്ടി നിർദേശം നൽകിയിട്ടുണ്ട്. ഇന്നുതന്നെ അത് പരിശോധിക്കും. സുരക്ഷ വർധിപ്പിക്കാനുള്ള കാര്യങ്ങൾ പോലീസിന്റെ ഭാഗത്ത് നിന്നുണ്ടാകും. റെയിൽവേയും ആർപിഎഫും പ്രാദേശിക പോലീസും ഒന്നിച്ച് സുരക്ഷ വർധിപ്പിക്കുന്ന കാര്യങ്ങളിലേക്ക് കടക്കും.'-ഡിജിപി പറഞ്ഞു.
റെയിൽവേ ലൈനിൽ നിന്നുള്ള തീപ്പൊരിയാണ് തീപിടിത്തമുണ്ടാക്കിയതെന്നാണ് ദൃക്സാക്ഷി പറയുന്നത്. ഇത് വ്യക്തമായി പരിശോധിക്കും. സംസ്ഥാനത്തെ തിക്കും തിരക്കുമുള്ള എല്ലാ പേ പാർക്കിങ് പ്രദേശങ്ങളും പോലീസ് പരിശോധിക്കും. റെയിൽവേ സ്റ്റേഷൻ മാത്രമല്ല തിരക്കുള്ള എല്ലാ പേ പാർക്കിങ്ങുകളും പരിശോധിക്കും"- റവാഡ ചന്ദ്രശേഖർ പറഞ്ഞു.
ഇന്ന് രാവിലെയാണ് ആറരയോടെയാണ് പാർക്കിങ്ങിൽ തീപിടിത്തമുണ്ടാകുന്നത്. പാർക്ക് ചെയ്തിരുന്ന നൂറിലേറെ ബൈക്കുകൾ തീപിടിത്തത്തിൽ കത്തിനശിച്ചു. അറനൂറോളം ബൈക്കുകൾ പാർക്ക് ചെയ്തിരുന്നതായാണ് വിവരം. റെയിൽവേ സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്ഫോമിനോട് ചേർന്ന പാർക്കിങ്ങിലാണ് തീപിടിത്തം ഉണ്ടായത്.
ബൈക്ക് ഷെഡ് പൂർണമായും കത്തിയമർന്നു. മേൽക്കൂരയടക്കം തകർന്നു വീണു. തലനാരിഴയ്ക്കാണ് ദുരന്തം ഒഴിവായത്. റെയിൽവേ സ്റ്റേഷനും റെയിൽ പാളവും തൊട്ടടുത്ത് തന്നെ ആയതിനാൽ ഉയർന്ന വൈദ്യുതി കടന്നു പോകുന്ന ലൈൻ അടക്കം തൊട്ടടുത്തുണ്ടായിരുന്നു. തീ പടർന്ന് സമീപത്ത് നിർത്തിയിട്ടിരുന്ന ട്രെയിൻ എൻജിനും കത്തി.
National
മുംബൈ: മഹാരാഷ്ട്രയിലെ ആദ്യ വനിത ഡിജിപി (ഡയറക്ടർ ജനറൽ ഓഫ് പോലീസ്) രശ്മി ശുക്ല സർവീസിൽ നിന്നും വിരമിച്ചു. പോലീസ് സേനയിൽ 37 വർഷവും ആറ് മാസത്തെയും സേവനത്തിനു ശേഷമാണ് രശ്മി ശുക്സ വിശ്രമ ജീവിതത്തിലേക്ക് പ്രവേശിക്കുന്നത്.
ഭോയിഗാഡയിലെ നൈഗാവ് പോലീസ് മൈതാനത്തിൽ വച്ച് ഗാർഡ് ഓഫ് ഓണർ നൽകികൊണ്ടായിരുന്നു വിടവാങ്ങൽ ചടങ്ങ്. മഹാരാഷ്ട്ര പോലീസിന്റെ ഒന്നിച്ചുള്ള പ്രവർത്തനം തന്നെ പുതിയ ഉയരങ്ങളിലെത്തിച്ചുവെന്നും ഒരുപാട് നല്ല ഓർമകൾ ലഭിച്ചുവെന്നും ചടങ്ങിൽ രശ്മി ശുക്ല മാധ്യമങ്ങളോട് പറഞ്ഞു.
ശാസ്ത്ര സീമ ബാലിന്റെ ഡയറക്ടറായതിൽ അഭിമാനിക്കുന്നുണ്ടെന്നും അവർ പ്രതികരിച്ചു. മഹാരാഷ്ട്ര കേഡറിലെ 1988 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥയായ രശ്മി ശുക്ല ഉത്തര്പ്രദേശ് സ്വദേശിനിയാണ്.
അതേസമയം, മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനായ സദാനന്ദ് ദത്തെയെ മഹാരാഷ്ട്രയുടെ പുതിയ ഡിജിപിയായി നിയമിച്ചു.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ ആരോപണങ്ങളുമായി അതിജീവിതയുടെ ഭർത്താവ്. രാഹുൽ തന്റെ കുടുംബ ജീവിതം തകർത്തെന്നും ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയെന്നും അദ്ദേഹം പറഞ്ഞു.
രാഹുലിനെതിരെ ബിഎൻഎസ് 84 പ്രകാരം കേസ് എടുക്കണമെന്നാണ് പരാതിക്കാരിയുടെ ഭർത്താവ് ആവശ്യപ്പെട്ടിരിക്കുന്നത്. തന്റെ അസാന്നിധ്യം അവസരമാക്കി രാഹുൽ മാങ്കൂട്ടത്തിൽ പരാതിക്കാരിയെ വശീകരിക്കുകയായിരുന്നു.
തനിക്ക് വലിയ മാനനഷ്ടം ഉണ്ടായി. വിവാഹിതയാണെന്നറിഞ്ഞിട്ടും രാഹുൽ തന്റെ ഭാര്യയുമായി വഴിവിട്ട ബന്ധം സ്ഥാപിച്ചെന്നും പരാതിയിൽ പറയുന്നു. തങ്ങൾ തമ്മിലുള്ള പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചുവെന്നാണ് രാഹുലിന്റെ വാദം.
എന്നാൽ പ്രശ്നം പരിഹരിക്കാനായിരുന്നെങ്കിൽ തന്നെയായിരുന്നു ബന്ധപ്പെടേണ്ടിയിരുന്നതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
Kerala
കോഴിക്കോട്: എസ്എന്ഡിപി യോഗം ജനറല് സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ യൂത്ത് കോണ്ഗ്രസ് നേതാവ് ഡിജിപിക്ക് പരാതി നല്കി. യൂത്ത് കോണ്ഗ്രസ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് എസ്. സുനന്ദാണ് വെള്ളാപ്പള്ളിക്കെതിരെ വര്ഗീയ പരാമര്ശം നടത്തിയതിന് പരാതി നൽകിയത്.
നിരന്തരമായി വർഗീയ പരാമർശം നടത്തുന്ന വെള്ളാപ്പള്ളിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി. പൊതുസമൂഹത്തില് വര്ഗീയ ചേരിതിരിവ് ഉണ്ടാക്കി വെള്ളാപ്പള്ളി കലാപത്തിന് ആഹ്വാനം ചെയ്യുകയാണെന്ന് പരാതിയില് പറയുന്നു. പോലീസ് കേസെടുത്തില്ലെങ്കില് കോടതിയെ സമീപിക്കുമെന്ന് ചങ്ങരോത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൂടിയായ എസ്. സുനന്ദ് പറഞ്ഞു.
Kerala
കൊച്ചി: എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിൽവച്ച് ഗർഭിണിയായ യുവതിക്ക് മർദനമേറ്റ സംഭവത്തിൽ മുഖ്യമന്ത്രി റിപ്പോർട്ട് തേടി. നോർത്ത് എസ്എച്ച്ഒയായിരുന്ന പ്രതാപ ചന്ദ്രനെതിരെ ഉടൻ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി ഡിജിപിക്ക് നിർദേശം നൽകി.
2024 ജൂണിലാണ് കൊച്ചി സ്വദേശി ഷൈമോൾക്കാണ് മർദനമേറ്റത്. മഫ്തിയിലെത്തിയ പോലീസ് ഉദ്യോഗസ്ഥർ പൊതു സ്ഥലത്തു നിന്നിരുന്ന യുവാക്കളെ മർദിച്ചു. ഇതിന്റെ ദൃശ്യങ്ങൾ ഇവരുടെ ഭർത്താവ് ഫോണിൽ പകർത്തിയിരുന്നു.
തുടർന്ന് പോലീസ് ഇയാളെ പിടികൂടി എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലെത്തിച്ചു. സംഭവമറിഞ്ഞു സ്ഥലത്തെത്തിയ ഷൈമോളെ എസ്എച്ച്ഒ ക്രൂരമായി മർദിക്കുകയായിരുന്നു. തുടർന്ന് ഹൈക്കോടതിയെ സമീപിച്ചതോടെയാണ് സിസിടിവി ദൃശ്യങ്ങൾ യുവതിക്ക് ലഭിച്ചത്.
നിലവിൽ അരൂർ പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒയാണ് പ്രതാപ ചന്ദ്രൻ. ഇയാൾക്കെതിരെ സമാനപരാതികൾ മുമ്പും ഉയർന്നിട്ടുണ്ട്.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് കാലയളവിൽ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായ പോറ്റിയെ കേറ്റിയേ എന്ന പാരഡി ഗാനത്തിനെതിരെ ഡിജിപിക്ക് നല്കിയ പരാതിയില് പ്രാഥമികാന്വേഷണം. പരാതി അന്വേഷണത്തിനായി എഡിജിപിക്ക് കൈമാറി.
വൈറലായ ഗാനത്തിൽ വിശ്വാസത്തെ വ്രണപ്പെടുത്തുന്ന പരാമർശങ്ങൾ ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കും. കേസെടുക്കുന്നതില് ആശയക്കുഴപ്പം ഉണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കേസെടുക്കുന്നതിൽ നിയമോപദേശം തേടും.
ഗാനം അയ്യപ്പ ഭക്തരെ വേദനിപ്പിക്കുന്നതെന്നാണ് പരാതി. രാഷ്ട്രീയലാഭത്തിന് അയ്യപ്പഭക്തരെ അപമാനിക്കുംവിധമുള്ള പാട്ട് പിൻവലിക്കണമെന്നാണ് പരാതിക്കാരനായ തിരുവാഭരണപാത സംരക്ഷണസമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴിക്കാലയുടെ ആവശ്യം.
Kerala
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിധിന്യായത്തിന്റെ വിശദാംശങ്ങൾ വ്യക്തമാക്കുന്ന ഊമക്കത്ത് പ്രചരിച്ച സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസ് ഡിജിപിക്ക് പരാതി നൽകി.
കേസിന്റെ വിധി പ്രസ്താവിക്കുന്നതിന് മുൻപ് വിധിയുടെ വിശദാംശങ്ങൾ ചോർന്നെന്നും അത് ഊമക്കത്തായി പ്രചരിച്ചെന്നുമാണ് ആരോപണം. കഴിഞ്ഞ എട്ടിനാണ് കേസിൽ കോടതി വിധി പറഞ്ഞത്. ഒന്നുമുതൽ ആറുവരെയുള്ള പ്രതികളെ കോടതി കുറ്റക്കാരെന്ന് കണ്ടെത്തി.
എട്ടാം പ്രതി ദിലീപ് അടക്കമുള്ളവരെ വെറുതേവിടുകയും ചെയ്തു. എന്നാൽ വിധി പറയുന്നതിന് ഒരാഴ്ച മുൻപ് തന്നെ വിധിയെക്കുറിച്ചുള്ള വിശദാംശങ്ങൾ ഊമക്കത്തായി പ്രചരിച്ചെന്നാണ് ആരോപണം. ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ ഭാരവാഹികൾക്കടക്കം ഈ ഊമക്കത്ത് ലഭിച്ചിരുന്നു.
Kerala
പത്തനംതിട്ട: ഡിജിപി റവാഡാ ചന്ദ്രശേഖറും കുടുംബവും ശബരിമലയിൽ ദർശനം നടത്തി. ശബരിമലയിൽ എത്തുന്ന ഭക്തർക്ക് സുഗമമായ ദർശനം ഉറപ്പാക്കാൻ വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ഡിജിപി അറിയിച്ചു.
എല്ലാ ദിവസവും 80,000ത്തിനു മുകളിൽ ഭക്തർ സന്നിധാനത്ത് എത്തുന്നുണ്ട്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 85000ത്തിലധികം ഭക്തരാണ് എത്തിയത്. സുരക്ഷ ഉറപ്പാക്കാനും ദർശനം സുഗമമാക്കാനും മികച്ച ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്.
നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിലായി മൂവായിരത്തോളം പോലീസുകാരെ വിന്യസിച്ചിട്ടുണ്ടെന്നും ഡിജിപി പറഞ്ഞു.
Kerala
തിരുവനന്തപുരം: നടി പീഡനത്തിന് ഇരയായ കേസിനെക്കുറിച്ച് നിർണായക വെളിപ്പെടുത്തലുമായി മുൻ ഡിജിപി ടി.പി.സെൻകുമാര്. ശരിയായ തെളിവുകളുടെ അടിസ്ഥാനത്തിലല്ല ദിലീപിനെ പ്രതിയാക്കിയതെന്ന് 2017 ൽ തന്നെ താൻ പറഞ്ഞിരുന്നതായി അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
കേസുകൾ അന്വേഷിക്കേണ്ട രീതി ഇതല്ല. ഒരാളെ പിടികൂടുക, അതിനുശേഷം അയാൾക്കെതിരെ തെളിവുകൾ ഉണ്ടാക്കാൻ ശ്രമിക്കുക, അതിനുവേണ്ടി വ്യാജമായ കാര്യങ്ങൾ ഉണ്ടാക്കുക. ഇങ്ങനെയാണോ കേസ് അന്വേഷിക്കേണ്ടതെന്നും സെൻകുമാര് ചോദിച്ചു. തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസ് അന്വേഷിക്കേണ്ടത്.
അത് ഒരു പ്രീ ഡിസ്പോസ്ഡ് കണ്ടീഷനിൽ ആയിരിക്കരുത് അന്വേഷണ തലവനും അന്വേഷണ സംഘവും. ഓപ്പൺ മൈൻഡോടുകൂടി വേണം കേസ് അന്വേഷിക്കേണ്ടത്. ഈ കേസിൽ മാത്രമല്ല ഇനിയും പല കേസുകളിലും ഇത്തരം കാര്യങ്ങൾ പുറത്തുവരും. അതിൽ ഒന്നായിരിക്കും ആലുവയിൽ ട്രെയിനിൽ നിന്ന് ഒരു സ്ത്രീയെ പുഴയിൽ തള്ളിയിട്ടു കൊന്നുവെന്ന കേസ്.
പോലീസ് ഉദ്യോഗസ്ഥർ സത്യസന്ധർ ആയിരിക്കണം. ഞാൻ അന്വേഷിക്കുന്ന കേസിൽ എല്ലാം ഞാൻ പറയുന്നവരാണ് പ്രതികൾ എന്നല്ല പറയേണ്ടത്. അതിലെ തെളിവുകൾ എന്തെല്ലാമാണ് അതിന്റെ അടിസ്ഥാനത്തിലാണ് കേസ് മുന്നോട്ട് പോകേണ്ടത്. കള്ള തെളിവുകൾ ഒരിക്കലും ഉണ്ടാക്കരുതെന്നും സെൻകുമാര് കൂട്ടിച്ചേര്ത്തു.
Kerala
തിരുവനന്തപുരം: പീഡനക്കേസിൽ ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് വീണ്ടും കുരുക്ക്. ബംഗളൂരു സ്വദേശി കെപിസിസിക്ക് നൽകിയ പരാതി ഡിജിപിക്ക് കൈമാറി. കോൺഗ്രസ് നേതൃത്വത്തിന് ഇമെയിൽ മുഖേനയാണ് യുവതി പരാതി നൽകിയത്.
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി ഉൾപ്പടെയുള്ളവർക്കും യുവതി പരാതി നൽകിയിട്ടുണ്ട്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാണ് പരാതി. കേരളത്തിലെത്തിയ സമയത്ത് പത്തനംതിട്ടയിലെ ഹോട്ടലിൽ എത്തിച്ച് പീഡിപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.
പീഡനത്തിന് ശേഷം രാഹുൽ വിവാഹ വാഗ്ദാനത്തിൽ നിന്നും പിന്മാറിയെന്നും യുവതി ആരോപിക്കുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നിനാണ് യുവതി ഇമെയിൽ മുഖേന പരാതി അയച്ചത്. 2023ൽ സമൂഹമാധ്യമത്തിലൂടെയാണ് രാഹുലുമായി പരിചയപ്പെട്ടതെന്നു യുവതി പറയുന്നു.
തുടർന്ന് രാഹുൽ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് വിവരം ശേഖരിച്ചിരുന്നെങ്കിലും നിയമനടപടിക്ക് തയാറല്ലെന്ന് യുവതി അറിയിക്കുകയായിരുന്നു.
Kerala
കോഴിക്കോട്: കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം നേരിടുന്ന വടകര ഡിവൈഎസ്പി എ.ഉമേഷിനെതിരെ നടപടിവരുന്നു. ഉമേഷിനെതിരായ റിപ്പോര്ട്ട് ഡിജിപി തിങ്കളാഴ്ച സര്ക്കാരിന് നൽകും. ഇതിനുശേഷമായിരിക്കും നടപടിയുണ്ടാവുക.
അതേസമയം ആരോപണ വിധേയനായ ഡിവൈഎസ്പി ഉമേഷ് ശനിയാഴ്ച മുതൽ മെഡിക്കൽ അവധിയിൽ പ്രവേശിച്ചിരിക്കുകയാണ്. ഇസിജിയിൽ വ്യതിയാനം വന്നതിനെതുടര്ന്നാണ് മെഡിക്കൽ അവധിയിൽ പ്രവേശിക്കുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം.
വടക്കഞ്ചേരി സിഐയായിരുന്നപ്പോൾ കസ്റ്റഡിയിലെടുത്ത സ്ത്രീയെ പീഡിപ്പിച്ച് കേസെടുക്കാതെ ഉമേഷ് വിട്ടയച്ചുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. പോലീസെന്ന ഔദ്യോഗിക പദവി ഉമേഷ് ദുരുപയോഗം ചെയ്തുവെന്നും റിപ്പോര്ട്ടിലുണ്ട്.
Kerala
തിരുവനന്തപുരം: യുവതി പീഡനപരാതി നൽകിയതിനു പിന്നാലെ പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. കുറ്റം ചെയ്തിട്ടില്ലെന്ന ബോധ്യമുള്ളടത്തോളം കാലം നിയമപരമായി തന്നെ പോരാടും.
നീതിന്യായ കോടതിയിലും ജനങ്ങളുടെ കോടതിയിലും എല്ലാം ബോധ്യപ്പെടുത്തുമെന്നും രാഹുൽ ഫെയ്സ്ബുക്കിൽ കുറിച്ചു. വാട്സാപ്പ് ചാറ്റുകളും ഓഡിയോ സംഭാഷണങ്ങളും ഉൾപ്പടെയാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.
പരാതി മുഖ്യമന്ത്രി ക്രൈംബ്രാഞ്ചിന് കൈമാറി. ഇന്ന് രാത്രിയോടെ തന്നെ അതിജീവിതയുടെ മൊഴി രേഖപ്പെടുത്തുമെന്നും എഫ്ഐആർ ഇടുമെന്നും സൂചനയുണ്ട്.
നേരത്തെ ഗർഭഛിദ്രം നടത്തിയതുമായി ബന്ധപ്പെട്ട് ശബ്ദരേഖകളും സന്ദേശങ്ങളും ആരോപണങ്ങളും പുറത്തുവന്നപ്പോള് രാഹുല് മാങ്കൂട്ടത്തില് പ്രതിരോധിച്ചത് ഏതെങ്കിലും രീതിയില് പരാതി എനിക്കെതിരെ ഉണ്ടോ, ഉണ്ടെങ്കില് പറയൂ, അതല്ലാതെ എന്നോട് വന്ന് ചോദ്യങ്ങള് ചോദിക്കരുത് എന്നായിരുന്നു. ഹൂ കെയേഴ്സ് എന്നായിരുന്നു രാഹുലിന്റെ ആദ്യ പ്രതികരണം.
Kerala
പത്തനംതിട്ട: ശബരിമലയിൽ ആവശ്യത്തിനു പോലീസുകാരുണ്ടെന്നും തിരക്ക് നിയന്ത്രണവിധേയമാണെന്നും ഡിജിപി റവാഡ ചന്ദ്രശേഖർ. പെട്ടെന്ന് ജനമൊഴുക്ക് വന്നതാണ് പ്രശ്നമായത്. വന്നവർക്കെല്ലാം ദർശനം അനുവദിച്ചതായും ഡിജിപി പറഞ്ഞു.
ഇന്നലെ ഒരു ലക്ഷത്തിന് മുകളിൽ തീർഥാടകർ വന്നു. സാധാരണ ആദ്യ ദിവസങ്ങളിൽ ഇത്രയും തിരക് വരാറില്ല. സ്ത്രീകളുടെയും കുട്ടികളുടെയും എണ്ണം കൂടുതലാണ്. വെർച്ചുൽ ക്യൂ ബുക്ക് ചെയ്ത ദിവസം തന്നെ തീർഥാടകർ വരണമെന്നും ഡിജിപി നിർദേശിച്ചു.
കേന്ദ്ര സേന വൈകാതെ എത്തുമെന്നും പത്തനംതിട്ട കോട്ടയം ജില്ല ഇടത്താവളങ്ങളിൽ തിരക്ക് നിയന്ത്രിക്കുന്നതിനുള്ള നടപടി തുടങ്ങിയെന്നും ഡിജിപി വ്യക്തമാക്കി.