ചെന്നൈ: തമിഴ്നാട് പോലീസ് മേധാവിയെ മാറ്റി ഇലക്ഷൻ കമ്മീഷൻ. ക്രമസമാധാന ചുമതലയുണ്ടായിരുന്ന ഡിജിപി ജി. വെങ്കിട്ടരാമനെ ആണ് മാറ്റിയത്. ഇതിനുപകരമായി സന്ദീപ് റായ് റാത്തോറിനെ ഡിജിപിയായി നിയമിച്ച് ഉത്തരവിട്ടു.
1992 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് സന്ദീപ് റായ് റാത്തോർ. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പോലീസ് നടപടികളുടെ മേൽനോട്ട ചുമതല സന്ദീപ് റായ് റാത്തോറിനായിരിക്കും. ഇലക്ഷൻ കമ്മീഷൻ സെക്രട്ടറി ലത ത്രിപാഠിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
ഇതിനുപുറമേ തമിഴ്നാട്ടിലെ മറ്റ് പോലീസ് തസ്തികകളിലും ഇലക്ഷൻ കമ്മീഷൻ മാറ്റം വരുത്തിയിട്ടുണ്ട്. താംബരം സിറ്റി പോലീസ് കമ്മിഷണറായിരുന്ന എ. അമൽരാജിന് പകരം സഞ്ജയ് കുമാറിനെ നിയമിച്ചു.
ആർ.വി. രമ്യ ഭാരതിയെ കോയമ്പത്തൂർ വെസ്റ്റ് സോൺ ഐജിയായി നിയമിച്ചു. മധുര സിറ്റി പോലീസ് കമ്മീഷണായി അഭിഷേക് ദീക്ഷിതിനെ നിയമിച്ചു.