കൊച്ചി: തൃപ്പൂണിത്തുറയിലെ എന്‍ഡിഎയുടെ ട്വന്റി 20 സ്ഥാനാര്‍ഥി സിനിമാതാരം അഞ്ജലി നായര്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ ഗണപതിഹോമം നടത്തി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടു.
തൃപ്പൂണിത്തുറ കോട്ടയ്ക്കകത്ത് ശ്രീപൂര്‍ണത്രയീശ ക്ഷേത്രത്തിനടുത്തുള്ള ഓഫീസിലാണ് ഇന്ന് രാവിലെ നടി പ്രചാരണത്തിന് ആരംഭം കുറിക്കാനെത്തിയത്. മണ്ഡലത്തിലെ ബിജെപി നേതാക്കളും ഒപ്പമുണ്ടായിരുന്നു.
അതേസമയം, ബിജെപിയുടെ എ ക്ലാസ് മണ്ഡലമായ തൃപ്പൂണിത്തുറ ഘടകകക്ഷിക്ക് വിട്ടുകൊടുക്കുകയും സ്ഥാനാര്‍ഥിയായി സിനിമാ നടി മത്സരിക്കാനെത്തിയതിലും ബിജെപി അണികളില്‍ അസംതൃപ്തി പുകയുകയാണ്. ഇഷ്ടക്കേട് പുറമേയ്ക്ക് കാണിക്കുന്നില്ലെങ്കിലും തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ അത് എങ്ങനെ പ്രതിഫലിക്കുമെന്നത് കണ്ടറിയേണ്ടി വരും.
തൃപ്പൂണിത്തുറ നഗരസഭ ബിജെപി ഭരിക്കുന്ന സാഹചര്യത്തില്‍ ശക്തമായ മത്സരം കാഴ്ച്ചവയ്ക്കാമെന്ന കണക്ക് കൂട്ടലിലായിരുന്ന പ്രവര്‍ത്തകര്‍ക്ക് കനത്ത ആഘാതമായി മണ്ഡലം ഘടകകക്ഷിക്ക് മത്സരിക്കാനായി വിട്ടുകൊടുത്തത്.
അതേസമയം താനൊരു സിനിമാക്കാരിയായി സ്വയം കണ്ടിട്ടില്ലെന്നും തന്നെ അങ്ങനെ കാണരുതെന്നും തൃപ്പൂണിത്തുറയുടെ മകളായി തന്നെ കാണണമെന്നാണ് അഭ്യര്‍ഥനയെന്നും സ്ഥാനാര്‍ഥി പറഞ്ഞു.
Tags : Anjali Nair campaign Tripunithura Twenty20 NDA