കൊച്ചി: പെരുമ്പാവൂരില്‍ പരസ്യമായി ലഹരി വില്‍പ്പന നടത്തിയ യുവതി പിടിയില്‍. ആസാം സ്വദേശി നജ്മ ബീഗത്തെയാണ് പെരുമ്പാവൂര്‍ പോലീസ് പിടികൂടിയത്. ആളുകള്‍ കൂടി നില്‍ക്കുന്ന പരിസരത്ത് എത്തി പരസ്യമായി ലഹരി വില്‍പ്പന നടത്തുന്ന ഇവരുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് പെരുമ്പാവൂര്‍ പോലീസ് എത്തി യുവതിയെ പിടികൂടിയത്. യുവതിയുടെ കൈവശമുണ്ടായിരുന്ന ഹെറോയിനും പോലീസ് പിടികൂടി. ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി പെരുമ്പാവൂര്‍ എഎസ്പി ഹാര്‍ദിക് മീണയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെരുമ്പാവൂരില്‍ വലിയ രീതിയിലുള്ള പരിശോധനകള്‍ നടന്നിരുന്നു.
വ്യാഴാഴ്ചയും പത്ത് അന്യസംസ്ഥാന തൊഴിലാളികളെ പോലീസ് പിടികൂടിയിരുന്നു. യുപി സ്വദേശികളായ നാലു പേരെ നിരോധിത പുകയില ഉത്പന്നങ്ങളുമായാണ് പോലീസ് പിടികൂടിയത്. വിദ്യാര്‍ഥികള്‍ക്കും അന്യസംസ്ഥാന തൊഴിലാളികള്‍ക്കുമാണ് ഇവര്‍ വില്‍പ്പന നടത്തിക്കൊണ്ടിരുന്നത്.
വില്‍പ്പനക്കായി കൊണ്ടു വന്ന ഹെറോയിനുമായി ആറ് ആസാം സ്വദേശികളെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അതേസമയം, ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പെരുമ്പാവൂരില്‍ ജൂണ്‍ 15ന് നേരിട്ടെത്തും.
Tags : Assam arrest drugs Perumbavoor