കൊച്ചി: കൊച്ചി മുസിരിസ് ബിനാലെയുടെ ആറാം പതിപ്പിന് ഇന്നു തുടക്കം. ഇന്ത്യയിലെ ആദ്യത്തേതും ദക്ഷിണേഷ്യയിലെ ഏറ്റവും വലുതുമായ സമകാലിക കലാമേള എന്നറിയപ്പെടുന്ന ബിനാലെയിൽ ഇത്തവണ 25ലധികം രാജ്യങ്ങളിൽനിന്നുള്ള 66 ആർട്ടിസ്റ്റ് പ്രോജക്ടുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
പശ്ചിമകൊച്ചിയിലെയും കൊച്ചി നഗരത്തിലെയും വിവിധ വേദികളിലായി 110 ദിവസങ്ങൾ നീളുന്ന പ്രദർശനം മാര്‍ച്ച് 31ന് സമാപിക്കും. നിഖിൽ ചോപ്രയും എച്ച്എച്ച് ആർട്ട് സ്പേസസും ചേര്‍ന്നാണ് ഇക്കുറി ബിനാലെ ക്യുറേറ്റ് ചെയ്യുന്നത്.
ഇന്ന് ഉച്ചയ്ക്ക് 12ന് ആസ്പിൻവാൾ ഹൗസിൽ മാർഗി രഹിത കൃഷ്ണദാസിന്റെ തായമ്പകയോടെ ബിനാലെ പതാക ഉയർത്തും. മോണിക്ക ഡി മിറാൻഡ, സറീന മുഹമ്മദ് എന്നിവരുടെ അവതരണങ്ങളും ഉണ്ടാകും.
ബിനാലെയുടെ ഉദ്ഘാടനം വൈകുന്നേരം 5.30ന് ഫോർട്ട്കൊച്ചി പരേഡ് ഗ്രൗണ്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. തുടർന്ന് നേഹ നായർ, രശ്മി സതീഷ്, ഷഹബാസ് അമൻ എന്നിവർ നയിക്കുന്ന ശങ്ക ട്രൈബിന്റെ സംഗീതപരിപാടി അരങ്ങേറും.
കണ്ടുതീർക്കാൻ മൂന്നു ദിവസം വേണം
വേദികൾ വർധിച്ചതിനാൽ ബിനാലെ പൂർണമായി കണ്ടുതീർക്കാൻ സന്ദർശകർക്ക് കുറഞ്ഞത് മൂന്നു ദിവസമെങ്കിലും വേണ്ടിവരുമെന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷന് (കെബിഎഫ്) ചെയർപേഴ്സൺ ഡോ. വി. വേണു പറഞ്ഞു.
വെല്ലിംഗ്ടൺ ഐലൻഡിലെ ഐലൻഡ് വെയർ ഹൗസിലേക്കും ബിനാലെ വേദികൾ വ്യാപിപ്പിച്ചിട്ടുണ്ട്. വാട്ടർ മെട്രോ, ഫെറി, റോഡ് മാർഗങ്ങളിൽ ഇവിടെ എത്തിച്ചേരാം.
ഈയാഴ്ച ഇങ്ങനെ
ഉദ്ഘാടനവാരത്തില് നിരവധി പ്രകടനകലകള്‍, സംവാദം, പ്രഭാഷണങ്ങള്‍, സംഗീത നിശകള്‍ തുടങ്ങിയവ പ്രധാന വേദികളിലും ബിനാലെ അനുബന്ധ വേദികളിലും നടക്കും. വിവിധ വേദികളിലായി മെഹ്ഫിൽ-ഇ-സമ, ദ എഫ്16സ്, നാഞ്ചിയമ്മ ആൻഡ് ടീം എന്നിവരുടെ പരിപാടികൾ ഉണ്ടാകും.
യുവ കേരള ചവിട്ടുനാടക കലാസമിതി അവതരിപ്പിക്കുന്ന ചവിട്ടുനാടകവും മെഹബൂബ് മെമ്മോറിയൽ ഓർക്കസ്ട്രയുടെ ഗാനമേളയും കരിന്തലക്കൂട്ടത്തിന്റെ വട്ടമുടിക്കോലം, തിര, കരിങ്കാളി കോലം തുടങ്ങിയവ ഉള്‍പ്പെട്ട നാടൻ കലാവിരുന്നും ഉണ്ടാകുമെന്ന് സംഘാടകരായ ബോസ് കൃഷ്ണമാചാരി, ബോണി തോമസ്, മറിയം റാം എന്നിവർ അറിയിച്ചു.
മൂന്നു വേദികളിലായി നടക്കും. കേരളത്തിൽനിന്നും വിദേശത്തുനിന്നുമുള്ള 36 കലാകാരന്മാരും കൂട്ടായ്മകളുമാണ് ഇതിൽ പങ്കെടുക്കുന്നത്. ഇൻവിറ്റേഷൻസ് പ്രോഗ്രാം ഇത്തവണ ഏഴു വേദികളിലായി വിപുലമായി നടക്കും.
Tags : Biennale vibe Kochi Muziris Biennale