പാലാ ഐങ്കൊമ്പിൽ അപകടത്തിൽപ്പെട്ട കാർ.
പാലാ: പാലാ- തൊടപുഴ പാതയിൽ ഇന്നു രാവിലെ കാർ തോട്ടിലേക്കു മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ടു പേർക്കു പരിക്കേറ്റു. പാലായിൽനിന്നു തൊടുപുഴയിലേക്കു പോവുകയായിരുന്ന കാർ രാവിലെ പത്തോടെ സംരക്ഷണ കുറ്റികൾ തകർത്തു തോട്ടിലേക്കു മറിയുകയായിരുന്നു. അപകടത്തിൽ വാഹനം ഏതാണ്ട് പൂർണമായി തകർന്നു.
എങ്കിലും യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഏറ്റുമാനൂർ ആർപ്പൂക്കര സ്വദേശികളായ സ്ത്രീയും പുരുഷനുമാണ് വാഹനത്തിൽ ഉണ്ടായിരുന്നതെന്നാണ് സൂചന. പാലാ കൊല്ലപ്പള്ളിക്കടുത്ത് ഐങ്കൊമ്പിലാണ് അപകടമുണ്ടായത്.
ആറു സംരക്ഷണ കുറ്റികൾ തകർത്താണ് കാർ തോട്ടിലേക്കു മറിഞ്ഞത്. അതേസമയം, കാറിലുണ്ടായിരുന്ന യാത്രക്കാരിയുടെ ഒന്നര ലക്ഷം രൂപ വരുന്ന ആപ്പിൾ മൊബൈൽ ഫോൺ കാണാതായി. പരിസരത്തെല്ലാം തെരച്ചിൽ നടത്തിയിട്ടും ഫോൺ കിട്ടിയിട്ടില്ല. വാഹനത്തിന്‍റെ അടിയിൽ ഫോൺ പെട്ടതാണോയെന്ന സംശയവും ഉയർന്നിട്ടുണ്ട്.
Tags : Car Pala accident mobile phone