കണ്ണൂർ: വെനസ്വേലിയൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യയേയും അമേരിക്കൻ സൈന്യം പിടികൂടിയതിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അമേരിക്ക കാണിച്ചത് തെമ്മാടിത്തമാണെന്നും വെനസ്വേലയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വെനസ്വേലയുടെ പ്രസിഡന്റിനെ ആ രാജ്യത്ത് കടന്ന് ആക്രമിച്ച് ബന്ധിയാക്കിയത് എന്ത് നീതിയാണെന്ന് പിണറായി ചോദിച്ചു. രാജ്യത്തിന്റെ അതിർത്തി എവിടെയാണെന്ന ചോദ്യമാണ് ഇതിലൂടെ ഉയരുന്നത്. മുൻകൂട്ടി ആസൂത്രണം ചെയ്ത് രാജ്യത്തിന്റെ ഭരണാധികാരിയെയും ഭാര്യയെയും ബന്ധിയാക്കി.
അമേരിക്കൻ അധിനിവേശത്തിനെതിരെ ലോകമാകെ പ്രതിഷേധം ഉയരണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഒരു രാജ്യത്തിന്റെ പരമാധികാരത്തിൽ അമേരിക്ക കടന്നുകയറിയിട്ടും അതിനെ വിമർശിക്കാത്ത കേന്ദ്ര സർക്കാർ നിലപാടിനെയും പിണറായി വിമർശിച്ചു.
ഇന്ത്യയുടെ ശബ്ദം നേരത്തേ മൂന്നാം ലോക രാജ്യങ്ങൾക്കൊപ്പമായിരുന്നു. സാമ്രാജ്യത്വത്തിന് എതിരായിരുന്നു. എന്നാൽ ഇന്ന് അമേരിക്കൻ അധിനിവേശത്തിനെതിരെ ശബ്ദിക്കാൻ ഇന്ത്യക്ക് കഴിയുന്നില്ലെന്നും പിണറായി പറഞ്ഞു.