ഇരിട്ടി: വയനാട് ദുരിത ബാധിതർക്ക് വീട് നിർമിക്കാൻ കോൺഗ്രസിന് ലഭിച്ച ഫണ്ടിന്റെ കണക്കുമായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ഫണ്ട് സമാഹരണത്തിലൂടെ കെപിസിസിക്ക് ലഭിച്ചത് 5,38,21,632 രൂപയാണെന്ന് സണ്ണി ജോസഫ് പത്രസമ്മേളനത്തിൽ പറഞ്ഞു.
കോൺഗ്രസിന്റെ ഭവന നിർമാണ ഫണ്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തിയത് അടിസ്ഥാനരഹിതമായ ആരോപണമാണ്. പ്രതിപക്ഷ നേതാവിന്റെയും കെപിസിസി പ്രസിഡന്റിന്റെയും ജോയിന്റ് അക്കൗണ്ടിലേക്കാണ് പണം ലഭിച്ചത്.
വയനാട്ടിൽ വീട് നിർമിക്കുന്നതിന് ഭൂമി കിട്ടുന്നതിന് വലിയ കാലതാമസമുണ്ടായി. തോട്ടം ഭൂമി സർക്കാർ ഏറ്റെടുത്ത് നൽകേണ്ടതായിരുന്നു. എന്നാൽ, സർക്കാർ അതിന് തയാറാകാതിരുന്നപ്പോൾ സ്വകാര്യ വ്യക്തികളിൽനിന്നാണ് ഭൂമി വാങ്ങിയത്.
രണ്ട് ഘട്ടങ്ങളിലായി അഞ്ചേക്കർ നാല്പത്തിരണ്ടര സെന്റ് കോൺഗ്രസ് പണം നൽകി വാങ്ങി. ആദ്യഘട്ടത്തിൽ മൂന്നേക്കർ ഇരുപത്തിനാലര സെന്റിന് 3,68,36,388 രൂപയും രണ്ടാംഘട്ടത്തിൽ രണ്ടേക്കർ പതിനെട്ടര സെന്റ് വാങ്ങുന്നതിന് 2,50, 30, 272 രൂപയും കെപിസിസി നൽകി.
യൂത്ത് കോൺഗ്രസ് നടത്തിയ ഫണ്ട് സമാഹരണത്തിൽ ലഭിച്ച 1.05 കോടി കെപിസിസിക്ക് കൈമാറിയിരുന്നു. ഈ രണ്ട് തുകയും തികയാതെ വന്നപ്പോൾ കെപിസിസിയുടെ തനത് ഫണ്ടിൽനിന്ന് 97,51,212 രൂപയും വിനിയോഗിച്ചു.
കണ്ടെത്തിയ ഭൂമിയുടെ രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കാൻ 73,90,958 രൂപ കൂടി വേണം. ഭൂമിയെല്ലാം ലഭ്യമായാൽ കെപിസിസി പ്രഖ്യാപിച്ച വീട് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ചേർന്ന് എഐസിസിയുടെയും കെപിസിസിയുടെയും പങ്കാളിത്തത്തോടെ നിർമിച്ച് നൽകും.
വസ്തുതകൾ ഇതായിരിക്കെ മുഖ്യമന്ത്രി ഉൾപ്പെടെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയാണ്. പാർട്ടി ഫണ്ടും രക്തസാക്ഷി ഫണ്ടും കട്ടവരെയും അയ്യപ്പന്റെ സ്വർണം കൊള്ളയടിച്ചവരെയും സംരക്ഷിക്കുന്ന സിപിഎമ്മും അതിന്റെ മുഖ്യന്ത്രിയും വിലകുറഞ്ഞ ആരോപണങ്ങളാണ് കോൺഗ്രസിനെതിരേ നടത്തുന്നത്.
ദുരന്ത സമയത്ത് സർക്കാരിനൊപ്പം തോളോടു തോൾ ചേർന്ന് പ്രവർത്തിച്ചവരാണ് കോൺഗ്രസുകാർ. കോൺഗ്രസ് ഭരണത്തിലുള്ള ജില്ലാ പഞ്ചായത്തും ഗ്രാമപഞ്ചായത്തും സ്ഥലം എംഎൽഎയും നടത്തിയ പ്രവർത്തനങ്ങൾ ജനങ്ങൾക്കറിയാം. എന്നിട്ടും ദുരിത ബാധിതർക്ക് വാങ്ങിയ ഭൂമിയെ സമരഭൂമിയാക്കാനുള്ള ശ്രമമാണ് ഡിവൈഎഫ്ഐയുടെയും സിപിഎമ്മിന്റെയും ഭാഗത്തുനിന്ന് ഉണ്ടായത്.
വയനാട് ദുരിത ബാധിതർക്കുള്ള ഭവനനിർമാണത്തിന്റേതുൾപ്പെടെ എല്ലാ കാര്യങ്ങളും തുറന്ന സംവാദത്തിന് മുഖ്യമന്ത്രിയെ വെല്ലുവിളിച്ചിട്ടും അത് ഏറ്റെടുക്കാനുള്ള ധൈര്യം കാണിക്കാതെ ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുന്ന സമീപനമാണ് മുഖ്യമന്ത്രിയിൽനിന്ന് ഉണ്ടാകുന്നത്.
കണ്ണൂരിൽ തെരഞ്ഞെടുപ്പ് നീതിപൂർവമാക്കാൻ കേന്ദ്ര- സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർമാർ ഇടപെടണമെന്നും കെപിസിസി പ്രസിഡന്റ് ആവശ്യപ്പെട്ടു. ജില്ലാ കളക്ടർ ഓഫീസർ ഭരണക്ഷിയുടെ ഏജന്റായി പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നും കെപിസിസി പ്രസിഡന്റ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കെപിസിസിക്ക് ലഭിച്ച തുക: 5,38,21,632 രൂപ. (പ്രതിപക്ഷ നേതാവിന്റെയും കെ.പി.സി.സി പ്രസിഡന്റിന്റെയും ജോയിന്റ് അക്കൗണ്ടിലേക്കാണ് ഈ തുക വന്നത്).
യൂത്ത് കോൺഗ്രസ് കൈമാറിയത്: 1.05 കോടി രൂപ.
കെപിസിസി സ്വന്തം ഫണ്ടിൽ നിന്ന് നൽകിയത്: 97,51,212 രൂപ.
ഭൂമി വാങ്ങാൻ ചെലവാക്കിയത്: ഒന്നാം ഘട്ടം (3 ഏക്കർ 24.5 സെന്റ്): 3,68,36,388 രൂപ.
രണ്ടാം ഘട്ടം (2 ഏക്കർ 18.5 സെന്റ്: 2,50,30,272 രൂപ.
ബാക്കി തുക: രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാൻ 73,90,958 രൂപ കൂടി ആവശ്യമാണ്.
Tags : Chief Minister allegations baseless KPCC President Sunny Joseph