തിരുവനന്തപുരം: സഹകരണ സ്ഥാപനങ്ങളില്‍ പൊതു സോഫ്റ്റ്‌വെയര്‍ നടപ്പാക്കാനായി മറ്റു കമ്പനികളെ ഒഴിവാക്കിയെന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം തെറ്റാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.
ഏകദേശം 45 കമ്പനികള്‍ക്ക് കണ്‍സോര്‍ഷ്യം രൂപത്തില്‍ പങ്കെടുക്കാന്‍ അവസരം നല്‍കിയിരുന്നു. സാങ്കേതിക വിലയിരുത്തലില്‍ യോഗ്യമായ കമ്പനിക്ക് ഉയര്‍ന്ന മാര്‍ക്ക് ലഭിക്കുകയും അത് ഹൈക്കോടതി അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. എല്ലാം സുതാര്യമാണ്. ആരോപണം വസ്തുതകളില്ലാത്തതാണ്.
2021ലെ ടെന്‍ഡര്‍ പ്രകാരം 206 കോടി രൂപയ്ക്ക് ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന് ലെറ്റര്‍ ഓഫ് ഇന്‍റന്‍റ് നല്‍കിയിരുന്നെങ്കിലും, 2024 ഒക്ടോബറില്‍ അവര്‍ ഏകപക്ഷീയമായി പിന്മാറി. തുടര്‍ന്ന് 2025 മാര്‍ച്ചില്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പുതിയ ടെന്‍ഡര്‍ ക്ഷണിക്കാന്‍ തീരുമാനിച്ചു.
ഹൈലെവല്‍ കമ്മിറ്റിയുടെ വിശദ പരിശോധനയും നിയമവകുപ്പിന്‍റെ അനുമതിയും ലഭിച്ച ശേഷം ടെക്‌നിക്കല്‍, ഫിനാന്‍ഷ്യല്‍ ബിഡുകള്‍ വിലയിരുത്തി ടെന്‍ഡര്‍ നടപടി പൂര്‍ത്തിയാക്കി. ഹൈക്കോടതിയും ടെന്‍ഡര്‍ നടപടി തുടരാനും വിജയിച്ച ബിഡര്‍ക്ക് അവാര്‍ഡ് നല്‍കാനും അനുമതി നല്‍കി.
പുതിയ പദ്ധതിയില്‍ ഡാറ്റയും സോഴ്‌സ് കോഡും സര്‍ക്കാരിന്‍റെ ഉടമസ്ഥതയില്‍ നിലനില്‍ക്കുന്നുവെന്നതാണ് പ്രധാന പ്രത്യേകത. സഹകരണ മേഖലയില്‍ സോഫ്റ്റ്‌വെയര്‍ വ്യാപിപ്പിക്കാന്‍ ഏകദേശം 1000 കോടി രൂപ ചെലവ് വരുമായിരുന്നു.
ഏകദേശം 23,000 സഹകരണ സംഘങ്ങളിലേക്കും കുറഞ്ഞ ചെലവില്‍ സോഫ്റ്റ്‌വെയര്‍ വ്യാപിപ്പിക്കാന്‍ സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സഹകരണ സോഫ്റ്റ്‌വെയര്‍ പദ്ധതിയില്‍ 700 കോടിയുടെ അഴിമതി നടന്നുവെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ ആരോപണം.
Tags : Chief Minister Ramesh Chennithala software pinarayi vijayan