കാസർകോട്: ശൈശവ വിവാഹം നടത്തിയെന്ന പരാതിയിൽ പെൺകുട്ടിയുടെ പിതാവുൾപ്പെടെ നാല് പേർക്കെതിരെ കേസെടുത്ത് പോലീസ്. തൃക്കരിപ്പൂർ പടന്ന പഞ്ചായത്തിൽ എടച്ചാക്കൈ അഴീക്കാൽ ജുമാ മസ്ജിദിൽ നടന്ന വിവാഹത്തിലാണ് കേസെടുത്തത്.
പടന്ന എടച്ചാക്കൈയിലെ പ്രവാസി ഷബീർ ഷെയ്ഖ് (28), ജുമാമസ്ജിദ് സെക്രട്ടറിയും പടന്ന പഞ്ചായത്തംഗവുമായ പി.കെ. താജുദ്ദീൻ (48), കാനത്ത് ചടങ്ങിനു നേതൃത്വം വഹിച്ച റഹ്മത്തുല്ല മദനി (62) എന്നിവർക്കും പെൺകുട്ടിയുടെ 55 വയസ് പ്രായമുള്ള പിതാവിനുമെതിരെയാണ് കേസെടുത്തത്. ഷബീർ ഷെയ്ഖിനു 16 വയസുള്ള പെൺകുട്ടിയെ വിവാഹം ചെയ്തു കൊടുത്തുവെന്നാണ് പരാതി.
ശൈശവ നിരോധന ഓഫീസർ ബിജി കാഞ്ഞങ്ങാട് ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. കഴിഞ്ഞ 13നു പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മസ്ജിദിൽ വിളിച്ചുവരുത്തി ബന്ധുക്കളുടെയും മസ്ജിദ് ഭാരവാഹികളുടെയും സാന്നിധ്യത്തിൽ കാനത്ത് കല്യാണം നടത്തിയെന്നു കാസർഗോഡ് ചൈൽഡ് ലൈനിൽ പരാതി ലഭിച്ചതോടെയാണ് ജില്ലാ ശിശുക്ഷേമ വികസന വകുപ്പിനു കീഴിലുള്ള ശൈശവ നിരോധന ഓഫീസറുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചത്.
പെൺകുട്ടിയുടെ വയസ് തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ കഴിയാത്തതിനെതുടർന്ന് പെൺകുട്ടിയുടെ കുടുംബം താമസിക്കുന്ന മഹല്ല് കമ്മിറ്റി വിവാഹം നടത്തിക്കൊടുക്കാൻ തയാറായില്ല. തുടർന്നാണ് വരൻ താമസിക്കുന്ന മഹല്ലിൽ കാനത്ത് നടത്തിക്കൊടുത്തത്.
Tags : Child marriage Case filed