x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പപ്പാഞ്ഞികളെ കൊണ്ട് നിറഞ്ഞ് കൊച്ചിയിലെ തെരുവോരങ്ങള്‍

കൊച്ചി ബ്യൂറോ
Published: December 29, 2025 12:12 PM IST | Updated: December 29, 2025 12:12 PM IST

കൊച്ചി: ഫോര്‍ട്ട് കൊച്ചിയില്‍ തിരക്കേറിയതോടെ കൊച്ചിയുടെ തെരുവോരങ്ങളിലും പപ്പാഞ്ഞികളെ കൊണ്ട് നിറഞ്ഞു. പുതുവത്സരം ആഘോഷമാക്കാന്‍ ഫോര്‍ട്ട് കൊച്ചി വരെ കിതച്ചെത്തേണ്ട സ്വന്തം നാട്ടില്‍ തന്നെ ആഘോഷമാക്കാം എന്ന നിലപാടിലാണ് കൊച്ചി നഗരത്തിലെ വിവിധ ക്ലബ്ബുകളും അസോസിയേഷനുകളും. ജില്ലയിലെ പല സ്ഥലങ്ങളിലും നാട്ടുകാരുടെ പപ്പാഞ്ഞികളും പ്രത്യേക ആഘോഷങ്ങളുമാണ് ആരംഭിച്ചിരിക്കുന്നത്.

ഏലൂര്‍, തൃക്കാക്കര, ആലങ്ങാട് തുടങ്ങിയ സ്ഥലങ്ങളില്‍ വലിയ ആഘോഷമാണ് നടക്കുന്നത്. ഫോര്‍ട്ട് കൊച്ചിയിലേക്ക് ട്രാഫിക് ബ്ലോക്കുകള്‍ താണ്ടി എത്താനുള്ള പരിമിതി തന്നെയാണ് തങ്ങള്‍ നാട്ടില്‍ തന്നെ പപ്പാഞ്ഞി കത്തിക്കലും പുതുവത്സര ആഘോഷവും തീരുമാനിച്ചത് എന്നാണ് ഏലൂര്‍ യുവകല ക്ലബ്ബ് അംഗമായ അന്‍സാറിന് പറയാനുള്ളത്.

നാട്ടുകാര്‍ക്ക് പുതുവത്സരം ആഘോഷമാക്കാനായാണ് ഈ പരിപാടി ഇവിടെ ആരംഭിച്ചത്. യുവകല എന്ന ക്ലബ്ബിന്‍റെ നേതൃത്വത്തിലാണ് നടത്തുന്നത്. ഫോര്‍ട്ട് കൊച്ചിയിലെ പപ്പാഞ്ഞി കത്തിക്കലിന്‍റെ ഭാഗമായി തന്നെയാണ് ഇവിടെയും ഇങ്ങനൊരു ആഘോഷം ആരംഭിച്ചത്. നാല് വര്‍ഷമായി ഇവിടെ ആഘോഷം ആരംഭിച്ചിട്ട്.

കഴിഞ്ഞ വര്‍ഷം നാട്ടുകാരുടെ പരിപാടികള്‍ ഉണ്ടായിരുന്നു. ഈ വര്‍ഷം അടുത്തുള്ള അമ്പലത്തിലെ ബാലവേദി സംഘടനയുടെ കൈകൊട്ടി കളി, സഞ്ജിത്ത് മാമ്പ്രയുടെ കരോക്ക ഗാനമേള എന്നീ പരിപാടികളുണ്ട്. ഇവിടുത്തെ ആളുകള്‍ തന്നെയാണ് പപ്പാഞ്ഞിയെ കത്തിക്കുന്നത്.

ഫോര്‍ട്ട് കൊച്ചിയിലേക്ക് പോകുമ്പോള്‍ ബ്ലോക്കും തിരക്കും ഒക്കെയായതു കൊണ്ട് ആഘോഷം ഇവിടെ സ്വന്തം നാട്ടില്‍ തന്നെ നടത്താന്‍ തീരുമാനിക്കുകയായിരുന്നു. 35 അംഗങ്ങള്‍ അടങ്ങുന്ന ക്ലബ്ബ് ആണ് യുവകല. ക്ലബ്ബിലെ അംഗങ്ങളും നാട്ടുകാരും സഹകരിച്ചാണ് ആഘോഷത്തിനുള്ള ഫണ്ട് കണ്ടെത്തുന്നത്.

പ്രൈസ് കൂപ്പണ്‍ അടിച്ചും ഫണ്ട് പിരിക്കുന്നുണ്ട്. 30ന് കരോക്കെ ഗാനമേളയും 31ന് കൈകൊട്ടി കളിയുമാണ് ഉണ്ടാവുക. ഇതിനൊപ്പം വെടിക്കെട്ടും ഉണ്ടാവും. പോലീസ് അനുമതിയോടെയാണ് ഇവിടെ പരിപാടി നടത്തുന്നത് എന്നാണ് അന്‍സാറിന്‍റെ വാക്കുകള്‍.

ഫോര്‍ട്ട് കൊച്ചിയിലേക്ക് എത്തുന്നതിന് മുമ്പ് പള്ളുരുത്തിയില്‍ ഒരു വലിയ പപ്പാഞ്ഞി ഒരുങ്ങിയിട്ടുണ്ട്. ഫോട്ടോയും വീഡിയോയും പകര്‍ത്താനായി നിരവധി പേരാണ് ഇവിടെ എത്തുന്നത്. പള്ളുരുത്തി താലൂക്ക് ആശുപത്രിക്ക് അടുത്തുള്ള ടിപി ഗ്രൗണ്ടിലാണ് ഈ പപ്പാഞ്ഞിയുള്ളത്. മാനുകള്‍ വലിക്കുന്ന മഞ്ഞുവണ്ടിയില്‍ ഇരിക്കുന്ന സാന്താക്ലോസിന്‍റെ രൂപത്തിലുള്ള പപ്പാഞ്ഞിയാണ് ഇവിടുത്തെ ആകര്‍ഷണം.

43 അടി ഉയരമുള്ള പപ്പാഞ്ഞിയെയാണ് തൃക്കാക്കരയില്‍ ഒരുക്കിയിട്ടുള്ളത്. പുതുവത്സര ആഘോഷത്തിന് മുന്നോടിയായി ആലങ്ങോട് പഴന്തോട് ഗ്രൗണ്ടില്‍ പത്ത് ദിവസത്തെ ഫെസ്റ്റും നടക്കുന്നുണ്ട്. ഇവിടെയും ഭീമനൊരു പപ്പാഞ്ഞിയെ ഒരുക്കിയിട്ടുണ്ട്. ഡിസംബര്‍ 20 മുതല്‍ 30 വരെ നീണ്ടു നില്‍ക്കുന്ന ഫെസ്റ്റ് ആണിത്.

ആലങ്ങാട്-പഴന്തോട് കള്‍ച്ചറല്‍ സൊസൈറ്റിയുടെ നേതൃത്വത്തിലും വിവിധ റസിഡന്‍റ്സ് അസോസിയേഷന്‍റെയും സംഘടനകളുടെയും സഹകരണത്തോടെയുമാണ് ഫെസ്റ്റ് നടക്കുന്നത്. ഗാനമേള, കലാസന്ധി, മെന്‍റലിസം, തിരുവാതിര, നാടന്‍പാട്ട്, ക്ലാസിക്കല്‍ നൈറ്റ്‌സ് തുടങ്ങി വിവിധ പരിപാടികളാണ് ഈ പത്ത് ദിവസവും നടക്കുന്നത്.

Tags : Christmas New Year celebration Kochi

Recent News

Corehub Up