തുറവൂർ: തുറവൂർ താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്‍റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഉണ്ടായ പ്രതിഷേധത്തിനിടെയുണ്ടായ സംഘർഷത്തിൽ ജനപ്രതിനിധികൾക്ക് പരിക്കേറ്റു.
പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സി.കെ. രാജേന്ദ്രൻ, സ്റ്റാൻഡിംഗ് കൗൺസിൽ ചെയർമാന്മാരായ ഗൗരീശൻ, സിമിൽ, കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് തങ്കച്ചൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. മുഴുവൻപണിയും പൂർത്തീകരിക്കാതെ തുറവൂർ താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുന്നതിനെതിരേ കോൺഗ്രസിന്‍റെ നേതൃത്വത്തിൽ വായ് മൂടിക്കെട്ടി പ്രതിഷേധം നടത്തിരുന്നു.
ഇതിനിടെ സമ്മേളനത്തിന്‍റെ സ്വാഗതപ്രാസംഗികനായ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സി.കെ. രാജേന്ദ്രൻ പൂർണമായി പൂർത്തീകരിക്കാതെ ആശുപത്രി കെട്ടിടം ഉദ്ഘാടനം ചെയ്യുന്നതിനെതിരെ പ്രസംഗിച്ചു.
അതിനുശേഷം സ്റ്റേജിൽ നിന്ന് ഇറങ്ങുമ്പോഴാണ് ജനപ്രതിനിധികളെ ഒരു കൂട്ടം സിപിഎം പ്രവർത്തകർ ആക്രമിച്ചത്. മാരകായുധങ്ങളുമായുള്ള ആക്രമത്തിൽ ഇവർക്ക് പരിക്കേൽക്കുകയായിരുന്നു. കോൺഗ്രസ് പ്രവർത്തകരുടെ പരാതിയെ തുടർന്ന് കുത്തിയതോട് പോലീസ് കേസെടുത്തു.
Tags : Clashes Thuravoor Taluk Hospital