തിരുവനന്തപുരം: നിയമസഭ സ്പീക്കറായി തിരഞ്ഞെടുത്ത തിരുവഞ്ചൂർ രാധാകൃഷ്ണനെ അഭിനന്ദിച്ച് മുഖ്യമന്ത്രി വി.ഡി.സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും. തിരുവഞ്ചൂർ പ്രിയങ്കരനായ ജ്യേഷ്ഠ സഹോദരനാണ്. ഒരു നിയമസഭാ സാമാജികൻ എങ്ങനെ നിയോജകമണ്ഡലത്തിലും സഭയിലും പ്രവർത്തിക്കണമെന്നതിന് ഉത്തമ മാതൃകയാണ് അദ്ദേഹമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ മൂന്നര പതിറ്റാണ്ട് കാലം സഭയിലെ അംഗമായി പ്രവർത്തിച്ചു. എല്ലാ വകുപ്പുകളെ കുറിച്ചും കൃത്യമായ ഗ്രാഹ്യമുണ്ട്. ജനഹിതം അനുസരിച്ച് തീരുമാനമെടുക്കാൻ കഴിയുന്നയാളാണ് തിരുവഞ്ചൂരെന്നും മുഖ്യമന്ത്രി പറഞ്ഞു.
യുവജന രാഷ്ട്രീയ കാലത്ത് തീപ്പൊരിയായിരുന്ന നേതാവായിരുന്നു. താൻ വിദ്യാർഥിയായിരിക്കെ അദ്ദേഹത്തിനു വേണ്ടി മുദ്രാവാക്യം വിളിച്ചത് ഇന്നും ഓർക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
സുദീർഘമായ പ്രവർത്തന പരിചയമാണ് തിരുവഞ്ചൂരിന്റേതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു. വിവിധ വകുപ്പുകളുടെ ചുമതല വഹിച്ച അനുഭവമുണ്ട്.
വൈവിധ്യമാർന്ന അനുഭവ പശ്ചാത്തലമാണ് തിരുവഞ്ചൂരിന്റത്. വിദ്യാർഥി കാലഘട്ടം മുതലുള്ള രാഷ്ട്രീയ അനുഭവം സഭയിലെ ഇടപെടലുകൾക്കും പ്രേരകമാകട്ടെയെന്നും പിണറായി പറഞ്ഞു. ബാറ്റിംഗ് സൈഡ് നിയമിച്ച അമ്പയർ ആയി സ്പീക്കർ മാറാതിരിക്കട്ടെയെ നിഷ്പക്ഷമായി പ്രവർത്തിക്കുമെന്നാണ് പ്രതീക്ഷയെന്നും പിണറായി കൂട്ടിച്ചേർത്തു.
Tags : vd satheesan pinarayi vijayan