തിരുവനന്തപുരം: നിയമസഭയിലെ പ്രതിപക്ഷ ഉപനേതൃപദവിയെച്ചൊല്ലിയുള്ള സിപിഎം- സിപിഐ തർക്കം കത്തുന്നു. പ്രതിപക്ഷ ഉപനേതൃപദവി സിപിഐയ്ക്കു നൽകിയില്ലെങ്കിൽ ഇടതുമുന്നണിയിൽ സിപിഐയ്ക്കു നൽകിയിട്ടുള്ള സ്ഥാനങ്ങളെല്ലാം ഒഴിയുന്നതും പാർട്ടി ആലോചിക്കുന്നു. നിയമസഭയിൽ സിപിഐയ്ക്കു ഇടതു മുന്നണി നൽകിയിട്ടുള്ള മറ്റു സ്ഥാനങ്ങളും ഏറ്റെടുക്കേണ്ടതില്ലെന്നാണ് തീരുമാനം.
പ്രതിപക്ഷ ഉപനേതൃപദവി സിപിഐ നിയമസഭാ കക്ഷി നേതാവ് കെ. രാജന് നൽകണമെന്ന് ആവശ്യപ്പെട്ടു കഴിഞ്ഞ ദിവസം സിപിഐ സിപിഎമ്മിനു കത്തു നൽകിയിരുന്നു. പ്രതിപക്ഷ ഉപനേതൃ പദവി സിപിഐയ്ക്കു നൽകാതെ എൽഡിഎഫ് നിയമസഭാ കക്ഷി യോഗം വിളിച്ചു ചേർക്കേണ്ടതില്ലെന്ന ആവശ്യമാണ് ഇതിൽ ഉന്നയിച്ചിരുന്നത്.
പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് പിണറായി വിജയൻ വന്നതിനു പിന്നാലെ പ്രതിപക്ഷ ഉപനേതൃപദവി സിപിഐ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, സിപിഐ ആവശ്യം തള്ളി, സിപിഎം കേന്ദ്ര കമ്മിറ്റിയംഗവും മുൻ ധനമന്ത്രിയുമായ കെ.എൻ. ബാലഗോപാലിനെ പ്രതിപക്ഷ ഉപനേതൃസ്ഥാനത്ത് എത്തിക്കാനായിരുന്നു പാർട്ടി നീക്കം. ഇതാണ് സിപിഐയെ പ്രകോപിച്ചത്.
പ്രതിപക്ഷ ഉപനേതൃപദവിയുണ്ടായ കാലം മുതൽ സിപിഎമ്മാണ് ഇതു കൈവശം വച്ചിരുന്നതെന്ന ന്യായമാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞത്. സിപിഐയുടെ ആവശ്യം കീഴ്വഴക്കങ്ങളുടെ ലംഘനമാണ്. ഇതു ചർച്ചയിലൂടെ പരിഹരിക്കുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
Tags : CPM CPI Deputy Leader Assembly