കോട്ടയം: പുന്നപ്ര വയലാറും രക്തസാക്ഷിത്വങ്ങളും ഐതിഹാസിക സമരങ്ങളും ചെങ്കൊടിയില്‍ അടയാളമാക്കിയ ആലപ്പുഴയിലെ കമ്യൂണിസ്റ്റ് ഗോദയില്‍നിന്ന് ജി. സുധാകരനെന്ന അതികായന് പുറത്തു ചാടി. ആലപ്പുഴ തീരമേഖലകളില്‍ ആറു പതിറ്റാണ്ടിന്റെ ജനകീയ അടിത്തറയുള്ള സഖാവാണ് സുധാകരന്.
‘ഉണ്ണി മകനെ മനോഹരാ’, ‘ ആരാണ് നീ ഒബാമ’, ‘ സന്നിധാനത്തിലെ കഴുതകള്‍’, ‘ കനല്‍വഴിയില്‍ കരിപുരളാതെ’ എന്നിവയൊക്കെ ജി. സുധാകരന തൂലികയിലും നാവിലും എഴുതപ്പെട്ട കവിതകളാണ്. കുറെക്കാലമായി തന്റെ കമ്യൂണിസ്റ്റ് പാര്‍ട്ടി വഴികളില്‍ കല്ലും കനലും എറിഞ്ഞുകൊണ്ടിരിക്കുന്ന മുതിര്‍ന്ന സഖാക്കളെ ഉന്നമിട്ടാണോ ഈ കവിതകളൊക്കെ മുന്നേ കുറിച്ചതെന്നു തോന്നിപ്പോകും ഈയിടയായി സുധാകരന് നടത്തുന്ന ആത്മരോക്ഷം കേട്ടാൽ.
ആലപ്പുഴയില്‍നിന്നുള്ള ഭാവിമുഖ്യമന്ത്രിയായി അവതരിപ്പിച്ച ഗൗരിയമ്മയെ 1994ല്‍ സിപിഎം പുറത്താക്കിയപ്പോള്‍ ‘ഇഎംഎസേ നിങ്ങള്‍ക്കെന്നെ തോല്‍പ്പിക്കാനാകില്ലെന്ന’ ഗൗരിയമ്മയുടെ വെല്ലുവിളി ഇന്നലെ സുധാകരനും ആവര്‍ത്തിച്ചു. 1996ല്‍ മാരാരിക്കുളത്തെ അച്യുതാനന്ദന്റെ തോല്‍വിയും അടിയൊഴുക്ക് അന്വേഷണങ്ങളും ആലപ്പുഴ സിപിഎം സമ്മേളനത്തില്‍ വിഎസിന്റെ ഇറങ്ങിപ്പോക്കുമൊക്കെയായി ആലപ്പുഴയില്‍ സിപിഎം അഗ്നിപരീക്ഷകളെയാണ് നേരിട്ടിട്ടുള്ളത്.
ഗൗരിയമ്മയ്ക്ക് സംഘടനാപരമായ അച്ചടക്കമില്ലെന്ന് ആരോപിച്ചാണ് ജില്ലാ കമ്മിറ്റിയുടെ അംഗീകാരത്തോടെ 1994 ജനുവരി ഒന്നിന് ഗൗരിയമ്മയെ പുറത്താക്കിയത്. തുടര്‍ന്ന് ഗൗരിയമ്മ രൂപീകരിച്ച ജെഎസ്എസ് കുറെക്കാലം സിപിഎമ്മിന് വെല്ലുവിളിയുയര്‍ത്തി. ബദല്‍രേഖയുടെ പേരില്‍ 1986ല്‍ പുറത്താക്കപ്പെട്ട എം.വി. രാഘവന് രൂപീകരിച്ച സിഎംപിയേക്കാള് അടിത്തറ ആലപ്പുഴയില്‍ ജെഎസ്എസിനുണ്ടായിരുന്നു.
1987ലെ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് പിന്തുണയോടെ സിപിഎം ചെങ്കോട്ടയായ അഴീക്കോട് മണ്ഡലത്തില്‍ രാഘവന് മത്സരിച്ചപ്പോള്‍ രാഘവന് നനഞ്ഞ പടക്കമാവുമെന്നാണ് ഇ.എം.എസ് പരിഹസിച്ചത്. 1389 വോട്ടിന് ഇ.പി. ജയരാജനെ അട്ടിമറിച്ചു രാഘവന് കരുണാകരന് മന്ത്രിസഭയില്‍ സഹകരണ മന്ത്രിയായി.
അമ്പലപ്പുഴയിലെ അണിബലവും യുഡിഎഫ് പിന്തുണയും ചേര്‍ന്നാല്‍ ജി. സുധാകരന് സ്വതന്ത്ര കമ്യൂണിസ്റ്റായി നിയമസഭയിലെത്താനുള്ള സാധ്യത ചെറുതല്ല. 2006 മുതല്‍ 2021 വരെ അമ്പലപ്പുഴയുടെ എംഎല്‍എയായിരുന്ന സുധാകരന് രാഷ്ട്രീയ സത്യസന്ധതയുടെ പ്രതീകമായി ആദരിക്കപ്പെടുന്നു.
2016ല്‍ അമ്പലപ്പുഴയില്‍ 23,000 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ വിജയിച്ചാണ് പൊതുമരാമത്ത് മന്ത്രിയായത്. സിപിഎം വിഭാഗീയത കാലത്ത് വി.എസ്. പക്ഷത്തുനിന്ന് പിണറായി ചേരിയിലെത്തി ആലപ്പുഴ ജില്ലയെ പിണറായിയില്‍ എത്തിച്ചതില്‍ പ്രധാനിയാണ് സുധാകരന്. പില്ക്കാലത്ത് പിണറായി വിജയന് ഉള്‍പ്പെടെ നേതാക്കളെയും പാര്‍ട്ടി നിലപാടുകളെയും ഒളിഞ്ഞും തെളിഞ്ഞും വിമര്‍ശിച്ച് സുധാകരന് അനഭിമതനായി.
അച്യുതാനന്ദന്റെ മാരാരിക്കുളം തോല്‍വിയുടെ ആഘാതം സുധാകരന് ഉള്‍പ്പെട്ട അന്നത്തെ സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റിയാണ് ഏറ്റുവാങ്ങിയത്. 1991 ല്‍ 9,980 വോട്ടുകള്‍ക്ക് വി.എസ്. ജയിച്ച മണ്ഡലമായിരുന്നു മാരാരിക്കുളം.
1996ല്‍ 1965 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസിന്റെ പി.ജെ. ഫ്രാന്‍സിസ് ജയിച്ചു. തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയായിരുന്ന ടി.കെ. പളനിയെ പാര്‍ട്ടിയില്‍ തരംതാഴ്ത്തി. ജി. സുധാകരൻ എന്ന സഖാവിനെതിരേ പാര്‍ട്ടിതല വെട്ടിനിരത്തല്‍ വൈകാനിടയില്ല.
ആലപ്പുഴ: ജില്ലാ കൗൺസിൽ പ്രസിഡന്റ്, എംഎൽഎ, മന്ത്രി എന്നീ നിലകളിൽ പ്രവർത്തിച്ച ജി. സുധാകരൻ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചത് ഏഴുതവണ. നാലു തവണ വിജയിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പ്
(വർഷം, മണ്ഡലം, ഫലം)
1982- കുട്ടനാട് ( 2988 വോട്ടിന് പരാജയം)
1987- അമ്പലപ്പുഴ (124 വോട്ടിന് പരാജയം)
1996- കായംകുളം- (2647 വോട്ടിന് വിജയം)
2001- കായംകുളം (1764 വോട്ടിന് പരാജയം)
2006- അമ്പലപ്പുഴ (11929 വോട്ടിന് വിജയം)
2011- അമ്പലപ്പുഴ (16580 വോട്ടിന് വിജയം)
2016- അമ്പലപ്പുഴ (22628 വോട്ടിന് വിജയം)
Tags : Alappuzha CPM faces G. Sudhakaran