എം.വി.ഗോവിന്ദൻ
തിരുവനന്തപുരം: വന്ദേമാതര വിവാദത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. മുഖ്യമന്ത്രി ആർഎസ്എസിന് പൂർണമായും കീഴടങ്ങിയെന്നും വന്ദേമാതരം മുഴുവൻ ആലപിക്കാൻ ചീഫ് സെക്രട്ടറി ഉത്തരവിറക്കിയത് സർക്കാരിന്റെ നിർദേശപ്രകാരമാണെന്നും അദ്ദേഹം ആരോപിച്ചു.
വന്ദേമാതരമോ ദേശീയഗാനമോ മുഴുവൻ ആലപിച്ചില്ലെങ്കിൽ മൂന്ന് വർഷം തടവ് ലഭിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന നിയമവിരുദ്ധമാണ്. ആലാപനത്തിനിടെ മനഃപൂർവം തടസമുണ്ടാക്കിയാൽ മാത്രമാണ് നിയമനടപടിക്ക് വ്യവസ്ഥയുള്ളതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
ദേശീയ പ്രസ്ഥാനത്തിന്റെ കാലത്തുതന്നെ വന്ദേമാതരത്തിന്റെ ആദ്യ വരികൾ മാത്രം ആലപിച്ചാൽ മതിയെന്ന നിലപാട് കോൺഗ്രസ് സ്വീകരിച്ചിരുന്നു. ആ നിലപാടിൽനിന്ന് മുഖ്യമന്ത്രി വ്യതിചലിക്കുകയാണെന്നും ഗോവിന്ദൻ ആരോപിച്ചു. വന്ദേമാതരം പൂർണമായി ആലപിക്കാത്തവർക്ക് ജയിൽശിക്ഷയുണ്ടാകുമെന്ന തരത്തിലുള്ള പ്രസ്താവന നടത്തുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര നിർദേശം നടപ്പാക്കുക മാത്രമാണ് ചീഫ് സെക്രട്ടറി ചെയ്തതെന്ന മുഖ്യമന്ത്രിയുടെ വാദത്തെയും ഗോവിന്ദൻ വിമർശിച്ചു. ഫെഡറൽ സംവിധാനത്തിൽ സംസ്ഥാന സർക്കാരിന്റെ നയം നടപ്പാക്കേണ്ടത് ചീഫ് സെക്രട്ടറിയുടെ ചുമതലയാണോയെന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറിയെ സർക്കുലർ അയയ്ക്കുന്ന പോസ്റ്റ് ഓഫീസ് ആക്കി മാറ്റുകയാണോയെന്നും ഗോവിന്ദൻ പരിഹസിച്ചു.
പിഎംഎവൈ അർബൻ പദ്ധതിയിൽ കേന്ദ്ര സർക്കാരിന്റെ മുദ്ര ഉപയോഗിക്കാൻ സംസ്ഥാന സർക്കാർ അനുമതി നൽകിയത് ശരിയായ നടപടിയല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എംഡിഎംഎ കേസിൽ അറസ്റ്റിലായ സോഷ്യൽ മീഡിയ കോ-ഓർഡിനേറ്ററെ സംരക്ഷിക്കാൻ മുഖ്യമന്ത്രി തെറ്റായ വിവരങ്ങൾ പറയുകയാണെന്നും ഗോവിന്ദൻ ആരോപിച്ചു.
2023 ഡിസംബർ 10ന് നവകേരള സദസ് പെരുമ്പാവൂരിലെത്തുന്നതിന് മുമ്പുതന്നെ കേസിലെ പ്രതിയായ മുഹമ്മദ് ഹുസൈൻ മുഖ്യമന്ത്രിക്കൊപ്പമുള്ള ചിത്രങ്ങൾ ഉൾപ്പെടെ നിരന്തരം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നുവെന്നാണ് ഗോവിന്ദന്റെ ആരോപണം. പ്രതിയെ മൂന്നോ നാലോ തവണ മാത്രമാണ് കണ്ടിട്ടുള്ളതെന്ന മുഖ്യമന്ത്രിയുടെ വാദം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
Tags : M.V. Govindan V.D. Satheesan CPM Vande Mataram