പ്രതീകാത്മക ചിത്രം
ടെഹ്റാൻ: തങ്ങളുടെ വ്യവസ്ഥകൾ അംഗീകരിക്കാതെ ഹോർമുസ് കടലിടുക്ക് തുറക്കില്ലെന്ന് ഇറാൻ. ഇറാന്റെ പുതിയ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറിയായി ചുമതലയേറ്റ മുൻ ഐആർജിസി കമാൻഡർ ഇൻ ചീഫ് മൊഹ്സെൻ റെസായി ആണ് നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.
ചൈനീസ് അംബാസഡറുമായി കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് മൊഹ്സെൻ റെസായി തങ്ങളുടെ നിലപാട് പരസ്യമാക്കിയത്. ഇറാനെതിരെയുള്ള ഉപരോധവും യുദ്ധവും അവസാനിപ്പിക്കുകയും, ലെബനനിലും ഗാസയിലുമടക്കം മേഖലയിലുടനീളം വെടിനിർത്തലിന് സമ്മതിക്കുകയും ചെയ്യുന്നതുവരെ ഹോർമുസ് കടലിടുക്ക് തുറക്കില്ലെന്നാണ് ഇറാന്റെ പ്രഖ്യാപനം.
അതേസമയം ഹോർമുസ് കടലിടുക്ക് തങ്ങളുടെ അധീനതയിലാണെന്ന് അവകാശപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഹോർമുസ് കടലിടുക്കിന്റെ പൂർണ നിയന്ത്രണം യുഎസ് നാവികസേനയുടെ കീഴിലാണെന്നും തങ്ങൾ അത് കൈവശം സൂക്ഷിക്കുമെന്നും ട്രംപ് പറഞ്ഞു.
ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് ഡോണൾഡ് ട്രംപ് ഇക്കാര്യം അറിയിച്ചത്. ഹോർമുസ് വിഷയത്തിൽ ഇറാന് ഇനി ഒന്നും ചെയ്യാനില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. നിലവിൽ ഇറാന് സ്വന്തമായി ഒരു നാവികസേനയോ വ്യോമസേനയോ ഇല്ലെന്നും ട്രംപ് ആരോപിച്ചു.