മുഖ്യമന്ത്രി വി.ഡി. സതീശൻ.
തിരുവനന്തപുരം: തനിക്കെതിരായ വാർത്തകളും സോഷ്യൽ മീഡിയ പോസ്റ്റുകളും നീക്കം ചെയ്യാൻ മെറ്റയോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. തന്നെ വിമർശിക്കുന്ന പോസ്റ്റുകൾ പോലും നീക്കം ചെയ്യരുതെന്നും പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് മെറ്റയ്ക്ക് കത്തയയ്ക്കാൻ സർക്കാർ തയാറാണെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമ സ്ഥാപനങ്ങൾ നീക്കം ചെയ്ത വാർത്തകൾ തിരിച്ചുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടാൽ സർക്കാരും അവർക്കൊപ്പമുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സിഎംഒ കേരള എന്ന ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജ് ലഭ്യമാക്കണമെന്ന ആവശ്യം മാത്രമാണ് രണ്ട് മാസമായി മെറ്റയോട് ഉന്നയിച്ചിട്ടുള്ളതെന്നും സതീശൻ പറഞ്ഞു.
എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ പരിഹാരമുണ്ടായിട്ടില്ല. മെറ്റയുടെ നയത്തിലെ വ്യത്യാസമാണോ പോസ്റ്റുകൾ നീക്കം ചെയ്യുന്നതിന് കാരണമെന്ന് വ്യക്തമല്ലെന്നും രാജ്യത്തുടനീളം സമാനമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തന്നെ അഭിനന്ദിച്ചുകൊണ്ടുള്ള വാർത്തകളും ദൃശ്യങ്ങളും മാധ്യമങ്ങളുടെ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽനിന്ന് നീക്കം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മത്സ്യത്തൊഴിലാളി മേഖലയിലെ ഇടപെടലിനെ അഭിനന്ദിച്ച് ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ.തോമസ് ജെ.നെറ്റോയുടെ പ്രസംഗവും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ രാഷ്ട്രീയം പറയരുതെന്ന കെസിബിസിയുടെ പോസ്റ്റും നീക്കം ചെയ്തതായി അദ്ദേഹം പറഞ്ഞു. ഷിബു ബേബി ജോണിനൊപ്പം കൊല്ലത്ത് കടലിൽ കാണാതായ ഗൗതം കൃഷ്ണയുടെ വീട് സന്ദർശിച്ച വാർത്തയും മെറ്റ നീക്കം ചെയ്തതായി സതീശൻ വ്യക്തമാക്കി.
തെലങ്കാന, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിമാരുടെ പോസ്റ്റുകളും സമാനമായി നീക്കം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പത്ത് പോസ്റ്റുകൾ നീക്കം ചെയ്താൽ കേരളത്തിലെ മാധ്യമങ്ങളുടെയും സോഷ്യൽ മീഡിയയുടെയും വായ മൂടിക്കെട്ടാമെന്ന് വിശ്വസിക്കുന്ന ഒരു മൂഢനാണോ ഞാൻ? അത്രയും സ്വാധീനം എനിക്ക് മെറ്റയിലുണ്ടോയെന്നും മുഖ്യമന്ത്രി ചോദിച്ചു.
Tags : V.D. Satheesan Chief Minister Kerala Meta social Media Posts