കെഎസ്ആർടിസി ബസിന് നേരെ മുട്ടയെറിഞ്ഞ നിലയിൽ.
തിരുവനന്തപുരം: ഓടുന്ന കെഎസ്ആർടിസി ബസിന് നേരെ മുട്ടയെറിഞ്ഞ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കോഴിക്കോട് നിന്ന് ബംഗളൂരുവിലേക്ക് പോയ കെഎസ്ആർടിസി ഡീലക്സ് ബസ് ബിഡദിക്ക് സമീപം എക്സ്പ്രസ് ഹൈവേയിലൂടെ സഞ്ചരിക്കുമ്പോഴാണ് മുൻവശത്തെ ചില്ലിലേക്ക് മൂന്ന് മുട്ടകൾ എറിഞ്ഞത്.
ഡ്രൈവറുടെ കാഴ്ച തടസപ്പെട്ടതോടെ ബസ് നിർത്തിയതിനാൽ വൻ അപകടം ഒഴിവായി. സംഭവത്തിൽ അട്ടിമറി സംശയിച്ച് കെഎസ്ആർടിസി അധികൃതർ ബിഡദി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. അറുപതിലേറെ യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.
ഇതേ റോഡിൽ സ്വകാര്യ വാഹനങ്ങൾക്കുനേരെയും നേരത്തേ പലതവണ മുട്ടയേറ് ഉണ്ടായിട്ടുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ ആഴ്ച ബംഗളൂരുവിൽനിന്ന് ലോഡുമായി കോഴിക്കോട്ടേക്ക് മടങ്ങുകയായിരുന്ന ലോറിയുടെ ഗ്ലാസിലേക്കും മുട്ട എറിഞ്ഞതായി കോഴിക്കോട് സ്വദേശി നിസാം പറഞ്ഞു.
Tags : KSRTC Bus Egg Attack Police Case karnataka