കൊച്ചി: സിഎംആര്‍എല്‍-എക്സാലോജിക് ഇടപാടില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ വീടുകളില്‍ ഇഡി റെയ്ഡ് നടക്കുന്ന സാഹചര്യത്തില്‍ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് ദീപ്തി മേരി വര്‍ഗീസ്. 'പ്രവാസികള്‍ക്ക് ഇന്ന് ഈദ് മുബാറക്, പിണറായി വിജയന് ഇന്ന് ഇഡി മുബാറക്' എന്നാണ് ദീപ്തി ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
പിണറായി വിജയന്‍റെ വീടുകളിലും സിഎംആര്‍എല്ലിന്‍റെ ഓഫീസുകളിലും അടക്കം 12 ഇടങ്ങളിലാണ് ഒരേസമയം ഇഡി റെയ്ഡ് തുടരുന്നത്. എറണാകുളത്ത് സിഎംഡിആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയുടെ ആലുവയിലെ വീട്ടിലും സിഎംആര്‍എല്ലിന്‍റെ ഓഫീസിലും ഇഡി റെയ്ഡ് തുടരുകയാണ്.
ശശിധരന്‍ കര്‍ത്തയ്ക്ക് ബന്ധമുള്ള കളമശേരിയിലെ നിപുണ ഇന്‍റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന് സ്ഥാപനത്തിലും പരിശോധന നടക്കുന്നുണ്ട്. രാവിലെ ആറു മുതലാണ് ആലുവയിലെ വീട്ടിലും ഓഫീസിലും റെയ്ഡ് ആരംഭിച്ചത്. കര്‍ത്തയുടെ ആലുവയിലെ ശ്രീവത്സം എന്ന വീട്ടില്‍ രണ്ടു വര്‍ഷം മുമ്പും ഇഡിയുടെ പരിശോധന നടന്നിരുന്നു.
ശശിധരന്‍ കര്‍ത്തയുടെ മകന്‍ സിഎംആര്‍എല്ലിന്‍റെ ഡയറക്ടര്‍ ബോര്‍ഡ് അംഗം കൂടിയായ ശരണ്‍ എസ് കര്‍ത്തയെ ചോദ്യം ചെയ്തതായാണ് വിവരം. പിണറായി വിജയനെയും മകള്‍ വീണ വിജയനെയും ഇഡി ചോദ്യം ചെയ്യുന്നുണ്ട്.
എക്‌സാലോജിക്-സിഎംആര്‍എല്‍ ഇടപാടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമുള്ള കേസില്‍ ഇഡിയുടെ അന്വേഷണവും സമന്‍സും സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇഡിക്ക് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.
വീണ വിജയന്‍റെ കമ്പനിക്ക് മാസപ്പടി നല്‍കിയെന്ന കേസിലാണ് ഇഡിയുടെ അന്വേഷണം. സിഎംആര്‍എലില്‍ നിന്ന് എക്‌സാലോജിക് സൊല്യൂഷന്‍സ് സേവനം നല്‍കാതെ 1.72 കോടി രൂപ കൈപ്പറ്റി എന്നാണ് കണ്ടെത്തല്‍. സാമ്പത്തിക ഇടപാട് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്‍റെ പരിധിയില്‍ വരും എന്നാണ് ഇഡിയുടെ വാദം.
Tags : Deepthi Mary Varghese ED Raid Pinarayi Vijayan