തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായത് അപ്രതീക്ഷിത പരാജയമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. തോൽവിയുടെ കാരണങ്ങൾ വിശദമായി വിലയിരുത്തും. മുന്നണിയേയും ജനങ്ങളെയും കേട്ട് തുടർനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇടത് ചരിത്രത്തിൽ ഇതിന് മുൻപും ഇതിൽ കുറഞ്ഞ വോട്ട് ശതമാനം കിട്ടിയിട്ടുണ്ട്. ജനങ്ങൾക്ക് ബോധ്യമാകുന്ന തരത്തിൽ തിരുത്തലുകൾ വരുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയ്ക്ക് ശേഷം ആദ്യമായാണ് എംവി ഗോവിന്ദൻ വാർത്താസമ്മേളനം നടത്തുന്നത്. അതേസമയം മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാതെ ഗോവിന്ദൻ വാർത്താസമ്മേളനം അവസാനിപ്പിക്കുയും ചെയ്തു.
മേയ് ജൂൺ മാസങ്ങളിൽ എല്ലാ ഘടകങ്ങളും വിളിച്ച് ചേർക്കുമെന്നും ഇന്ന് നടന്നത് പ്രാഥമിക പരിശോധനമാത്രമാണെന്നും ഗോവിന്ദൻ പറഞ്ഞു. സഖാക്കൾക്ക് നിർഭയമായും സ്വതന്ത്രമായും അഭിപ്രായം പറയാൻ അവസരം ഒരുക്കും. എല്ലാ കാര്യങ്ങളും കേട്ട ശേഷം കൃത്യമായ വിശകലനം നടത്തി തീരുമാനത്തിലെത്തും.
പരാജയത്തിന്‍റെ കാരണം കണ്ടെത്താൻ പാർട്ടി റിവ്യു നടത്തും. ഇടതുപക്ഷം തിരിച്ച് വരും. ഇടതുപക്ഷം എന്നും ജനപക്ഷത്താണ്. നടത്തുന്നത് വിട്ടുവീഴ്ചയില്ലാത്ത പോരാട്ടമാണ്. പാലക്കാട് ഡിസിക്ക് നേരെ നടത്തിയ കടന്നാക്രമണത്തെ അപലപിക്കുന്നുവെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.
Tags : M.V. Govindan election cpm