തലശേരി: വിവാഹ മോചനക്കേസുമായി ബന്ധപ്പെട്ട് കുടുംബക്കോടതിയിലെത്തിയ സ്വകാര്യ കോളജ് അധ്യാപകൻ കോടതി പരിസരത്ത് വച്ച് എതിർ ഭാഗം അഭിഭാഷകയെ ആക്രമിച്ച് പരിക്കേൽപ്പിച്ചു. തിരുവനന്തപുരം സ്വദേശിനിയും ഇപ്പോൾ കതിരൂർ മൂന്നാം മൈലിൽ താമസക്കാരിയുമായ മുതിർന്ന അഭിഭാഷക പി.വി. സോണിയയാണ് (56) കൈയേറ്റത്തിനിരയായത്.
സംഭവവുമായി ബന്ധപ്പെട്ട് വിളക്കോട്ടൂർ സ്വദേശി കീഴാലി പൊയിൽ വീട്ടിൽ കെ.പി. ദിവാകരനെ (51 ) തലശേരി പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. കുടുംബ കോടതി കൗൺസിലിംഗ് ഹാളിന് പുറത്തെ കാത്തിരിപ്പ് മുറിക്കടുത്ത് സഹപ്രവർത്തകയുമായി സോണിയ സംസാരിച്ചു നിൽക്കെ ദിവാകരൻ അസഭ്യം പറഞ്ഞുകൊണ്ട് മുഖത്തടിക്കുകയും വസ്ത്രത്തിൽ പിടിച്ചു വലിച്ച് തള്ളിയിടുകയുമായിരുന്നു. നിലത്തുവീണ അഭിഭാഷകയുടെ ബോധം നഷ്ടപ്പെട്ടു.
നട്ടെല്ലിനും കഴുത്തിനും മുഖത്തും പരിക്കേറ്റ സോണിയയെ തലശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാഹി എക്സൽ കോളജ് അധ്യാപകനാണ് ദിവാകരൻ. ഭാര്യയുമായി വേർപിരിഞ്ഞ് കഴിയുന്ന ഇയാൾക്കെതിരെ കുടുംബ കോടതിയിൽ വിവാഹ മോചനത്തിനും ജീവനാംശത്തിനുമായി കേസുണ്ട്. ഭാര്യയുടെ കേസ് നടത്തുന്ന വിരോധമാണ് അഭിഭാഷകയെ ആക്രമിക്കാൻ പ്രേരിപ്പിച്ചതെന്നാണ് വിവരം. ഇതിനു മുന്പും ഇയാൾ അഭിഭാഷകയെ ചീത്തവിളിച്ചതായി പരാതിയുണ്ട്.
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ദിവാകരനും ജനറൽ ആശുപത്രിയിൽ ചികിത്സതേടി. അഭിഭാഷക കോടതി വളപ്പിൽ ആക്രമിക്കപ്പെട്ട സംഭവത്തിൽ ബാർ അസോസിയേഷൻ അടിയന്തിര യോഗം ചേർന്ന് പ്രതിഷേധിച്ചു. വിഷയത്തിൽ ഇടപെട്ട് ആവശ്യമായ കർശന നടപടികൾ സ്വീകരിക്കണമെന്ന് പ്രമേയത്തിലൂടെ ജില്ലാ ജഡ്ജ്, ജില്ലാ പോലീസ് മേധാവി, എന്നിവരോട് യോഗം അഭ്യർഥിച്ചു.
അഭിഭാഷകയെ ആക്രമിച്ചയാളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ബാർ അസോസിയേഷൻ ഭാരവാഹികൾ തലശേരി എസ്എച്ച്ഒയെ നേരിൽകണ്ട് ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ പ്രതിഷേധിച്ച് കറുത്ത ബാഡ്ജ് ധരിച്ചാണ് ഇന്ന് അഭിഭാഷകർ കോടതിയിൽ ഹാജരാവുക. രാവിലെ 10.30 ന് പ്രതിഷേധ യോഗവും ചേരും.
Tags : Divorce case Teacher attacks female lawyer