കാഞ്ഞങ്ങാട്: ഫാഷൻ ഗോൾഡ് സ്വർണനിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട വണ്ടിച്ചെക്ക് കേസിൽ മുസ്ലിം ലീഗ് നേതാവും മുൻ എംഎൽഎയുമായ എം.സി. കമറുദ്ദീനെയും ലീഗ് നേതാവ് ടി.കെ. പൂക്കോയ തങ്ങളെയും വെറുതേവിട്ടു.
ഉദുമ പടിഞ്ഞാർ സ്വദേശി മുഹമ്മദ് റഫീഖ് ഹബീബുള്ള നൽകിയ കേസിലാണു പരാതിയിൽ പറഞ്ഞ കാര്യങ്ങൾ നിയമപരമായി തെളിയിക്കാൻ പരാതിക്കാരന് സാധിച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടി ഹൊസ്ദുർഗ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതി ജഡ്ജ് ബാലു ദിനേശ് ഇരുവരെയും വെറുതെ വിട്ടത്.
ഫാഷൻ ഗോൾഡിന്റെ പേരിൽ പരാതിക്കാരനിൽനിന്ന് 20 ലക്ഷം രൂപയുടെ നിക്ഷേപം സ്വീകരിക്കുകയും പിന്നീട് ഇത് തിരികെ നൽകുന്നതിന്റെ പേരിൽ സൗത്ത് ഇന്ത്യൻ ബാങ്ക് കാസർഗോഡ് ശാഖയിൽ നിന്നുള്ള പണമില്ലാത്ത ചെക്ക് നൽകി വഞ്ചിക്കുകയും ചെയ്തുവെന്നായിരുന്നു കേസ്.
എം.സി. കമറുദ്ദീൻ ഉൾപ്പെട്ട ഫാഷൻ ഗോൾഡ് സ്വർണനിക്ഷേപത്തട്ടിപ്പുകേസ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത് ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. നൂറിലധികം കേസുകളാണ് മഞ്ചേശ്വരം എംഎൽഎയായിരുന്ന കമറുദ്ദീനും പൂക്കോയ തങ്ങളടക്കമുള്ള ബിസിനസ് പങ്കാളികൾക്കുമെതിരേ രജിസ്റ്റർ ചെയ്യപ്പെട്ടത്. ഇതേത്തുടർന്ന് ഇവർ മാസങ്ങളോളം ജയിലിലാകുകയും കമറുദ്ദീന് തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെടുകയും ചെയ്തിരുന്നു.
ആദ്യം വിചാരണയ്ക്കെത്തിയ കേസുകളിലൊന്നിലാണ് ഇപ്പോൾ ഇവർക്ക് ആശ്വാസവിധി ഉണ്ടായിരിക്കുന്നത്. കമറുദ്ദീനു വേണ്ടി അഡ്വ.പി.കെ. ചന്ദ്രശേഖരനും പൂക്കോയ തങ്ങൾക്കു വേണ്ടി അഡ്വ.പി.വൈ. അജയകുമാറുമാണ് ഹാജരായത്.
Tags : cheque case Fashion Gold Scam Kamaruddin Pookkoya