x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എഫ്‌സിആര്‍എ നിയമ ഭേദഗതി പുനഃപരിശോധിക്കണം: എംസിഎ സഭാതല സമിതി


Published: April 4, 2026 07:25 PM IST | Updated: April 4, 2026 07:25 PM IST

കല്‍പ്പറ്റ: രാജ്യത്തെ ന്യൂനപക്ഷ സന്നദ്ധ സംഘടനകളുടെയും ക്രൈസ്തവ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തന സ്വാതന്ത്ര്യത്തെയും നിലനില്‍പ്പിനെയും ബാധിക്കുന്ന രീതിയില്‍ കേന്ദ്ര സര്‍ക്കാര്‍ വിദേശ സഹായ നിയന്ത്രണ നിയമ(എഫ്‌സിആര്‍എ) ഭേദഗതി ബില്‍ 2026 കൊണ്ടുവന്നതില്‍ മലങ്കര കാത്തലിക് അസോസിയേഷന്‍(എംസിഎ) സഭാതല സമിതി പ്രതിഷേധിച്ചു.

ബില്‍ വിഭാവനം ചെയ്യുന്ന "ഡെസിഗ്‌നേറ്റഡ് അഥോറിറ്റി' എന്ന സംവിധാനം ജനാധിപത്യ- ഭരണഘടനാ വിരുദ്ധമാണ്. നിശ്ചിതസമയം രജിസ്‌ട്രേഷന്‍ പുതുക്കാന്‍ അപേക്ഷിക്കാതിരിക്കുകയോ അപേക്ഷ നിരസിക്കപ്പെടുകയോ ചെയ്താല്‍ സര്‍ട്ടിഫിക്കറ്റ് അസാധുവായതായി കണക്കാക്കും.

ഇത്തരത്തില്‍ ലൈസന്‍സ് റദ്ദാക്കപ്പെട്ടാല്‍ കോടതിയുടെപോലും മുന്‍കൂര്‍ അനുമതിയോ ഉത്തരവോ ഇല്ലാതെ ആ സംഘടനയുടെ ഭൂമി, കെട്ടിടങ്ങള്‍, വാഹനങ്ങള്‍ ഉള്‍പ്പെടെ സകല ആസ്തികളും ഏറ്റെടുക്കാന്‍ അഥോറിറ്റിക്ക് അധികാരം നല്‍കുന്നതാണ് ബില്‍ വ്യവസ്ഥ. ബില്ലിലെ ആസ്തി വിനിയോഗവുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ ആശങ്കാജനകമാണ്.

സെക്ഷന്‍ 16 എ പ്രകാരം പിടിച്ചെടുക്കുന്ന ആസ്തികള്‍ വില്‍ക്കാനോ മറ്റ് സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് കൈമാറാനോ അഥോറിറ്റിക്ക് അധികാരമുണ്ട്. വില്‍പ്പനയിലൂടെ ലഭിക്കുന്ന തുക കണ്‍സോളിഡേറ്റഡ് ഫണ്ട് ഓഫ് ഇന്ത്യയിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടും.

പതിറ്റാണ്ടുകളായി സാമൂഹിക സേവനത്തിലൂടെയും വിദേശ സഹായ വിനിയോഗത്തിലൂടെയും കെട്ടിപ്പടുത്ത ഇത്തരം ആസ്തികള്‍ ഭരണകൂടം നേരിട്ട് ഏറ്റെടുക്കുന്നത് സ്വാഭാവിക നീതിയുടെ ലംഘനവും സന്നദ്ധ മേഖലയുടെ നിലനില്‍പ്പിന് ഭീഷണിയുമാണ്.

ഏറ്റെടുക്കുന്ന ആസ്തികളില്‍ ആരാധനാലയങ്ങള്‍ ഉണ്ടെങ്കില്‍ അവയുടെ മാനേജ്‌മെന്‍റ് ചുമതല സര്‍ക്കാര്‍ നിശ്ചയിക്കുന്ന വ്യക്തികളെ ഏല്‍പ്പിക്കാമെന്ന വ്യവസ്ഥ സഭയുടെ സ്വതന്ത്രമായ മതപരമായ പ്രവര്‍ത്തനങ്ങളില്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. സെക്ഷന്‍ 16 സി പ്രകാരം പ്രവര്‍ത്തനം നിലയ്ക്കുന്ന സംഘടനകളുടെ ആസ്തികള്‍ നേരിട്ട് ഡിസിഗ്‌നേറ്റഡ് അഥോറിറ്റിയില്‍ നിക്ഷിപ്തമാകുമെന്ന വ്യവസ്ഥ സന്നദ്ധ മേഖലയുടെ സ്വാശ്രയത്വം ഇല്ലാതാക്കുന്നതാണ്.

വിദേശ ഫണ്ടുകള്‍ക്ക് ഏര്‍പ്പെടുത്തുന്ന ഇത്തരം കര്‍ക്കശ നിയന്ത്രണങ്ങള്‍ സ്ഥാപനങ്ങളേക്കാള്‍ ബാധിക്കുന്നത് സമൂഹത്തിലെ അശരണരെയാണ്. എയ്ഡ്‌സ് ബാധിച്ച കുഞ്ഞുങ്ങള്‍, ഓട്ടിസം ബാധിതര്‍, ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്നവര്‍, അനാഥര്‍, അശരണരായ വയോധികര്‍ എന്നിവരെ സംരക്ഷിക്കുന്ന സഭയുടെയും മറ്റ് സന്നദ്ധ സംഘടനകളുടെയം കാരുണ്യ കേന്ദ്രങ്ങളെ ശ്വാസം മുട്ടിക്കുന്ന നടപടിയാണിത്.

അതിനാല്‍, ജനാധിപത്യ മൂല്യങ്ങളെ തകര്‍ക്കുന്ന ഭേദഗതി ബില്ല് കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി പുനഃപരിശോധിക്കണമെന്നും സന്നദ്ധ മേഖലയുടെ ആശങ്കകള്‍ പരിഹരിക്കണമെന്നും സമിതി ആവശ്യപ്പെട്ടു. കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരേയുള്ള ഏത് വെല്ലുവിളിയെയും പ്രതിരോധിക്കാന്‍ സഭയ്‌ക്കൊപ്പം ഉറച്ചുനില്‍ക്കുമെന്നും സമിതി നേതൃത്വം വ്യക്തമാക്കി.

Tags : FCRA FCRA law amendment MCA assembly

Recent News

Corehub Up