തൃശൂർ: തൃശൂരിലെ വെടിക്കെട്ട് പുരയിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ മജിസ്റ്റീരിയൽ അന്വേഷണത്തിന് ജില്ലാ കളക്ടർ ശിഖ സുരേന്ദ്രന് ഉത്തരവിട്ടു. സബ് ഡിവിഷണൽ മജിസ്ട്രേറ്റായ തൃശൂർ ആർഡിഒയ്ക്കാണ് അന്വേഷണത്തിന്റെ ചുമതല.
അപകടത്തിന്റെ കാരണവും അതിന്റെ അനന്തരഫലങ്ങളും വിശദമായി അന്വേഷിക്കണമെന്നും ജില്ലാ കളക്ടറുടെ ഉത്തരവിൽ പറയുന്നു. പരിക്കേറ്റ 23 പേരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടം നടന്ന സമയത്ത് ഏകദേശം 40 പേർ സ്ഥലത്തുണ്ടായിരുന്നു.
ഇവരിൽ ചിലർ വെള്ളം കുടിക്കാൻ പോയ സമയത്താണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിന്റെ യഥാർത്ഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്. ലൈസൻസി മുണ്ടത്തിക്കോട് സതീഷ് ഉൾപ്പെടെയുള്ളവർ ആശുപത്രിയിൽ ചികിത്സയിലാണ്.
തൃശൂർ മെഡിക്കൽ കോളജ് കൺട്രോൾ റൂം തുറന്നെന്നും കളക്ടർ വ്യക്തമാക്കി. കൺട്രോൾ റൂം നമ്പർ: 8075011853. സംഭവ സ്ഥലത്ത് കൂടുതല്‍ പോലീസിനെ വിന്യസിക്കുമെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ പറഞ്ഞു. തിരച്ചിലിന് ഡ്രോണ്‍ സംവിധാനം ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.