തിരുവനന്തപുരം: ഇന്ധനവില വർധനയിലൂടെ ജനജീവിതം ദുഃസഹമാക്കുന്ന കേന്ദ്ര നയങ്ങൾക്കെതിരേയും അതിനെതിരായി മൗനം പാലിക്കുന്ന സംസ്ഥാന സർക്കാരിന്റെ നിലപാടുകൾക്കെതിരേയും നാളെ ജില്ല, ഏരിയ കേന്ദ്രങ്ങളിൽ സിപിഎം ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കേന്ദ്രസർക്കാർ ഓഫീസുകൾക്കു മുന്നിലും തെരഞ്ഞെടുക്കപ്പെട്ട പ്രധാന സ്ഥലങ്ങളിലുമായിരിക്കും പ്രതിഷേധങ്ങൾ നടക്കുക.
കഴിഞ്ഞ മേയ് 15 മുതൽ 25 വരെയുള്ള 11 ദിവസത്തിനിടെ മാത്രം നാലു തവണ പെട്രോൾ, ഡീസൽ വില കൂട്ടി. അന്താരാഷ്ട്ര മാർക്കറ്റിൽ എണ്ണയ്ക്ക് വില കുറഞ്ഞപ്പോൾ അതിന്റെ ഗുണം ജനങ്ങൾക്ക് ലഭിക്കാതിരിക്കാനാണ് കേന്ദ്രസർക്കാർ ഇന്ധന നികുതി കുത്തനെ ഉയർത്തിയത്.
കേന്ദ്രത്തിന്റെ ഈ കൊള്ളയ്ക്ക് സംസ്ഥാന സർക്കാരും കൂട്ടുനിൽക്കുകയാണ്. ഇപ്പോഴത്തെ ഈ വില വർധനവിലൂടെ മാത്രം ലിറ്ററിന് രണ്ടു രൂപയിലധികം വരുമാനം സംസ്ഥാന സർക്കാരിന് ലഭിക്കും. ഇന്ധനവില വർധനയിൽ കേന്ദ്രത്തിനെതിരായി ഒരു വരി പോലും നയപ്രഖ്യാപന പ്രസംഗത്തിൽ ഉൾപ്പെടുത്താൻ സർക്കാർ തയാറായിട്ടില്ല. കേന്ദ്രനയത്തെ പിന്തുണയ്ക്കുന്ന നിലപാടാണ് സംസ്ഥാനം സ്വീകരിക്കുന്നതെന്നും ഗോവിന്ദൻ പറഞ്ഞു.
Tags : Fuel price protest CPM