കൊച്ചി: ആഗോള അയ്യപ്പസംഗമത്തിന്റെ കണക്കുകളില്‍ ഹൈക്കോടതിക്ക് അതൃപ്തി. നിയമപരമായ ഓഡിറ്റിംഗിനായി രേഖകളൊന്നും ഹാജരാക്കിയില്ലെന്ന് കേരള സ്റ്റേറ്റ് ഓഡിറ്റ് ഡിപ്പാര്‍ട്ട്മെന്റ് കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് കോടതി അതൃപ്തി രേഖപ്പെടുത്തിയത്.
ബില്ലുകള്‍ പരിശോധിക്കാന്‍ ദേവസ്വം കമ്മീഷണര്‍, അക്കൗണ്ട്സ് ഓഫീസര്‍, ചീഫ് എന്‍ജിനിയര്‍ എന്നിവരടങ്ങുന്ന ടാസ്ക് ഫോഴ്സിനെ നിയോഗിച്ചിട്ടുണ്ടെന്നും കൂടുതല്‍ സമയം വേണമെന്നുമാണ് ബോര്‍ഡിന്റെ നിലപാട്.
എന്നാല്‍, ഒരു ദിവസത്തെ പരിപാടിക്കായി മൂന്നു മാസത്തിലേറെ സമയം നല്‍കിയിട്ടും കൃത്യമായ കണക്കുകള്‍ ഹാജരാക്കാത്തത് സാമ്പത്തിക അച്ചടക്കമില്ലായ്മയാണെന്ന് കോടതി നിരീക്ഷിച്ചു. തെറ്റായ കണക്കുകളോ വ്യാജ രസീതുകളോ നല്‍കുന്നത് ഗൗരവകരമായ കാര്യമാണ്.
ഇത്തരം സാഹചര്യങ്ങളില്‍ നിശബ്ദത പാലിക്കാന്‍ കോടതിക്കാവില്ല. സ്ഥാപനത്തിന്റെ ഫണ്ട് ദുരുപയോഗം ചെയ്തതായി ബോധ്യപ്പെട്ടാല്‍ ഉത്തരവാദികൾക്കെതിരേ നടപടിയെടുക്കാന്‍ കോടതിക്ക് അധികാരമുണ്ട്. അതിനാല്‍ ബോര്‍ഡ് ആവശ്യപ്പെട്ട കൂടുതല്‍ സമയം അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.
കണക്കുകളില്‍ വ്യക്തത വരുത്തുന്നതിനായി ബോര്‍ഡ് നിയമിച്ച സ്വതന്ത്ര ഓഡിറ്ററായ തിരുവനന്തപുരം ശാസ്തമംഗലം എം.എസ്. വിജയന് ആന്‍ഡ് അസോസിയേറ്റ്സിനെ കേസില്‍ എട്ടാം എതിര്‍കക്ഷിയായി കോടതി ചേര്‍ത്തു.
Tags : Global Ayyappa Sangam Kerala High Court dissatisfied calculation