തിരുവനന്തപുരം: വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് കുറേക്കൂടി ഉത്തരവാദിത്ത പൂർണമായ സമീപനം സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഈ വിഷയം കഴിഞ്ഞ ദിവസം ഉന്നയിച്ചപ്പോൾ സർക്കാർ മാറിയത് കാട്ടാന അറിഞ്ഞിട്ടില്ലെന്ന ലാഘവപൂർണമായ മറുപടിയാണ് വനം മന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായത്.
രണ്ടാഴ്ചക്കുള്ളിൽ ആറു പേരുടെ ജീവനാണ് സംസ്ഥാനത്ത് നഷ്ടപ്പെട്ടത്. ഏറ്റവും ഒടുവിലത്തെ സംഭവം വയനാട്ടിലാണ്. വയനാട് കാട്ടിക്കുളത്ത് രാജുവാണ് ബുധനാഴ്ച കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. എന്നാൽ സംഭവസ്ഥലത്ത് ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരോ ജനപ്രതിനിധികളോ എത്തുന്നതിനോ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനോ ഒരു സംവിധാനവും ഉണ്ടായില്ല എന്ന വിമർശനമാണ് ഉയർന്നു വന്നിട്ടുള്ളത്.
വന്യജീവികൾ ജനവാസ മേഖലയിൽ കടന്നുകയറുന്നത് തടയാനും അക്രമകാരികളെ പിടികൂടാനും തുരത്താനുമൊക്കെയുള്ള സംവിധാനങ്ങളുണ്ട്. ഭരണമാറ്റത്തിന് ശേഷം ഈ രക്ഷാ സംവിധാനങ്ങളുടെ ഫലപ്രദമായ വിന്യാസം ഇല്ലാതായെന്ന് വേണം കരുതാൻ. തുടരേയുള്ള ആക്രമണങ്ങളും ജീവ നഷ്ടവും ഇതിന്റെ കൂടി തെളിവാണ്. അരക്ഷിതരായ ജനങ്ങൾക്ക് ഒപ്പം നിൽക്കുകയും അവർക്ക് ആശ്വാസം പകരുകയും ചെയ്യുക എന്നത് സർക്കാരിന്റെ പ്രാഥമിക ഉത്തരവാദിത്തമാണ്. ഇതിൽനിന്ന് ഒഴിഞ്ഞുമാറുന്ന സമീപനം ജനവിരുദ്ധമാണ്. ഇക്കാര്യത്തിൽ ബന്ധപ്പെട്ടവരുടെ ഇടപെടൽ എത്രയും പെട്ടെന്ന് ഉണ്ടാകണം.
ആക്രമണങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. ഈ കുടുംബങ്ങൾക്ക് അടിയന്തര സഹായം എത്തിക്കണം. വന്യ ജീവി ആക്രമണത്തിൽ കൃഷികൾ നഷ്ടപ്പെട്ടവർക്ക് നഷ്ടപരിഹാരം നൽകണമെന്നും പ്രതിപക്ഷനേതാവ് പിണറായി വിജയൻ ആവശ്യപ്പെട്ടു.