കൊച്ചി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട എറണാകുളം സ്വദേശി എന്‍. രാമചന്ദ്രന് ശ്രദ്ധാഞ്ജലിയര്‍പ്പിച്ച് ജന്മനാട്. ഇടപ്പള്ളി ദേവന്‍കുളങ്ങരയില്‍ അനുസ്മരണ ചടങ്ങുകള്‍ സംഘടിപ്പിച്ചു. രാമചന്ദ്രന്‍റെ ഭാര്യ ഷീലയും, മകള്‍ ആരതിയും ചടങ്ങിന്‍റെ ഭാഗമായി. നാട്ടുകാരും സുഹൃത്തുക്കളും ശ്രദ്ധാഞ്ജലികള്‍ അര്‍പ്പിക്കാനെത്തി.
'കഴിഞ്ഞ വർഷം അച്ഛന്‍ എന്‍റെ കൂടെ ഉണ്ടായിരുന്നു. ഞങ്ങളുടെ കുടുംബത്തിന് ഉണ്ടായ നഷ്ടത്തിന്‍റെ വേദന എപ്പോഴും ഉണ്ടാവും. പക്ഷെ ആ വേദന എനിക്കൊരു ശബ്ദം തന്നു. മോദിജിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അതിന് ഉത്തരവും നല്‍കി. ബ്ലീഡ് ഇന്ത്യ വിത്ത് തൗസൻഡ് കട്ട്‌സ് എന്ന് പറയുന്ന പാക്കിസ്ഥാനു മുന്നില്‍ ഇന്ത്യ കൂടുതല്‍ ശക്തമായി, ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ പ്രതിരോധ സംവിധാനം എന്താണ് എന്ന് കാണിച്ചു'- രാമചന്ദ്രന്‍റെ മകള്‍ ആരതി പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഇതേ ദിവസമാണ് ബൈസരണ്‍വാലിയില്‍ സഞ്ചാരികള്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ത്തത്. സഞ്ചാരികളും പ്രദേശവാസികളും ഉള്‍പ്പെടെ 26 പേര്‍ ആക്രമണത്തില്‍ മരിച്ചു. മേയ് ഏഴിന് പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ക്ക് നേരെ ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന നടപടിയിലൂടെ ഇന്ത്യ തിരിച്ചടിച്ചു.
മകള്‍ക്കും ഭാര്യയ്ക്കും കൊച്ചുമകനുമൊപ്പം അവധി ആഘോഷിക്കാനായാണ് രാമചന്ദ്രന്‍ പഹല്‍ഗാമില്‍ എത്തിയത്. ആക്രമണം നടത്തിയ ഹാഷിം മൂസ, അഫ്ഗാനി, ജിബ്രാന്‍ എന്നിവരെ കഴിഞ്ഞ ജൂലൈയില്‍ സൈന്യം കൊലപ്പെടുത്തി. ഭീകരരെ സഹായിച്ച രണ്ടു തദ്ദേശീയരെ അറസ്റ്റ് ചെയ്തു. സംഭവത്തിനു ശേഷം ജമ്മു കാഷ്മീരിലെ 44 വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചുപൂട്ടി. മിക്കവയും വീണ്ടും തുറന്നെങ്കിലും ബൈസരണ്‍ അടഞ്ഞുകിടക്കുകയാണ്.