തിരുവനന്തപുരം: വോട്ടെടുപ്പു കഴിഞ്ഞു ഇലക്ട്രോണിക്സ് വോട്ടിംഗ് മെഷിനുകളുടെ സുരക്ഷ സംബന്ധിച്ച് വ്യാപക ആശങ്ക ഉയരുന്പോഴും സംസ്ഥാനത്ത് രേഖപ്പെടുത്തിയ വോട്ടുകളുടെ കൃത്യമായ എണ്ണം പുറത്തു വിടാതെ തെരഞ്ഞെടുപ്പു കമ്മീഷൻ.
വോട്ടെടുപ്പു കഴിഞ്ഞു മൂന്നു ദിവസം പിന്നിടുന്പോഴും സംസ്ഥാനത്ത് ഇലക്ട്രോണിക് സ് വോട്ടിംഗ് മെഷീനുകളിൽ രേഖപ്പെടുത്തിയ വോട്ടുകളുടെ എണ്ണം സംബന്ധിച്ച് ഇതുവരെ ഔദ്യോഗികമായി മാധ്യമങ്ങളെ അറിയിക്കാൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയം തയാറായിട്ടില്ല.
ഇലക്ട്രോണിക്സ് വോട്ടിംഗ് മെഷീനുകൾ സ്ട്രോംങ് റൂമുകളിലേക്ക് സീൽ ചെയ്തു മാറ്റുന്പോൾ ഇതിൽ രേഖപ്പെടുത്തിയ വോട്ടുകൾ കൃത്യമായി രേഖപ്പെടുത്തേണ്ടതുണ്ട്. പിന്നീട് വോട്ട് എണ്ണുന്നതിനായി ഇവിഎമ്മുകൾ തുറക്കുന്പോൾ നേരത്തെ പറഞ്ഞിരുന്ന വോട്ടാണോ ഇതിലുള്ളതെന്നും വ്യക്തമാക്കേണ്ടതുണ്ട്.
എന്നാൽ, സംസ്ഥാനത്ത് എത്ര വോട്ടുകൾ രേഖപ്പെടുത്തിയെന്ന മാധ്യമ പ്രവർത്തകരുടെ നിരന്തരമായ ചോദ്യത്തിന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയം ഇനിയും മറുപടി നൽകിയിട്ടില്ല. കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനാണ് ഇതുസംബന്ധിച്ച കണക്കുകൾ അറിയിക്കേണ്ടതെന്നാണ് വിശദീകരണം.
മുൻകാലങ്ങളിൽ വോട്ടെടുപ്പു പൂർത്തിയാകുന്ന അന്നു രാത്രി തന്നെ പോൾ ചെയ്ത വോട്ടുകളുടെ എണ്ണം മാധ്യമങ്ങൾ വഴി ജനങ്ങളെ കൃത്യമായി അറിയിക്കാറുണ്ടായിരുന്നു.
Tags : How many votes box Election Commission disclose votes