കൊച്ചി: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മറൈന്‍ എൻജിനിയേഴ്സ് ഓഫ് ഇന്ത്യയുടെ (ഐഎംഇഐ) നേതൃത്വത്തിൽ കൊച്ചിന് മറൈന്‍ സെമിനാര്‍ (കൊമാര്‍സെം 2026) തുടങ്ങി. കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാള്‍ ഓണ്‍ലൈനായി ഉദ്ഘാടനം നിര്‍വഹിച്ചു.
2047-ഓടെ കപ്പല്‍ നിര്‍മാണത്തിലും ഉടമസ്ഥാവകാശത്തിലും ലോകത്തിലെ അഞ്ചാമത്തെ വലിയ രാഷ്ട്രമായി ഇന്ത്യ മാറുമെന്ന് മന്ത്രി പറഞ്ഞു. ഒരു മാതൃ വ്യവസായമെന്ന നിലയില്‍ കപ്പല്‍ നിര്‍മാണത്തിന് വലിയ തോതിലുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ദേശീയ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താനും കഴിയും. വളര്‍ച്ച സുസ്ഥിരമായിരിക്കണം, സമുദ്ര പരിസ്ഥിതിയുടെ സംരക്ഷണവും ഭാവി തലമുറകള്‍ക്കു സുരക്ഷിതമായ ജീവിത സാഹചര്യങ്ങളും ഉറപ്പാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
താജ് വിവാന്തയിൽ നടക്കുന്ന സെമിനാറിൽ കേന്ദ്ര തുറമുഖ, കപ്പല്‍ ഗതാഗത, ജലപാത മന്ത്രാലയം ജോയിന്റ് സെക്രട്ടറി ആര്. ലക്ഷ്മണന് മുഖ്യപ്രഭാഷണം നടത്തി.
കൊച്ചിന് ഷിപ്യാര്ഡ് സിഎംഡി മധു എസ്. നായര്‍ മുഖ്യാതിഥിയായി. ഐഎംഇഐ കൊച്ചി ബ്രാഞ്ച് ചെയര്മാന് സാജന് പി. ജോണ്‍, ഡിജി ഷിപ്പിംഗ് ചീഫ് സര്‍വേയര്‍ അജിത് കുമാര്‍ സുകുമാരന്‍, കൊച്ചിന് പോര്‍ട്ട് അഥോറിറ്റി ചെയര്‍പേഴ്സണ്‍ ബി. കാശി വിശ്വനാഥന്, ഇന്ത്യന്‍ രജിസ്റ്റര്‍ ഓഫ് ഷിപ്പിംഗ് മാനേജിംഗ് ഡയറക്ടര്‍ പി.കെ. മിശ്ര, ഐഎംഇഐപ്രസിഡന്റ് കൗശിക് സീല്‍ എന്നിവർ പ്രസംഗിച്ചു.
ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിംഗിന്റെ സഹകരണത്തോടെയാണ് കോമര്സെം 2026 സംഘടിപ്പിക്കുന്നത്.
Tags : India shipbuilding Union Minister Sarbananda Sonowal