ജി. സുകുമാരൻ നായർ, വി.ഡി. സതീശൻ
തിരുവനന്തപുരം: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ തന്നെ ഫോണിൽ ബന്ധപ്പെട്ട് കാണമെന്ന് അറിയിച്ചിരുന്നെന്നും പിന്നീട് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ.
ബജറ്റ് തയാറാക്കൽ തിരിക്കിലിരിക്കേ തന്റെ ഫോണിൽ അദ്ദേഹം വിളിച്ചെങ്കിലും ഫോണ് സ്വിച്ച് ഓഫായതിനാൽ ബന്ധപ്പെടാനായില്ല. പിന്നീട് പ്രൈവറ്റ് സെക്രട്ടറിയുടെ ഫോണിൽ വിളിച്ച അദ്ദേഹവുമായി സംസാരിച്ചിരുന്നു.
കുറച്ചു കാര്യങ്ങൾ പറയാനുണ്ടെന്നും കാണാമെന്നുമാണ് അറിയിച്ചത്. കാണാമെന്ന് താനും പറഞ്ഞു. പിന്നീട് രണ്ടോ മൂന്നോ ദിവസം കഴിഞ്ഞപ്പോൾ വാർത്ത വരുന്നു അദ്ദേഹത്തെ കാണാൻ അനുമതി നൽകിയില്ലെന്ന്. അത് അദ്ദേഹം പറഞ്ഞതാണോ എന്ന് അറിയില്ല.
തന്നെ ബന്ധപ്പെടുന്നവരെ ആരെയും കാണേണ്ടതില്ലെന്നു പറഞ്ഞിട്ടില്ല. ഒരിക്കൽ തുഷാർ വെള്ളാപ്പള്ളി ആലുവയിലെ വീട്ടിലെത്തി അഭിനന്ദിച്ചിട്ടു പോയി. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തന്നെ വന്നു കണ്ട് മണ്ഡലത്തിലെ പ്രശ്നങ്ങൾ അടക്കം ശ്രദ്ധയിൽപ്പെടുത്തി.
എത്രയെത്ര ബിഷപ്പുമാരും സമസ്ത നേതാക്കളടക്കമുള്ള മത പുരോഹിതരും തന്നെ കാണാൻ എത്തുന്നു. കൂടുതലും അവരുടെ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പറയുന്നതിന് അടക്കമാണ് എത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കാണാനായി നിരന്തരം ശ്രമിച്ചിട്ടും ഫോണ് എടുക്കാൻ പോലും മുഖ്യമന്ത്രി തയാറായില്ലെന്നു ജി. സുകുമാരൻ നായർ വിമർശിച്ചതിനുള്ള മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
Tags : ChiefMinister NSS SukumaranNair VDSatheesan